- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം; അല്ലങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി! ഗുരുത്വം ഇല്ലാത്ത ശിഷ്യനെ കൈവിടാൻ പിപി മുകുന്ദൻ; ബിജെപിയുടെ മുൻ ജനറൽ സെക്രട്ടറിയെ ഇടതു മുഖമാക്കാൻ പിണറായിക്കും മോഹം; 'ഓപ്പറേഷൻ മുകുന്ദേട്ടനുമായി' ശബരിമലയിൽ പ്രതിരോധം തീർക്കാൻ സിപിഎം
കണ്ണൂർ: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന് നേതൃത്വവുമായുള്ള അകൽച്ച മുതലെടുക്കാൻ സിപിഎം നീക്കം. മുകുന്ദനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള സാധ്യതകൾ സിപിഎം ആരായും. ഇതിന് വേണ്ടി ഒകെ വാസുവുമായി അടുത്തു നിൽക്കുന്നവരെ നേതൃത്വം ചുമതലപ്പെടുത്തി. നേരത്തെ ശോഭാ സുരേന്ദ്രൻ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല. ബിജെപി നേതൃത്വവുമായി സഹകരിക്കാനും ശോഭാ സുരേന്ദ്രൻ തിരുമാനിച്ചു. ഈ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ നടത്തിയ പ്രസ്താവന മുകുന്ദനെ വേദനിപ്പിച്ചു. കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.
പാർട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദൻ എന്ന സുരേന്ദ്രന്റെ പരാമർശം മാനസിക വിഷമം ഉണ്ടാക്കിയെന്ന് മുകുന്ദൻ പറഞ്ഞു. പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം. അല്ലങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു. താൻ പ്രർത്തനത്തിലുള്ളപ്പോഴാണ് സുരേന്ദ്രനെ ചുമതലയിൽ കൊണ്ടു വന്നതെന്നും. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പിപി മുകുന്ദൻ പറയുന്നു. പ്രസിഡന്റായി ചുമതലയേൽക്കുന്ന ദിവസം തന്നെ നേരിട്ട് വിളിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചയാളാണ് സുരേന്ദ്രനെന്നും മുകുന്ദൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വോട്ടുകളുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി.
കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കിയില്ലങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനേക്കാൾ പുറകോട്ട് പോകാൻ സാധ്യത ഉണ്ടെന്നും മുകുന്ദൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ വിഷയത്തെക്കുറിച്ച് പ്രതികരിച്ച മുകുന്ദൻ രണ്ട് പേരുടെയും ഭാഗത്ത് പ്രശ്‌നമുണ്ടെന്നാണ് പറഞ്ഞത്. താൻ ഈ ചുമതല ഏറ്റെടുക്കില്ലെന്ന് പറയാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പിപി മുകുന്ദൻ പറഞ്ഞു. ആളുകളെ കൂട്ടി യോജിപ്പിച്ചു പോകാൻ നിലവിലെ നേത്രത്വത്തിന് കഴിയുന്നില്ല, പഴയ നേതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ തീരുമാനിച്ചൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുകുന്ദനുമായി സംസാരിക്കാൻ സിപിഎം തീരുമാനിക്കുന്നതും.
ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയ നേതാവാണ് ഒകെ വാസു. മുകുന്ദനുമായി വ്യക്തിബന്ധവുമുണ്ട്. ഈ സാഹചര്യത്തിലാണ് വാസുവുമായി അടുത്തു നിൽക്കുന്നവരെ മുകുന്ദനുമായി സംസാരിക്കാൻ ചുമതലപ്പെടുത്തുന്നത്. വാസുവുമായി ചേർന്ന് സിപിഎമ്മിൽ എത്തിയ പഴയ ബിജെപിക്കാർക്കാണ് ദൗത്യ ചുമതല. നേരത്തെ കോൺഗ്രസും മുകുന്ദന് വേണ്ടി വല വിരിച്ചിരുന്നു. എന്നാൽ പാർട്ടി മാറാൻ തയ്യാറായില്ല. ഇതിനിടെയാണ് സുരേന്ദ്രനെതിരെ പരസ്യമായി മുകുന്ദൻ രംഗത്ത് വരുന്നത്. ഈ സാഹചര്യം അനുകൂലമാക്കാനാണ് നീക്കം. ശബരിമലയിലും മറ്റും വിശ്വാസികൾക്കൊപ്പം നിന്ന നേതാവാണ് മുകുന്ദൻ. ഈ സാഹചര്യത്തിൽ മുകുന്ദനെ കൂടെ കൂട്ടുന്നത് രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ.
