റിയോ ഒളിമ്പിക്‌സിന് തിരശീല വീണു. ഉയർന്ന മെഡൽ പ്രതീക്ഷകളോടെ റിയോയിലെത്തിയ ഇന്ത്യൻ താരങ്ങളിൽ രണ്ടുപേരൊഴികെ ശേഷിച്ചവർ വെറുംകൈയോടെ തിരിച്ചുവന്നു. മെഡൽ കിട്ടിയില്ലെങ്കിലും രണ്ടോ മൂന്നോ പേരുടെ പ്രകടനം കൈയടി നേടുകയും ചെയ്തു. ഇന്ത്യയുടെ ഒളിമ്പിക്‌സ് ഇത്രയും വാക്കുകളിലൊതുക്കാം.

ഇനി നാം ഒളിമ്പിക്‌സിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുക 2020 ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള ദിവസങ്ങൾ എണ്ണപ്പെടുമ്പോൾ മാത്രമാണ്. എന്നാൽ, മറ്റു പല രാജ്യങ്ങളും അവരുടെ അടുത്ത ഒളിമ്പിക്‌സിനുള്ള താരങ്ങൾ ആരൊക്കെയാവണമെന്ന അന്വേഷണം തുടങ്ങി. പല രാജ്യങ്ങളും ഭാവി ഒളിമ്പ്യന്മാരെ വാർത്തെടുക്കുന്ന തിരക്കിലാണ്.

കതിരിൽ വളംവെക്കുകയാണ് ഇന്ത്യൻ സ്‌പോർട്‌സിന്റെ ശാപം. സ്‌കൂളുകളിൽ ഓടിത്തളർന്ന് വല്ല വിധേനയും സൈന്യത്തിലോ റെയിൽവേയിലോ ജോലി നേടുന്ന താരങ്ങളെ കണ്ടെത്തി അവരെ ഒളിമ്പ്യന്മാരാക്കാനാണ് നമ്മുടെ ശ്രമം. പ്രതിഭയുള്ളവരെ നേരത്തെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകി മുഴുവൻ സമയവും സ്‌പോർട്‌സിനുവേണ്ടി ത്യജിച്ചാൽ മാത്രമേ മെഡൽ ജേതാക്കളെ സൃഷ്ടിക്കാനാവൂ.

ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ബ്രിട്ടൻ ഇക്കുറി റിയോയിൽ നടത്തിയത്. ആ ആഹ്ലാദത്തിൽ മതിമറന്നിരിക്കുകയല്ല ബ്രിട്ടീഷ് കായിക അധികൃതർ. 2020-ൽ ടോക്കിയോയിൽ നടക്കുന്ന ഗെയിംസിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ അവർ ഊർജിതമാക്കിക്കഴിഞ്ഞു.
മെഡൽ സാധ്യതയുള്ള നൂറുകണക്കിന് താരങ്ങളെ കണ്ടെത്തി അവരെ പൂർണ സജ്ജരാക്കുന്ന തിരക്കിലാണവർ. ഒമ്പതുമാസമായി ഇതിനുള്ള ആസൂത്രണം തുടങ്ങിയിട്ട്. ഇതിൽത്തന്നെ പലരും ഇപ്പോഴേ പ്രശസ്തരായിക്കഴിഞ്ഞു. റിയോയിൽ മെഡൽ നേടിയ സൈക്ലിങ് താരം കാത്തി മർച്ചന്റ്, ജിംനാസ്റ്റ് ആമി ടിങ്ക്‌ലർ, 100 മീറ്റർ ഹർഡിൽസിൽ നാലാമതെത്തിയ സിൻഡി ഒഫിലി തുടങ്ങിയവർ യഥാർഥത്തിൽ ടോക്കിയോയിലേക്കുള്ള നിക്ഷേപങ്ങളാണ്.

യുകെ സ്പോർട്സ് പെർഫോമൻസ് ഡയറക്ടർ സൈമൺ ടിംസണാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ടോക്കിയോ ലക്ഷ്യമിട്ട് ഒരുങ്ങുന്ന താരങ്ങളിൽ ചിലർക്ക് എട്ടുവർഷമായി സർക്കാർ പരിശീലനത്തിനും മറ്റുമായി ഫണ്ട് നൽകുന്നുണ്ട്. 1400 താരങ്ങളെയാണ് വിവിധ സ്‌പോർട്‌സുകളിലായി ബ്രിട്ടന് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 60 ശതമാനത്തിനും മെഡൽ നേടാൻ കഴിവുള്ളവരാണെന്നും ടിംസൺ പറയുന്നു.

അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ഇക്കുറി ബ്രിട്ടനായി. 27 സ്വർണവും 23 വെള്ളിയും 17 വെങ്കലവുമടക്കം 67 മെഡലുകൾ. ടോക്കിയോയിൽ ഇതിലേറെ മെഡൽ നേടാനാവുമെന്നാണ് ബ്രിട്ടന്റെ കണക്കുകൂട്ടൽ. മെഡൽ സാധ്യതയുള്ള ഇനങ്ങൾ മുൻകൂട്ടി കണ്ടെത്തി അതിൽ മികച്ചവരെ പരിശീലിപ്പിക്കുകയെന്ന രീതിയാണ് ബ്രിട്ടൻ ഇപ്പോൾ പിന്തുടരുന്നത്.