കൊച്ചി: ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ പിആർ ശ്രീജേഷിന് ജന്മനാടിന്റെ ഹൃദ്യമായ വരവേൽപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരും നാട്ടുകാരും കുടുംബാംഗങ്ങളും എത്തിയിരുന്നു.

ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. തനിക്ക് ലഭിച്ച വെങ്കല മെഡൽ വിമാനത്താവളത്തിൽവെച്ചുതന്നെ ശ്രീജേഷ് അച്ഛന്റെ കഴുത്തിലണിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാൻ അച്ഛൻ പി ആർ രവീന്ദ്രനും കുടുംബാംഗങ്ങളും എത്തിയിരുന്നു.

ഒളിംപിക്‌സിൽ മെഡൽ നേടിയശേഷം ഈ മെഡൽ അച്ഛന് സമർപ്പിക്കുന്നുവെന്ന് ശ്രീജേഷ് പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ശ്രീജേഷ് വാക്കുപാലിക്കുകയും ചെയ്തു.

ടോക്യോ ഒളിംപിക്‌സിലെ വെങ്കല മെഡൽ നേട്ടം മലയാളികൾക്കുള്ള ഓണ സമ്മാനമെന്നായിരുന്നു ശ്രീജേഷിന്റെ ആദ്യ പ്രതികരണം. ഒളിംപിക്‌സ് മെഡൽനേട്ടത്തിനുശേഷം കൊച്ചിയിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തന്റെ ആഹ്ലാദം പങ്കുവച്ചത്.

ഒളിംപിക് മെഡൽ നേട്ടത്തിൽ സർക്കാർ അർഹമായ അംഗീകാരം നൽകുമെന്നുതന്നെയാണ് പ്രതീക്ഷ. ഒളിംപിക്‌സ് മെഡൽ നേടിയശേഷം സർക്കാർ എന്ത് പാരിതോഷികം നൽകുമെന്നല്ല ചിന്തിച്ചത്. ഈ മെഡലുമായി എങ്ങനെ എത്രയുംവേഗം വീട്ടിലെത്താമെന്നായിരുന്നു. തന്റെ നേട്ടം കേരളത്തിൽ ഹോക്കി കളിക്കാർക്ക് വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

ടോക്യോയിലെ കാലവസ്ഥ ആദ്യ ദിവസങ്ങളിൽ ബുദ്ധിമുട്ടിച്ചിരുന്നു. ചൂടും മഴയും ഇടകലർന്ന കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടാനായി. പാരീസ് ഒളിംപിക്‌സ് അല്ല ഇപ്പോഴത്തെ ലക്ഷ്യം. പാരീസിലേക്ക് ഇനിയും മൂന്ന് വർഷമുണ്ട്. അതിന് മുമ്പ് അടുത്തവർഷം ഏഷ്യൻ ഗെയിംസുണ്ട്. അതിനാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും അത് കഴിഞ്ഞ് 2023ലെ ലോകകപ്പാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു.

ടോക്യോയിൽ ലഭിച്ച നേട്ടത്തെ ഇരട്ടി മധുരത്തിൽ എത്തിക്കുന്നതാണു നാട്ടിൽ ലഭിച്ച സ്വീകരണമെന്നു ശ്രീജേഷ് പറഞ്ഞു. 'ഏതൊരാളും സ്വർണ മെഡലാണ് ആഗ്രഹിക്കുന്നത്. എങ്കിലും 41 വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച വെങ്കലത്തിന്റെ തിളക്കത്തിനു മാറ്റു കുറയില്ല. ഹോക്കി ടീമിന് ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സ്വീകരണം ലഭിക്കുന്നത് അവിശ്വസനീയമാണ്.

സെമിയിൽ ബൽജിയത്തിനെതിരെ നന്നായി പൊരുതി. പക്ഷേ, ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണു ബൽജിയം. 14 പെനൽറ്റി കോർണറുകളാണ് അവർക്കു ലഭിച്ചത്. അത് അവർ മുതലാക്കുകയും ചെയ്തു. സ്വർണം നഷ്ടമായതോടെ വെങ്കലത്തിനായുള്ളതു ജീവൻ മരണ പോരാട്ടമായി. എല്ലാം മറന്നാണു കളിച്ചത്. ജർമനിക്കെതിരായ വെങ്കല പോരാട്ടത്തിൽ അവസാന നിമിഷം പെനൽറ്റി കോർണർ വഴങ്ങിയപ്പോൾ മനസ്സിൽ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.

21 വർഷത്തെ പ്രാക്ടീസ്, ഈ ബോൾ എന്തായാലും പോസ്റ്റിൽ പതിക്കരുതെന്നു ഞാൻ തീരുമാനിച്ചിരുന്നു' ജന്മനാട്ടിൽ എത്തിയതിനു ശേഷം ശ്രീജേഷ് പ്രതികരിച്ചു. പുരസ്‌കാരം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ വൈകിപ്പോയോ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ, 'പാരിതോഷികങ്ങളെക്കുറിച്ചല്ല, മറിച്ചു മെഡൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണിക്കുക എന്നതായിരുന്നു ഇത്രയും നാൾ മനസ്സിൽ.'

ശ്രീജേഷിനുള്ള പാരിതോഷികം സംസ്ഥാന സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണു ശ്രീജേഷെങ്കിലും മെഡൽ നേടി 5 ദിവസം കഴിഞ്ഞിട്ടും സർക്കാർ പാരിതോഷികത്തെക്കുറിച്ചു മൗനം തുടരുകയാണ്.

വൈകിട്ട് അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിന് വമ്പൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കായിക മന്ത്രി വി അബ്ദുൾ റഹ്‌മാൻ നേരിട്ടെത്തിയാണ് ശ്രീജേഷിനെ സ്വീകരിച്ചത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ, ഒളിമ്പിക് അസോസിയേഷൻ. ഹോക്കി അസോസിയേഷൻ ഭാരവാഹികൾ ശ്രീജേഷിനെ വരവേൽക്കുവാൻ എത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിമാനത്താവണത്തിൽ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ ജന്മനാടായ് കിഴക്കമ്പലത്തെക്ക് എത്തിച്ചത്.

വിമാനത്താവളത്തിൽ നിന്ന് കാലടി-പെരുമ്പാവൂർ-പോഞ്ഞാശ്ശേരി വഴി ശ്രീജേഷിന്റെ ജന്മനാടായ കിഴക്കമ്പലം എരുമേലിവരെ തുറന്ന ജീപ്പിലാണ് രാജ്യത്തിന്റെ അഭിമാന താരത്തെ ആനയിച്ചത്. പാതയുടെ ഇരുവശങ്ങളിലും ആഹ്ലാദം പങ്കുവച്ച് നിരവധി പേർ നിറഞ്ഞിരുന്നു.



കേരളത്തിലെ കായികരംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിച്ചു.

വെങ്കല പോരാട്ടത്തിൽ ജർമനിയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡൽ സ്വന്തമാക്കിയത്. 1980-ന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഗോൾപോസ്റ്റിന് കീഴിൽ ശ്രീജേഷിന്റെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.



ശ്രീജേഷിനെ സംസ്ഥാന സർക്കാർ തഴഞ്ഞെന്ന പ്രചരണം അവാസ്തവമാണെന്ന് മന്ത്രി അബ്ദുറഹ്‌മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡൽ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ശ്രീജേഷ് കേരള സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. അതുകൂടി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.