പഴയകാല നേതാക്കളുടെയും പ്രവർത്തകരുടെയും അറിവും അനുഭവവും പുതിയ പ്രവർത്തകരുടെ പ്രസരിപ്പും കൂട്ടിയിണക്കി കൊണ്ടുപോകാൻ കഴിവുള്ള നേതൃത്വമുണ്ടായാൽ ഭാവിയിൽ ബിജെപിക്ക് സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് വിശ്വസിക്കുന്ന നേതാവാണ് പി പി മുകുന്ദൻ. പ്രവർത്തകർക്കിടയിലും സ്വാധീനമുണ്ട്. മുകുന്ദനെ അവഗണിക്കുന്നതിൽ പരിവാറിലുള്ള അതൃപ്തി വോട്ടാക്കി മാറ്റാനാണ് സിപിഎം നീക്കം. ഹിന്ദുത്വ മുഖമായി മുകുന്ദനെ മുമ്പിൽ നിർത്താനും കഴിയും. അതിനിടെ ബിജെപിക്കാരുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് മുകുന്ദൻ. അതിനിടെ സോഷ്യൽ മീഡിയിയിലും മുകുന്ദന് അനുകൂലമായി പ്രതികരണങ്ങൾ എത്തുന്നു. പാർട്ടി വിട്ടു പോകരുതെന്ന അഭ്യർത്ഥനകളാണ് ഇതിൽ ഏറെയും. ഇതിനിടെയാണ് സിപിഎമ്മിന്റെ പുതിയ ആലോചനകളും. ശബരിമലയിൽ പ്രതിരോധം തീർക്കാൻ മുകുന്ദൻ മികച്ച ആയുധമാകുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.
ബിജെപിയെ പരസ്യമായി മുകുന്ദൻ തള്ളി പറയുമോ എന്ന് ഇനിയും വ്യക്തമല്ല. പരിവാറുകാർക്കൊപ്പമാണ് എന്നും മുകുന്ദൻ നിലയുറപ്പിച്ചിട്ടുള്ളത്. എങ്കിലും ബിജെപിയിലെ അവഗണനയിൽ തീർത്തും നിരാശനുമാണ് മുകുന്ദൻ. ബിജെപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മുകുന്ദൻ. എൻ എസ് എസും എസ് എൻ ഡി പിയും അടക്കമുള്ള സമുദായ സംഘടനകളുമായും മുകുന്ദന് അടുത്ത ബന്ധമുണ്ട്. ആർഎസ്എസ് നേതൃത്വവുമായി തെറ്റിയാണ് വർഷങ്ങൾക്ക് മുമ്പ് ബിജെപി നേതൃത്വത്തിൽ നിന്ന് മുകുന്ദൻ മാറുന്നത്. പിന്നീടൊരിക്കലും ഔദ്യോഗിക സ്ഥാനങ്ങൾ മുകുന്ദന് ബിജെപി നൽകിയില്ല.
എന്നാൽ സുരേന്ദ്രൻ പ്രസിഡന്റായതോടെ മാറ്റങ്ങൾ കണ്ടു. സുരേന്ദ്രന്റെ ചുമതലയേൽക്കൽ ചടങ്ങിൽ മുകുന്ദനും എത്തി. എൻഡിഎ ചെയർമാനായി മുകുന്ദൻ എത്തുമെന്നും ഏവരും കരുതി. എന്നാൽ എല്ലാം അഭ്യൂഹങ്ങൾ മാത്രമായി.
മറുനാടന് മലയാളി ബ്യൂറോ