കോഴിക്കോട്: ബിജെപിയുടെ ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ പിപി മുകുന്ദനെ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ധാരണ. ദേശീയ കൗൺസിലിലേക്ക് പിപി മുകുന്ദനെ ആരും ക്ഷണിക്കില്ല. ക്ഷണക്കത്ത് പിപി മുകുന്ദന് പോസ്റ്റിൽ പോലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും പ്രത്യേക നിരീക്ഷണ സംവിധാനം സംസ്ഥാന നേതൃത്വം ഏർപ്പെടുത്തിയിട്ടുണ്ട്. പിപി മുകുന്ദനെ പാർട്ടിയിൽ നിന്നും അകറ്റി നിർത്താനുള്ള വി മുരളീധരൻ പക്ഷത്തിന്റെ തന്ത്രത്തിന് പികെ കൃഷ്ണദാസ് പക്ഷത്തിന്റെ മൗന അനുവാദവുമുണ്ട്. പിപി മുകുന്ദൻ ബിജെപിയിൽ സജീവമായാൽ പുതിയ സമവാക്യങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് മുകുന്ദനെ അകറ്റി നിർത്തുന്നത്. കോഴിക്കോട്ട് 23ന് ആരംഭിക്കുന്ന ദേശീയ കൗൺസിൽ സമ്മേളനത്തിലേക്കോ അനുബന്ധ പരിപാടികൾക്കോ മുകുന്ദന് ക്ഷണമില്ല. പഴയ നേതാക്കളെ ആദരിക്കുന്ന ചടങ്ങിനും പ്രവേശനമില്ല.

ബിജെപി ദേശീയ നിർവ്വാഹക സമിതിയുടെ ഭാഗമായി നിരവധി സമ്മേളനങ്ങൾ കോഴിക്കോട്ട് നടക്കുന്നുണ്ട്. ഇതിലൊന്നിലേക്കും മുകുന്ദനെ വിളിക്കില്ല. ജനസംഘത്തിന്റെ അമ്പത് വർഷം മുമ്പത്തെ സമ്മേളന ഓർമ്മയുമായി നേതാക്കളുടേയും പ്രവർത്തകരുടേയും ഒത്തു ചേരലും നടക്കുന്നുണ്ട്. ഇതിലേക്ക് ബിജെപിയിൽ മുകുന്ദനൊപ്പം തിരിച്ചെടുത്ത കെ രാമൻപിള്ളയെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. അന്ന് കോഴിക്കോട് ജനസംഘം സമ്മേളനം നടക്കുമ്പോൾ പി പരമേശ്വരനൊപ്പം മേൽനോട്ടത്തിന്റെ ചുക്കാൻ പിടിച്ചത് രാമൻപിള്ളയായിരുന്നു. ഒ രാജഗോപാലായിരുന്നു മറ്റൊരു പ്രധാനി. ഈ സാഹചര്യത്തിലാണ് രാമൻപിള്ളയ്ക്ക് ദേശീയ നിർവ്വാഹക സമിതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ബിജെപിയുടെ ക്ഷണമെത്തുന്നത്. എന്നാൽ ജനസംഘം സമ്മേളനവുമായി പിപി മുകുന്ദന് ബന്ധമില്ലാത്തതു കൊണ്ട് എല്ലാ അർത്ഥത്തിലും മുകുന്ദനെ ഒഴിവാക്കാൻ ബിജെപി നേതൃത്വത്തിന് തത്വത്തിൽ കഴിഞ്ഞു.

ആർഎസ്എസിന്റെ നിർദ്ദേശ പ്രകാരമാണ് പിപി മുകുന്ദനേയും രാമൻപിള്ളയേയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് ബിജെപിയുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മുകുന്ദനെ ഒരു തരത്തിലും പാർട്ടിയുമായി സഹകരിപ്പിച്ചില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരന് ഇക്കാര്യത്തിൽ ഇനിയും മനസ്സ് തുറന്നിട്ടില്ല. മുകുന്ദൻ പാർട്ടിയിലെത്തുന്നത് വിഭീഗീയതയുണ്ടാക്കുമെന്നാണ് വി മുരളീധരൻ പക്ഷത്തിന്റെ നിലപാട്. മുകുന്ദന്റെ പ്രധാന ശിഷ്യനായി അറിയപ്പെട്ടിരുന്ന പികെ കൃഷ്ണദാസും എം ടി രമേശും മുകുന്ദനെ പാർട്ടിയിൽ സജീവമാക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടതുമില്ല. ഇതോടെ പാർട്ടിക്കുള്ളിൽ മുകുന്ദന് അനുകൂലമായ ചർച്ചയും രൂപപ്പെട്ടില്ല. ഇത് തന്നെയാണ് മുരളീ പക്ഷത്തിന് തുണയായതും.

