പത്തനംതിട്ട: റാന്നി ചിറ്റാറിലെ കർഷകനായ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന് അംഗീകാരം നൽകി വനം വകുപ്പ് തുടർ നടപടികളിലേക്ക് കടക്കുമ്പോൾ തുടരന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് മത്തായിയുടെ ഭാര്യ ഷീബ.

സിബിഐയുടെ റിപ്പോർട്ട് ലഭിച്ചതോടെ തുടർ നടപടികൾക്ക് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദമായി റിപ്പോർട്ട് പഠിച്ച ശേഷം ശിക്ഷണ നടപടികളിലേക്ക് കടക്കുമെന്നാണ് വനം വകുപ്പിലെ ഉന്നതർ നൽകുന്ന സൂചന.

റേഞ്ച് ഓഫിസർ ആർ.രാജേഷ്‌കുമാർ, സെക്ഷൻ ഓഫിസർ എ.കെ.പ്രദീപ്കുമാർ, ജോസ് ഡിക്രൂസ്, ടി.അനിൽകുമാർ, എൻ.സന്തോഷ്‌കുമാർ, വി എം.ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ.ബി.പ്രദീപ്കുമാർ എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

അതേ സമയം കുറ്റപത്രത്തെ നിശിതമായ ഭാഷയിലാണ് ഷീബ എതിർക്കുന്നത്. ആത്മഹത്യയെന്നു പൊലീസ് നിഗമനത്തിലെത്തിയെ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പുകളാണ് സിബിഐ ചുമത്തിയത്. എന്നാൽ, കുറ്റപത്രം നിറയെ പ്രതികൾക്കു രക്ഷപ്പെടാനുള്ള പഴുതകളാണെന്നു ഷീബ പറയുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു സിബിഐ ഡയറക്ടർക്കു ഷീബ കത്തു നൽകി.

കത്തിലെ പരാമർശങ്ങൾ ''ഇരയ്ക്കു നീതി ഉറപ്പാക്കാനല്ല, പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കാനാണ് സിബിഐ കുറ്റപത്രം ശ്രമിക്കുന്നത്. കൊലക്കുറ്റം ചുമത്താനുള്ള എല്ലാ സാഹചര്യ തെളിവുകളും ഉണ്ടായിട്ടും നരഹത്യയിൽ കേസ് ഒതുക്കി. ഇതിൽ പോലും പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അന്വേഷണ ഉദ്യോഗസ്ഥൻ അവശേഷിപ്പിച്ചു. മത്തായിയുടെ ആത്മാവിന് നീതി ഉറപ്പാക്കാൻ 41 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് മൃതശരീരം സംസ്‌കരിച്ചത്. സിബിഐ അന്വേഷണം ഏറ്റെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും വരെ മൃതശരീരത്തിന് കേടു സംഭവിക്കാതെ സൂക്ഷിച്ചു. സിബിഐയുടെ ഭാഗത്തുനിന്ന് നീതി ലഭിക്കും എന്ന ഉറപ്പിലാണ് മത്തായിയെ സംസ്‌കരിച്ചത്.

ഈ വർഷം ജനുവരി 18ന് ആണ് സിബിഐ കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചത്. അഭിഭാഷകരുടെ സഹായത്തോടെ കുറ്റപത്രം പഠിച്ചതിൽ നിന്ന് ഇരയ്ക്ക് അനുകൂലമായ കണ്ടെത്തലുകൾ ഇല്ലെന്നു മനസിലാക്കുന്നു. ഇരയ്ക്ക് നീതി ഉറപ്പാക്കാൻ പുനരന്വേഷണം ആവശ്യമാണ്. സിബിഐയുടെ പ്രതിച്ഛായയ്ക്കും അതാണ് അഭികാമ്യം.

പ്രതികൾ കോടതിയിൽ ജാമ്യം തേടുന്നതിനു മുൻപ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം. അവസാനം ജീവനോടെ ഉണ്ടായിരുന്നത് വനപാലകരുടെ കസ്റ്റഡിയിൽ ആയിരുന്നതിനാൽ തെളിവ് നിയമത്തിലെ ലാസ്റ്റ് സീൻ തിയറി അനുസരിച്ച് കൊലക്കുറ്റം (302) ചുമത്താം എന്നിരിക്കെ മനഃപൂർവമല്ലാത്ത നരഹത്യ (304) ചുമത്തിയത് ദുരൂഹമാണ്. മത്തായിയുടെ മരണത്തിന് ദൃക്‌സാക്ഷികളില്ല.

