തിരുവനന്തപുരം: അന്യായമായി തടവിലാക്കപ്പെട്ട മലയാളികളുടെ മോചനത്തിന് യോജിച്ച ഇടപെടൽ ഉണ്ടാവണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. ബംഗളൂരു സ്ഫോടന കേസിൽ വിചാരണത്തടവുകാരനായി കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നീതിനിഷേധത്തിന്റെ 11 വർഷം പിന്നിട്ടിരിക്കുന്നു. കോയമ്പത്തൂർ സ്ഫോടനകേസിൽ പ്രതി ചേർക്കപ്പെട്ട് ഒമ്പതര വർഷം ജയിലിൽ കഴിഞ്ഞതിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തി കോടതി മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു ഭരണകൂടം അദ്ദേഹത്തെ ഈ കേസിൽ കുരുക്കിയത്. 2007 ഓഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂർ സ്ഫോടന കേസിൽ അബ്ദുന്നാസിർ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തിൽ അദ്ദേഹത്തിന് സർക്കാർ ബി കാറ്റഗറി സുരക്ഷ അടക്കം ഏർപ്പെടുത്തിയിരുന്നു. 2008ൽ ബംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ഓഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അൻവാർശ്ശേരിയിൽനിന്ന് കർണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്തു.

എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ 11 വർഷമായിട്ടും പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കെട്ടിച്ചമച്ചുണ്ടാക്കിയ തെളിവുകൾ കോടതിയിൽ തിരിച്ചടിയാവുകയും ചെയ്തു. ബംഗളൂരു എൻ.ഐ.എ കോടതിയിൽ നടക്കുന്ന വിചാരണ അനന്തമായി നീളുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോൾ നാല് മാസത്തിനകം കേസ് തീർക്കാമെന്ന് 2014ൽ അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലം കടലാസിലൊതുങ്ങി. സുപ്രീംകോടതി അനുവദിച്ച നിബന്ധനകളോടെയുള്ള ജാമ്യത്തിൽ ബംഗളൂരുവിലെ വീട്ടിൽ അനാരോഗ്യത്തിന്റെയും അനീതിയുടെയും തടവറയിൽ കഴിയുകയാണ് 55 കാരനായ മഅ്ദനി. നിരവധി രോഗങ്ങളുള്ള മഅ്ദനിക്ക് മതിയായ ചികിത്സയോ മനുഷ്യാവകാശ പരിഗണനകളോ ലഭ്യമായിട്ടില്ലെന്നത് വസ്തുതയാണ്.

മഅ്ദനിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന് പുറത്ത് മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി നിരവധി മലയാളികളാണ് കള്ളക്കേസുകൾ ചാർത്തപ്പെട്ട് അന്യായമായി തടവിൽ കഴിയുന്നത്. മാധ്യമപ്രവർത്തകനായ സിദ്ധീഖ് കാപ്പൻ, വിദ്യാർത്ഥി നേതാവായ റഊഫ് ശരീഫ്, പണ്ഡിതനായ ഹാനി ബാബു, സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകരായ സക്കരിയ, ഫിറോസ്, അൻഷാദ്, ശിബിലി, ശാദുലി, മുഹമ്മദ് അൻസാർ നദ്്വി, റോണാ വിൽസൺ, അനൂപ് മാത്യു ജോർജ് തുടങ്ങിയവർ കാലങ്ങളായി തടവറയിൽ കൊടുംപീഡനങ്ങളുമായി കഴിയുകയാണ്.

അന്യായമായി തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനും ജെസ്യുട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻസാമി അടുത്തിടെയാണ് മരണപ്പെട്ടത്. രാജ്യവ്യാപകമായി നിരപരാധികളായ പൗരന്മാർക്കു നേരെയുള്ള ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻസാമി. കടുത്ത നീതി നിഷേധത്തിലൂടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത്. എൻഐഎയെ ചട്ടുകമാക്കി അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സർക്കാർ തടവിലിടുകയായിരുന്നു. മോദി സർക്കാർ രാജ്യത്ത് തുടർന്നുവരുന്ന ദലിത് വിരുദ്ധ നയങ്ങളുടെ ഇരയായിരുന്നു സ്റ്റാൻ സാമി.

വിയോജിക്കുന്നവരെ വേട്ടയാടുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് ബിജെപിയുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇരകളെ വേട്ടയാടുകയും അക്രമികളെ താലോലിക്കുകയും ചെയ്യുന്ന മോദി സർക്കാർ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, ദലിതർ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, വിമർശകർ തുടങ്ങിയവരെയൊക്കെ ഇല്ലാതാക്കുന്നതിൽ മോദിയും അമിത്ഷായും യോഗിയും ഉൾപ്പെടുന്ന കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ മത്സരിക്കുകയാണ്.

ബിജെപിയുടെ ഭരണകൂട ഭീകരതയെ വിമർശിക്കുന്നവരെ തിരഞ്ഞുപിടിച്ച് തടവിലാക്കി നിശബ്ദരാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ഭീകരനിയമങ്ങൾ നിയമങ്ങൾ ചാർത്തി നിരപരാധികളെ വേട്ടയാടുകയാണ്. ഇതിനെതിരായി യോജിച്ച ശബ്ദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഭീകര നിയമങ്ങളിൽ കുരുങ്ങി അനന്തമായി വിചാരണ നേരിടുന്ന മുഴുവൻ ആളുകൾക്കും ജാമ്യം അനുവദിക്കാൻ കോടതികൾ തയ്യാറാകണം.

നിരപരാധികളായ മലയാളികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഫാഷിസ്റ്റ് നീക്കത്തിൽ കേരള സർക്കാർ മൗനം വെടിഞ്ഞ് ഇടപെടാൻ തയ്യാറാവണം. നിരപരാധികളായ ഇവരെ തടവറയിലാക്കിയതിനു പിന്നിലെ വസ്തുത മനസ്സിലാക്കി നീതിക്കൊപ്പം നിലയുറപ്പിക്കണം. ഇവരുടെ മോചനത്തിനായി ശബ്ദിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. അന്യായമായി തടവിലാക്കിയവരെ അടിയന്തരമായി വിട്ടയച്ച് നിരപരാധികളായ യുവാക്കളെ കള്ളക്കേസെടുത്തു തടവിലാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോപ്പുലർ ഫ്രണ്ട് നേതാവ് ആവശ്യപ്പെട്ടു.