മുകുന്ദന്റെ കാര്യത്തിൽ ദേശീയ നേതൃത്വം നിലപാട് എടുക്കട്ടേ എന്നാണ് കുമ്മനം രാജശേഖരന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ദേശീയ നിർവ്വാഹക സമിതിയിലേക്ക് മുകുന്ദനെ പങ്കെടുപ്പിക്കാത്ത്. ബിജെപിയുടെ രീതിയനുസരിച്ച് ദേശീയ നിർവ്വാഹക സമിതി അംഗങ്ങളുടെ യോഗമാണ് കോഴിക്കോട്ട് നടക്കുന്നത്. അതിലെ പരിപാടികൾക്ക് അനുസരിച്ചാണ് അതിഥികളെ ക്ഷണിക്കുന്നത്. മുകുന്ദൻ പാർട്ടിയിലെ സാധാരണ അംഗമാണ്. അതുകൊണ്ട് തന്നെ ഈ യോഗത്തിലേക്ക് ക്ഷണിക്കേണ്ട സാഹചര്യമില്ല. ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ക്ഷണിച്ചേനെ എന്നായിരുന്നു ബിജെപിയിൽ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതുർന്ന നേതാവ് മറുനാടനോട് പറഞ്ഞത്. തന്നെ കോഴിക്കോട്ടെ പരിപാടിക്ക് ക്ഷണിച്ചില്ലെന്ന് പിപി മുകുന്ദൻ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു.

ആരും വിളിക്കാതെ സമ്മേളന വേദിയിലേക്ക് പോകേണ്ടതില്ലെന്നാണ് മുകുന്ദന്റെ നിലപാടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ച പരിപാടിക്കെല്ലാം പോയിരുന്നു. നേമത്ത് ഒ രാജഗോപാലിന്റെ കൺവെൻഷനും പങ്കെടുത്തു. അന്ന് മികച്ച സ്വീകരണമാണ് മുകുന്ദന് ലഭിച്ചത്. പാർട്ടി വേദികളിൽ മുകുന്ദന് എത്തിയാൽ മറ്റ് നേതാക്കൾക്ക് സ്വീകാര്യത കുറയാനിടയുണ്ട്. അതുകൊണ്ടാണ് മുകുന്ദനെ മനപ്പൂർവ്വം ഒഴിവാക്കുന്നതെന്ന വാദവും സജീവമാണ്. ഏതായാലും പ്രശ്‌നം മോദിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ മുകുന്ദൻ ശ്രമം നടത്തിയിരുന്നു. മോദിയുടെ 66-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നത് ഇതിന്റെ ഭാഗമായിരുന്നു. കോഴിക്കോട് നടക്കാനിരിക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിൽ നേരിട്ടു കാണാൻ അവസരം ഇല്ലാത്തതിനാലാണു മുൻകാല സഹപ്രവർത്തകന്റെ ആശംസാ കത്തെന്നും എഴുതിയിരുന്നു. ഇതും സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇനി മോദി വിളിച്ചിട്ട് പങ്കെടുത്താൽ മതിയെന്ന നിലപാടിലേക്ക് ഇതോടെ സംസ്ഥാന നേതൃത്വം മാറുകയായിരുന്നു. മോദി ബിജെപിയിൽ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിൽ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു മുകുന്ദൻ. പിന്നീട് ആർഎസ്എസ് നേതൃത്വവുമായുള്ള ഭിന്നത കാരണം ബിജെപി ചുമതലകൾ മുകുന്ദൻ ഒഴിഞ്ഞു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ മുകുന്ദൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇത് ആർഎസ്എസ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ബിജെപിയിലേക്ക് തിരിച്ചുവരാൻ സന്നദ്ധനായ മുകുന്ദനെ ഒരുവിഭാഗം നേതാക്കളുടെ ഇടപെടൽമൂലം പൂർണമായി തഴഞ്ഞിരിക്കുകയാണ്.

അമ്പതുവർഷമായി സംഘപരിവാരത്തിൽ പ്രവർത്തിച്ച് അനുഭവ പരിചയമുള്ള മുകുന്ദൻ സംഘടനാ നേതൃത്വത്തിൽ തിരിച്ചുവരുന്നതിൽ ബിജെപിക്കൊപ്പം ആർഎസ്എസ്സിലെയും ഒരുവിഭാഗത്തിന് ഇഷ്ടക്കേടുണ്ടെന്നതും യാഥാർത്ഥ്യമാണ്. സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ 1991-ൽ ബിജെപി ദേശീയ നിർവാഹകസമിതി ചേർന്നപ്പോൾ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു മുകുന്ദൻ. കഴിഞ്ഞവർഷമാണ് ദേശീയ നേതൃത്വത്തിലെ ചിലരുടെയടക്കം താൽപ്പര്യത്താൽ പി പി മുകുന്ദൻ തിരിച്ചുവരവിന് സന്നദ്ധമായത്. എന്നാൽ മുകുന്ദൻ മിസ്ഡ്‌കോളടിച്ച് പാർട്ടി അംഗത്വമെടുക്കണമെന്ന് പറഞ്ഞ് അന്നത്തെ സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ അനിഷ്ടം പരസ്യമാക്കി. പിന്നീട് പ്രസിഡന്റായ കുമ്മനം രാജശേഖരനും മുകുന്ദനെ അകറ്റിനിർത്തുകയാണ്.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ അസംതൃപ്തി പരസ്യമാക്കി മുകുന്ദൻ രംഗത്തുവന്നിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ട് സാന്ത്വനിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മുകുന്ദന്റെ തിരിച്ചുവരവിനെപ്പറ്റി തീരുമാനമുണ്ടാകുമെന്നായിരുന്നു അന്നത്തെ ധാരണ. എന്നാൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കം പിന്നീട് ബന്ധപ്പെട്ടില്ല. പികെ കൃഷ്ണദാസും കൂട്ടരും നിശബ്ദരായതോടെ മുകുന്ദൻ ബിജെപിയിൽ ഒറ്റപ്പെടുകയായിരുന്നു.