മരിക്കുന്നതിന് തൊട്ടു മുൻപ് വരെ വനപാകരുടെ കസ്റ്റഡിയിൽ മത്തായിയെ കണ്ടതിനു ദൃക്‌സാക്ഷികളുണ്ട്. എന്നിട്ടും 302 ചുമത്താത്തത് പ്രതികളെ സഹായിക്കാനാണ്. കൊല ചെയ്തിട്ടില്ലെങ്കിൽ പ്രതികൾക്ക് അതു തെളിയിക്കാം എന്നിരിക്കെ, മത്തായിയുടെ മരണം കൊലപാതകമാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം വാദികൾക്കു മേൽ ചുമത്തുന്നതാണ് സിബിഐ കുറ്റപത്രം. കിണറ്റിൽ ഇറങ്ങാൻ അറിയാത്ത ഒരാളെ മർദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ ഇറക്കുന്നത് അപകടത്തിലേക്കു നയിക്കുമെന്ന് ഒപ്പമുള്ള ഉദ്യോഗസ്ഥർക്ക് ബോധ്യമുള്ളതാണ്.

കിണറ്റിൽ വീണാൽ മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ആ പ്രവൃത്തിക്കു മത്തായിയെ നിർബന്ധിച്ചു. മത്തായി ജീവനോടിരുന്നാൽ അനധികൃതമായി തന്നെ കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയാവുന്നതിനാൽ കൊല്ലുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഇത് 302ൽ ഉൾപ്പെടുത്താവുന്ന പ്രവൃത്തികളാണെങ്കിലും സിബിഐ സംഘം ഇക്കാര്യം പരിഗണിച്ചില്ല. ഇപ്പോഴത്തെ കുറ്റപത്രം വാദിഭാഗത്തിന്റെ ജോലികൾ വർധിപ്പിക്കുന്നതാണ്. നരഹത്യ തെളിയിച്ചു ശിക്ഷവാങ്ങി കൊടുക്കേണ്ട വലിയ ഉത്തരവാദിത്തം പ്രോസിക്യൂഷനു മേൽ കെട്ടിവയ്ക്കുകയാണ് കുറ്റപത്രത്തിൽ.

കൊടും വനത്തിൽ ജോലി ചെയ്യാൻ പരിശീലനം ലഭിച്ച വനപാലകർ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിച്ചതായി എവിടെയും പറയുന്നില്ല. കിണറ്റിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചതായും പറയുന്നില്ല. പ്രതികൾ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു ദൃക്‌സാക്ഷികളുണ്ട്. മത്തായിയുടേത് ആത്മഹത്യ ആണെന്ന വനം വകുപ്പിന്റെ വാദം ശരിവയ്ക്കുന്ന ഒരു തെളിവും അവർക്ക് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർക്കു മേൽ കൊലക്കുറ്റം ചുമത്താൻ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും സിബിഐ പരിഗണിച്ചില്ല.

പ്രതികളെ അറസ്റ്റു ചെയ്യാനോ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം ശ്രമിച്ചില്ല. സംഭവ സ്ഥലത്ത് പ്രതികളുമായി തെളിവെടുക്കാനും മെനക്കെട്ടില്ല. മത്തായിയെ മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്ന മൊഴിയും കുറ്റപത്രത്തിലില്ല. മത്തായിയുടെ വീടു കാണിച്ചു കൊടുത്ത അരുൺ സത്യൻ എന്നയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല, മത്തായി കിണറ്റിൽ വീണപ്പോൾ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും നാട്ടുകാരെയും വിവരം അറിയിച്ച ശേഷമാണ് വനപാലകർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടന്ന കുറ്റപത്രത്തിലെ വാചകവും പ്രതികൾക്ക് അനുകൂലമാണ്. ഇത്രയും പഴുതുകളുള്ള കുറ്റപത്രം അംഗീകരിക്കാനാവില്ല''. കേസിൽ പുനരന്വേഷണം അനിവാര്യമായിരിക്കുന്നത് ഈ സാഹചര്യത്തിലാണെന്നും ഷീബ കത്തിൽ പറയുന്നു.

വനം വകുപ്പിന്റെ ക്യാമറ നശിപ്പിച്ച കേസിൽ 2020 ജൂലൈ 28ന് ആണ് മത്തായിയെ വനപാലകർ കസ്റ്റഡിയിൽ എടുത്തത്. മൂന്നു മണിയോടെ കസ്റ്റഡിയിൽ എടുത്ത മത്തായിയെ ആറു മണിയോടെ കുടുംബ വീടിനു സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണം കൊലപാതകമാണെന്ന് ആരോപിച്ച കുടുംബം സംസ്ഥാന പൊലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ചു ഹൈക്കോടതിയിൽ പോയി.

