മ്പത് വർഷമായി ഡൽഹിയിൽ പത്രപ്രവർത്തനം നടത്തിവരുന്ന സിദ്ദിഖ് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകനെ കാരണമൊന്നുമില്ലാതെ ഉത്തർപ്രദേശ് സർക്കാർ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് തടവിലാക്കിയ നടപടി ഭരണഘടനാപരമായ മനുഷ്യാവകാശങ്ങളെയും വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതാണെന്നും കോവിഡ് ബാധിതനായ നിലയിലും തടവറയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് (PPF) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് റിപ്പോർട്ട് ശേഖരിക്കാനായി പോകുന്ന വഴിയിലാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തത്. തന്റെ തൊഴിലിന്റെ ഭാഗമായി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പൻ ഹത്രാസിലേക്ക് നടത്തിയ യാത്ര രാജ്യദ്രോഹമാണ് എന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെ പൊലീസ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ജീവിതത്തിൽ ഒരു പെറ്റി കേസുപോലുമില്ലാത്ത പത്രപ്രവർത്തകനെതിരെ അദ്ദേഹത്തിന്റെ തൊഴിലിനിടയിൽ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചത് ഉത്തർപ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിന്റെ മുസ്ലിം വിദ്വേഷവും സത്യം കുഴിച്ചുമൂടാനുള്ള വ്യഗ്രതയും മാത്രമാണെന്ന് വ്യക്തമാണ്.

2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കാതെ ആറ് മാസമായി ജയിലധികൃതർ അദ്ദേഹത്തെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനാപരമായി വ്യക്തിയുടെ മൗലികാവകാശമായ ഹേബിയസ് കോർപസ് ഹരജി തള്ളുകയും കേസ് ആവർത്തിച്ച് നീട്ടിവെക്കുകയും ചെയ്ത കോടതി നടപടിയും പ്രതിഷേധാർഹമാണ്. മതവിദ്വേഷം വളർത്തി എന്ന കുറ്റമാണ് യാതൊരു തെളിവുമില്ലാതെ കാപ്പനെതിരെ സർക്കാർ ചുമത്തിയിരിക്കുന്നത്. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന പത്രപ്രവർത്തകനെതിരെ പൊലീസ് 5000 പേജുള്ള കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് സർക്കാറിന്റെ വർഗീയ - ഫാസിസ്റ്റ് കൂടില നയത്തിന്റെ പ്രതിഫലനമാണിത്.

ഒരു മലയാളി പത്രപ്രവർത്തകൻ തന്റെ ജോലിക്കിടെ യുഎപിഎ എന്ന കരിനിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ആറ് മാസമായിട്ടും കേരള മുഖ്യമന്ത്രി അർഥഗർഭമായ മൗനം ദീക്ഷിച്ചു എന്നത് ജനാധിപത്യ-മതേതര വിശ്വാസികളിൽ ഞെട്ടലുളവാക്കുന്നു. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത് എന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് തുറന്ന് ചോദിച്ചതിനുശേഷം മാത്രമാണ് അദ്ദേഹത്തിന്റെ ചികിൽസയിൽ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി യു.പി. മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുള്ളത്. യുഎപിഎ കേസ് റദ്ദ് ചെയ്ത് കാപ്പനെ വിട്ടയക്കണമെന്ന് പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അലനെയും താഹയെയും യുഎപിഎ ചുമത്തി തടവിലടച്ച കേരള മുഖ്യമന്ത്രിക്ക് കാപ്പനെ തുറുങ്കിലടച്ച് പീഡിപ്പിക്കുന്ന ആദിത്യനാഥിനെതിരെ ശബ്ദിക്കാൻ നാക്കു പൊങ്ങാത്തതിൽ അദ്ഭുതമില്ല.

സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് കാട്ടിയ പോരാട്ടവീര്യം അഭിനന്ദനാർഹമാണ്. അവർ നടത്തുന്ന പോരാട്ടത്തെ സർവാത്മനാ പിന്തുണയ്ക്കാനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പുരോഗമനഃശക്തികൾക്ക് ബാധ്യതയുണ്ട്. രോഗബാധിതനായി മരണത്തെ അഭിമുഖീകരിച്ച് തടവറയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി എല്ലാ ഇടത് പക്ഷ-ജനാധിപത്യ-മതേതര വിശ്വാസികളും വിശിഷ്യ, മുഴുവൻ പത്രപ്രവർത്തകസമൂഹവും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പ്രേഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് അഭ്യർത്ഥിച്ചു.