- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട്
സാമ്പത്തികമായും സാമൂഹ്യമായും പാരിസ്ഥിതികമായും കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ സെമി സ്പീഡ് റെയിൽ പദ്ധതിക്കെതിരെ തികച്ചും ജനാധിപത്യപരമായി കോവിഡ് പ്രോട്ടോക്കോൾ നിഷ്‌ക്കർഷിക്കുന്നവിധം 5 പേർ മാത്രം പങ്കെടുത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് ശക്തമായി പ്രതിഷേധിക്കുന്നു.
സമരത്തിന് വേണ്ട അനുമതിക്കായി ജൂൺ 23ന് തന്നെ പൊലീസ് അധികാരികൾക്ക് കത്ത് നൽകി. ഇന്ന് രാവിലെ സമരത്തിന്റെ ഒരുക്കങ്ങൾ മുതൽ കണ്ട് നോക്കി നിന്ന കന്റോൺമെന്റ് എസ്‌ഐ.യും സംഘവും സമരം ആരംഭിച്ച് പൊടുന്നനവേ സമരത്തിൽ പങ്കെടുത്ത എല്ലാ പിപിഎഫ് പ്രവർത്തകരേയും ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ഈ.പി. അനിലിനെയും അറസ്റ്റു ചെയ്യുകയായിരുന്നു.
എപ്പിഡമിക്ക് ആക്ട് പ്രകാരമാണ് അറസ്റ്റ് എന്ന് പൊലീസ് ആദ്യം പറഞ്ഞെങ്കിലും, കൂടുതൽ അന്വേഷിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നാണ് വിശദീകരിച്ചത്. എപ്പിഡമിക് ആക്ട് എന്ന അസംബന്ധ നാടകം എല്ലാ പ്രോട്ടോക്കോളും പാലിച്ച് 5പേർ പങ്കെടുത്ത ജനാധിപത്യപരമായ അവകാശസമരത്തിന് നേരേ പ്രയോഗിക്കുമ്പോൾ, അടുത്തടുത്ത് നിന്ന് മാസ്‌ക് വക്കാതെ നൂറും ഇരുനൂറും ആളുകൾ പങ്കെടുക്കുന്ന ഡിവൈഎഫ്ഐ, സിപിഎം സമരങ്ങൾക്ക് തടസ്സമൊന്നുമില്ല.
കമ്മീഷന്മാത്രം കണക്കുകൂട്ടികൊണ്ട് കേരളം തകർക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ ദുസ്വപ്ന പദ്ധതിക്കെതിരെയാണ് സമരം എന്നതാണ് യഥാർത്ഥത്തിൽ അറസ്റ്റിന് കാരണം. ഇത്തരത്തിൽ പെരുമാറുന്ന പൊലീസിൽ നിന്നും എന്ത് നീതിയാണ് ജനങ്ങൾക്ക് പ്രതീക്ഷിക്കാനാവുക? ഭരണക്കാരുടെ ദുഷ്‌ചെയ്തികൾക്കെതിരെ പ്രതിഷേധിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്ന് സുപ്രീം കോടതി ഈ അടുത്ത ദിവസവും നിരീക്ഷിച്ചത് പിണറായി സർക്കാരിനും ബാധകമാണെന്ന് അധികാരകസേരക്ക് മുമ്പിൽ വാലാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയണം.
രണ്ടു ദിവസം മുമ്പ് കോട്ടയത്ത് കടുത്തുരുത്തിക്കടുത്തും കെ.റെയ്ൽ പദ്ധതിക്കെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തിരുന്നു. കാര്യങ്ങൾ വ്യക്തമാണ് - ഗവൺമെന്റിന്റെ കമ്മീഷൻ സ്വപ്നങ്ങൾക്കെതിരെയുള്ള സമരങ്ങളെ അനുവദിക്കില്ല എന്നതാണ് കാര്യം. എന്നാൽ ഇത്തരത്തിലുള്ള ജനവിരുദ്ധനയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവരുമ്പോൾ അവയെ അടിച്ചമർത്താൻ പൊലീസ് പോരാതെ വരുമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് കേരള സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു.