കോഴിക്കോട്: ബിജെപിയുടെ സംസ്ഥാന ഘടകം കോഴിക്കോട്ട് നടക്കുന്ന ദേശീയ നിർവ്വാഹക സമിതിയോഗം ഭംഗിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് മൂന്ന് ദിവസമുണ്ടാകും. അതുകൊണ്ട് തന്നെ ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ ഒരു വിഭാഗം പൂർണ്ണ അതൃപ്തിയിലാണ്. ഏകപക്ഷീയമായി കാര്യങ്ങൾ നടത്തുകയാണ് ബിജെപിയുടെ ഔദ്യോഗിക നേതൃത്വം. പിപി മുകുന്ദനേയും കെ രാമൻപിള്ളയേയും ഇനിയും പാർട്ടിക്ക് പുറത്ത് നിർത്തുന്നത് ഏകപക്ഷീയതയെ അവർ ചോദ്യം ചെയ്യുമെന്നുള്ളതുകൊണ്ടാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പാർട്ടിയെ ഒന്നിച്ചു നിർത്താനാണ് കുമ്മനം രാജശേഖരനെ ബിജെപി അധ്യക്ഷനാക്കിയത്. എന്നാൽ സ്വന്തം ഗ്രൂപ്പുണ്ടാക്കി സ്ഥാനമാനങ്ങൾ വീതിക്കുകയാണ് കുമ്മനം ചെയ്യുന്നതെന്നാണ് ആക്ഷേപം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആർഎസ്എസ് നിലപാട് അംഗീകരിക്കാതെ സ്വന്തം നിലയ്ക്ക് നീങ്ങുന്ന കുമ്മനം, മുകുന്ദന്റേയും രാമൻപിള്ളയുടേയും കാര്യത്തിലും ഇത് തന്നെയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.

ബിജെപിക്കുള്ളിലെ ഭിന്നതകളെ തുടർന്ന് 2006ലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിപി മുകുന്ദൻ വിട്ട് നിന്നത്. കെ രാമൻപിള്ളയും പാർട്ടി വിട്ടു പോയി. എന്നാൽ രണ്ട് വർഷം മുമ്പ് പിപി മുകുന്ദൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. പാർട്ടി വിട്ടു പോയവരെയെല്ലാം തിരികെ കൊണ്ടു വന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടു. എന്നാൽ അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ ഇതിന് അനുകൂലമായ നിലപാട് എടുത്തില്ല. ഇതിനെ തുടർന്ന് വിഭാഗീയ പ്രശ്‌നങ്ങൾ രൂക്ഷമായി. ഇതോടെയാണ് പാർട്ടിക്ക് പുറത്തുള്ള കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കിയത്. വിഭാഗീയത മറന്ന് കുമ്മനം പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മുകുന്ദനും രാമൻപിള്ളയും ബിജെപിയിൽ തിരിച്ചെത്തുമെന്ന സൂചനയുമെത്തി. ജനപക്ഷം എന്ന തന്റെ പാർട്ടിയെ പിരിച്ചുവിട്ട് രാമൻപിള്ള കുമ്മനവുമായി ചർച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് കാലമായതിനാൽ എല്ലാത്തിനും അനുകൂലമായാണ് കുമ്മനം പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ ഗുരുനാഥന്മാരാണ് മുകുന്ദനും രാമൻപിള്ളയും എന്നു പോലും പറഞ്ഞു. എന്നാൽ അതിനപ്പുറം ഒന്നും സംഭവിച്ചില്ല.