2020 ഓഗസ്റ്റ് 21ന് ആണ് മത്തായി മരണക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയത്. സെപ്റ്റംബർ 4ന് മത്തായിയുടെ ശരീരം സിബിഐയുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു. തുടർന്ന്, 5ന് സംസ്‌കരിച്ചു. അതുവരെയും ശരീരം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ആദ്യം ചിറ്റാർ പൊലീസ് എടുത്ത കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഷീബ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനയിൽ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് രണ്ടു വർഷം മുമ്പാണ്. എന്നാൽ സംസ്ഥാന പൊലീസും വനം വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ മരണം കിണറ്റിൽ വീണെന്നായിരുന്നു നിഗമനം.

അടിമുടി നിയമവിരുദ്ധം

2020 ജൂലായ് 28 ന് മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതു മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് ഇപ്പോൾ സിബിഐയുടെ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിർദ്ദേശം ഉണ്ടായിട്ടുള്ളത്.

മരണപ്പെട്ട പി പി മത്തായി എന്ന പൊന്നുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപായി യാതൊരു വിധ കേസുകളും കുറ്റകൃത്യം സംബന്ധിച്ച് രജിസ്റ്റർ ചെയ്തിരുന്നില്ല, ക്യാമറ നശിപ്പിച്ചു എന്ന ആരോപണത്തിന് പൊലീസിൽ ഫോറസ്റ്റ് അധികൃതർ പരാതി നൽകിയിട്ടില്ല, ക്യാമറ നശിപ്പിച്ച സ്ഥലത്തു വെച്ചു പ്രത്യേകം മഹസർ തയാറാക്കിയിട്ടില്ല, അറസ്റ്റ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ചു, കസ്റ്റഡിയിൽ എടുക്കുന്നതിനു വീട്ടിൽ പ്രവേശിക്കുന്നതിനു രേഖകൾ തയാറാക്കിയില്ല, കസ്റ്റഡിയിൽ എടുത്ത ആളെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കുകയോ രേഖകൾ തയാറാക്കുകയോ ചെയ്തിരുന്നില്ല, ഇതിനു പുറമെ പൊലീസിൽ ഫോറസ്റ്റ് ആക്ട് സെക്ഷൻ 63 പ്രകാരം അറിയിപ്പ് നൽകിയില്ല.

മരണപ്പെട്ട ആൾ നൽകിയതായി അവകാശപ്പെടുന്ന കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയില്ല, ഫോൺ സിം കാർഡ് കണ്ടെത്താൻ വീടിനുള്ളിൽ കയറുന്നതിനു യാതൊരു രേഖകളും തയാറാക്കിയില്ല, സ്വതന്ത്ര സാക്ഷികളെ അറിയിച്ചില്ല, പരിശോധന മെമോ നൽകിയില്ല, അധികാരപ്പെട്ട മേലുദ്യോഗസ്ഥരോട് അനുമതി വാങ്ങിയില്ല, കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ പരിശോധന നടത്തിയില്ല, സുരക്ഷിതത്വം ഉറപ്പാക്കിയില്ല, കോടതിയിൽ കൃത്യത്തിനു ശേഷം ഹാജരാക്കിയ മഹസർ വിവരങ്ങളിൽ നിന്നും ക്യാമറ നശിപ്പിച്ച സംഭവത്തിൽ പങ്കാളിയായിരുന്നതും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനു വിവരം നൽകി എന്ന് പറയുന്നതുമായ ആളുടെ മേൽവിലാസം രേഖപ്പെടുത്തിയിട്ടില്ല.

സംഭവം സംബന്ധിച്ച് ചിറ്റാർ പൊലീസിൽ ആദ്യം ഫോറസ്റ്റ് സ്റ്റാഫ് രേഖാമൂലം വിവരം നൽകിയില്ല, മെമ്മറി കാർഡ് പ്രതി കത്തിച്ചു കളഞ്ഞു എന്നു പറയുമ്പോൾ തന്നെ അവശിഷ്ടങ്ങൾ തെരഞ്ഞു കിണറിനടുത്തു പോയി എന്ന് പറയുന്നത് വിശ്വസനീയം അല്ല, ആൾമറയുള്ള കിണറ്റിൽ ചാടിയതായി പറയുമ്പോൾ തടയാൻ ശ്രമിച്ചതായി പറയുന്നില്ല, തുടങ്ങി നിരവധി കണ്ടെത്തലുകൾ വനപാലകർക്കെതിരെയുള്ള റിപ്പോർട്ടിൽ ഉണ്ടെന്ന് പറയുന്നു. ഇതേ തുടർന്നാണ് വനം വകുപ്പിനു മാനക്കേട് ഉണ്ടാക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം ഉണ്ടായത്.