തൃശൂർ: ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ മലയാളികൾക്ക് ഒപ്പമാണ് ഭാഗ്യദേവത. ഇപ്പോഴിതാ ഭാഗ്യമുണ്ടെങ്കിൽ കോടികൾ കടൽ കടന്നെത്തുമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂർ കുന്ദംകുളം ചൂണ്ടയിൽ വീട്ടിൽ തോമസ്‌കൊച്ചുത്രേസ്യ ദമ്പതികളുടെ മകൻ പ്രബിൻ തോമസ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഏതാണ്ട് പതിനെട്ട് കോടിയോളം രൂപയാണ് മലയാളികൾക്ക് ഗൾഫിലെ ഭാഗ്യക്കുറികൾ നൽകിയത്.

കേരളത്തിൽ നിന്ന് ഓൺലൈൻ വഴിയെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് കൂപ്പണിന്റെ ആറര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമാണ് പ്രബിൻ തോമസിനെ തേടിയെത്തിയത്. കേരളത്തിലും ബെംഗളൂരുവിലുമായി ഐടി പരിശീലനം നൽകുന്ന ബിസിനസാണ് പ്രബിൻ ചെയ്യുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് പ്രബിൻ നന്ദിയും പറഞ്ഞു. ലിസ് മേരിയാണ് ഭാര്യ. ഏകമകൾ: എറോൺ. ഗൾഫിലുള്ള സുഹൃത്തുക്കൾ വഴിയും മാധ്യമങ്ങളിലൂടെയും നറുക്കെടുപ്പിനെ കുറിച്ച് മനസിലാക്കി 18,000 രൂപയോളം നൽകി ഓൺലൈൻ വഴി പ്രബിൻ ആദ്യമായാണ് ടിക്കറ്റ് എടുത്തത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് എടുത്തത് നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം പ്രബിനെ തേടി എത്തുകയും ചെയ്തു.

ദുബായ് കാണണമെന്നുള്ള ഏറെ കാലത്തെ മോഹമാണ് ഇതിലൂടെ നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഒരു വിദേശ രാജ്യത്തേയ്ക്ക് ഇതുവരെ പോയിട്ടില്ല. ദുബയ് ഒരിക്കൽ സന്ദർശിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. അത് ഇത്രയും വലിയ സന്തോഷത്തോടെയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല-പ്രബിൻ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതരുടെ അറിയിപ്പ് ലഭിച്ചാൽ സമ്മാനം കൈപ്പറ്റാൻ പ്രബിൻ ദുബായിലെത്തും. നിലവിലുള്ള ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങുക, പിന്നെ ലോകം ചുറ്റിക്കാണുക. ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുബായിൽ നിന്ന് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യ വിളിയെത്തിയത്. ആദ്യം വിശ്വസിക്കാനേ തോന്നിയില്ല. ആരോ ഗൾഫിൽ നിന്ന് വിളിച്ച് പറ്റിക്കുന്നതാണോ എന്ന് കരുതി. എന്നാൽ, സമ്മാനം യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയതായി പ്രബിൻ പറഞ്ഞു.

ഗൾഫിൽ ഭാഗ്യക്കുറിയിൽ മലയാളിക്ക് ഇത് നല്ലകാലമാണെന്നാണ് പ്രബിന്റെ നേട്ടവും സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ ഏതാണ്ട് പത്തോളം മലയാളികൾക്ക് വലുതും ചെറുതുമായ സമ്മാനങ്ങൾ ലഭിച്ചു. തിങ്കളാഴ്ച നടത്തിയ അബുദാബി ബിഗ് ടിക്കറ്റ് ദ് സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഏഴു ദശലക്ഷം ദിർഹം മലയാളി സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസിലാസ് ബിബിയൻ ബാബുവിന് 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ത്യൻ രൂപയിൽ 12.40 കോടി രൂപ വരും ഒന്നാം സമ്മാനത്തുക. ഏഴു ദശലക്ഷം ദിർഹം ലോട്ടറിയടിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് തൻസിലാസ് ബാബു പ്രതികരിച്ചു.

57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്‌സ് എയർലൈൻസിൽ 26 വർഷമായി ജോലി ചെയ്തു വരികയാണ്. ദുബായ് ഖിസൈസിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇതിനു മുൻപ് ഒൻപതിലേറെ തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിനും സുഹൃത്തുക്കൾക്കും ഏകദേശം 17കോടി രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചിരുന്നു. ദുബായിൽ സെയിൽസ് എക്‌സിക്യൂട്ടീവായ സുനിൽ എം. കൃഷ്ണൻകുട്ടി നായരെയും നാലു സുഹൃത്തുക്കളെയുമാണ് അന്നു ഭാഗ്യദേവത കടാക്ഷിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനമായിരുന്നു ഇത്.

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം മലയാളിയായ ഹരികൃഷ്ണൻ വി.നായർക്കായിരുന്നു. ഇതായിരുന്നു ഈ വർഷത്തെ ആദ്യ വമ്പൻ സമ്മാനം. ആലപ്പുഴ സ്വദേശിയായ ഹരികൃഷ്ണൻ, ദുബായിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഈ 42 കാരൻ ഇത് മൂന്നാം തവണയാണ് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷണം നടത്തിയത്.