ഇതിനിടെയിൽ മുകുന്ദൻ, നേമത്തോ വട്ടിയൂർക്കാവിലോ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമെത്തി. ഇതോടെ മുകുന്ദനെ പുകഴ്‌ത്തി രാജഗോപാലും കുമ്മനവും സജീവമായി. നേമത്തെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും മുകുന്ദനെ പങ്കെടുപ്പിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത നിലപാടിലേക്ക് കുമ്മനം എത്തുകയായിരുന്നു. എന്തുവന്നാലും മുകുന്ദനെ പാർട്ടിയുമായി സഹകരിപ്പിക്കില്ലെന്നാണ് കുമ്മനത്തിന്റെ നിലപാട്. ബിജെപിയുടെ സംസ്ഥാന സമിതിയിൽ പോലും മുകുന്ദനേയോ രാമൻപിള്ളയേയോ ഉൾപ്പെടുത്തിയില്ല. കോഴിക്കോട്ട് ദേശീയ കൗൺസിലുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് പോലും ഇവരെ ക്ഷണിക്കുന്നില്ല. ഒരു തരത്തിലും ബിജെപി വേദിയിൽ മുകുന്ദനെ എത്തിക്കില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം. വി മുരളീധരൻ പുലർത്തുന്നതിനേക്കാൾ ശത്രുതാ മനോഭാവമാണ് മുകുന്ദന്റെ കാര്യത്തിൽ കുമ്മനം എടുക്കുന്നത്. അതിനിടെ കടുത്ത മുകുന്ദൻ അനുയായിയായ എംഎസ് കുമാറിനെ പാർട്ടി വക്താവായും കെ കുഞ്ഞിക്കണ്ണനെ മിഡിയാ സെൽ കൺവീനറുമായും നിയമിച്ചു. മുകുന്ദൻ വിഷയം അടഞ്ഞ അധ്യായമാണെന്നാണ് കുമ്മനം പ്രതികരിക്കുന്നതെന്നാണ് ബിജെപിയിലെ മുതിർന്ന നേതാവ് പ്രതികരിച്ചത്.

മുകുന്ദൻ പാർട്ടിയിൽ എത്തിയാൽ വിഭാഗീയത ശക്തമാകുമെന്നാണ് കുമ്മനം പറയുന്നത്. മുകുന്ദൻ നേതൃനിരയിൽ ഉണ്ടായിരുന്നപ്പോൾ ബിജെപി തികച്ചു കേഡർ സ്വഭാവമുള്ള പാർട്ടിയായിരുന്നു. എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും ശക്തമായ ഗ്രൂപ്പ് പ്രവർത്തനം നടക്കുമായിരുന്നില്ല. എന്നാൽ മുകുന്ദൻ പോയ ശേഷം ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ വന്നു. ഇപ്പോൾ പാർട്ടിയിൽ വാളെടുത്തവരൊക്കെ വെളിച്ചപ്പാടാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയും ഇതിന് തെളിവാണ്. അങ്ങനെ ഗ്രൂപ്പ് വഴക്കിൽപ്പെട്ടുഴലുകയാണ് ബിജെപി. ഈ സാഹചര്യത്തിൽ മുകുന്ദൻ എത്തിയാൽ ഗ്രൂപ്പുണ്ടാകുമെന്ന് പറയുന്നതിൽ അർത്ഥമില്ല. മുതിർന്ന നേതാക്കളെ ഒഴിവാക്കി പാർട്ടിയിലെ നേതാവായി തുടരാനാണ് കുമ്മനം ശ്രമിക്കുന്നത്. മുകുന്ദനെ പാർട്ടിയുമായി സഹകരിപ്പിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടും കുമ്മനം വഴങ്ങാത്തത് ഇതിന് തെളിവാണ്-മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പറഞ്ഞു. മുകുന്ദനേയും രാമൻപിള്ളയേയും പാർട്ടിയിൽ സജീവമാക്കാൻ പറ്റിയ വേദിയാണ് കോഴിക്കോട്ടേത്. എന്നാൽ അത് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് കുമ്മനം ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നു.

ബിജെപിയുടെ വളർച്ചയെ ഗൗരവത്തോടെ സിപിഐ(എം) കാണുകയാണ്. അതുകൊണ്ടാണ് പത്തനംതിട്ടയിൽ എജി ഉണ്ണികൃഷ്ണനെ സിപിഐ(എം) ഉൾക്കൊണ്ടത്. സംസ്ഥാനത്തുടനീളം ഈ മാതൃക സ്വീകരിക്കാനാണ് സിപിഐ(എം) ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയോട് വരാൻ ആഗ്രഹിക്കുന്ന ഒരോരുത്തരേയും അടുപ്പിച്ച് നിർത്തുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചെയ്യേണ്ടത്. എന്നാൽ അടുക്കാൻ ആഗ്രഹിക്കുന്നവരെ പോലും പിണക്കാനാണ് നീക്കം. ഇത് ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തിയാൽ മാത്രമേ ലോക്‌സഭയിലേക്ക് താമര ചിഹ്നത്തിൽ കേരളത്തിൽ നിന്ന് ആളുകളെ ജയിപ്പിക്കാനാകൂ. അല്ലാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവർത്തിക്കാൻ മുകുന്ദനേയും രാമൻപിള്ളയേയും അടുപ്പിച്ച് നിർത്തണമെന്നാണ് ബിജിപിയിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. ഗ്രൂപ്പില്ലാതാക്കനെത്തിയ കുമ്മനവും ഗ്രൂപ്പുമായി മുന്നേറുകയാണെന്ന പരാതിയും ഇവർക്കുണ്ട്. ശബരിമല സ്ത്രീ വിഷയത്തിലെ ചർച്ച ഇതിന് തെളിവാണെന്നാണ് ആക്ഷേപം.

സാധാരണ പാർട്ടി പ്രവർത്തകനായാണ് മുകുന്ദൻ ബിജെപിയിലേക്ക് തിരിച്ചെത്തുന്നതെന്ന് കുമ്മനം രാജശേഖരൻ നേരത്തെ പറഞ്ഞിരുന്നു. ഭാരവാഹിത്വത്തിന്റെ കാര്യത്തിൻ പിന്നീട് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. എന്നാൽ പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം ബിജെപിയിൽ തിരിച്ചെത്തിയ പിപി മുകുന്ദനെ മുതിർന്ന നേതാക്കൾ അവഗണിച്ചു. തിരുവനന്തപുരത്തെ മാരാർജി ഭവനിൽ എത്തിയ മുകുന്ദനെ സ്വീകരിക്കാൻ പ്രമുഖ നേതാക്കൾ എത്തിയില്ല. പ്രവർത്തകർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ബിജെപിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു പിപി മുകുന്ദന്റെ മടങ്ങി വരവിനു സംസ്ഥാന ആർഎസ്എസ് ഘടകം അനുമതി നൽകിയെങ്കിലും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ ചില നേതാക്കൾ എതിർക്കുകയായിരുന്നു. ബിജെപിലേക്ക് മുകുന്ദൻ നിയോഗിക്കപ്പെട്ടത് ആർഎസ്എസ് പ്രചാരകൻ എന്ന നിലയിലായതിനാൽ, പാർട്ടിയിൽനിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആർഎസ്എസ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനു തടസ്സമായത്. എന്നാൽ തെരഞ്ഞെടുപ്പു അടുത്ത സമയത്തു മുകുന്ദനെപ്പോലുള്ള ആളുകളെ മാറ്റിനിർത്തുന്നതു പാർട്ടിക്കു തിരിച്ചടിയാകുമെന്ന് ആരോപണമുയർന്നു. ഈ സാഹചര്യത്തിലായിരുന്നു തിരിച്ചെടുപ്പ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിഭാഗം വീണ്ടും മുകുന്ദനെ തഴയുകയായിരുന്നു.

രാമൻപിള്ളയോട് കുമ്മനത്തിന് പ്രശ്‌നമൊന്നുമില്ല. എന്നാൽ രാമൻപിള്ളയെ എടുത്താൽ മുകുന്ദനേയും ഉൾക്കൊള്ളേണ്ടി വരും. അതുകൊണ്ടാണ് രാമൻപിള്ളയേയും മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.