തൃശൂർ: സത്സംഗത്തിനും ഭജനയ്ക്കുമായി എത്തുന്ന ചില യുവതികളെയും സ്വാമി പ്രദീപ് മേനോൻ(39)പീഡിപ്പിച്ചിരുന്നതായി സൂചന. തൃശൂർ നഗരത്തിലെ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് സ്വാമിയുടെ സ്വദേശം.നഗത്തിൽ തന്നെ ഒരു ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഇയാൾ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അതെല്ലാം നിർത്തി സ്വാമിയായി ആത്മീയതയിലേക്ക് നീങ്ങുന്നത്.ദൈവീകമായ ഉൾവിളി കൊണ്ടാണ് പ്രദീപ് ഭക്തി മാർഗം സ്വീകരിച്ചതെന്നാണ് ഇയാൾ ആദ്യം വിശദീകരിച്ചിരുന്നതെങ്കിലും ഏതാണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറിയെ തുടർന്നാണ് സ്ഥാപനം അടച്ച് പൂട്ടി ഇയാൾ മുങ്ങിയതെന്നാണ് പറയപ്പെടുന്നത്.

പിന്നീട് തൃശൂരും,എറണാകുളത്തുമായി ചില ആത്മീയ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലുമായി നടന്നു.ഇവിടെ വച്ചാണ് ഭജനയും ഭക്തിയും ഏറ്റവും നല്ല കച്ചവട ചരക്കാണെന്ന് പ്രദീപ് തിരിച്ചറിയുന്നത്.ഒടുവിലാണ് ഗുരുവായൂർ ക്ഷേത്രത്തിനടുത്തെ മമ്മിയൂരിൽ ഹരേകൃഷ്ണ എന്ന പേരിൽ സത്സംഘം ആരംഭിക്കുന്നത്.കുറച്ച് കാലത്തിനുള്ളിൽ തന്നെ വലിയ വളർച്ചയാണ് ഈ ഭജൻ കേന്ദ്രത്തിന് ഉണ്ടായത്.വിദേശികളും സ്വദേശികളുമായി നിരവധി പേരാണ് പ്രത്യേക പ്രാർത്ഥനകൾക്കായി ഇവിടെ എത്തിയിരുന്നത്.വൻ പണച്ചാക്കുകളും ഇവരിൽ ഉൾപ്പെടും. ഇത്തരക്കാരിൽ നിന്നെല്ലാം സത്സംഘത്തിന്റെ നടത്തിപ്പിനെന്ന പേരിൽ കാര്യമായ ''ദക്ഷിണയും ''ഇയാൾ ഒപ്പിച്ചിരുന്നു.

''പൂർവ്വാശ്രമത്തിൽ ''ഭാര്യയും മക്കളുമുള്ള പ്രദീപിന് ഇവിടെ എത്തുന്ന പല സ്ത്രീകളുമായും ഇത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നതായാണ് വിവരം.ഇപ്പോൾ പരാതിയുമായി എത്തിയ പെൺകുട്ടിയുടെ അമ്മയുമായി ഏതാണ്ട് ഒരു വർഷത്തിൽ കൂടുതലായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടത്രെ. മലപ്പുറം ചേളാരി സ്വദേശിയായ ഇവർ മക്കളേയും കൂട്ടി ധ്യാനത്തിനായാണ് ഇവിടെ എത്തിയതെന്ന് പൊലീസ് പറയുന്നു. 36കാരിയായ ഇവരുടെ ഭർത്താവ് വിദേശത്താണ്. അമ്മയുമൊത്ത് സ്വാമിയുടെ ബന്ധം കണ്ടുപിടിച്ചതിനാലാണ് കുട്ടിയേയും പീഡിപ്പിച്ചതെന്നാണ് സൂചന. ജ്യൂസാണെന്ന് തെറ്റിധരിപ്പിച്ച് ബിയർ നൽകിയത് അമ്മയാണെന്നും പറയപ്പെടുന്നു.

എന്നാൽ സംഭവത്തിന് ശേഷം ദിവസങ്ങളോളം മാനസികമായി ഏറെ പിരിമുറുക്കം അനുഭവിച്ച പെൺകുട്ടി ഒടുവിൽ എല്ലാ വിവരവും ഗൾഫിലുള്ള അഛനെ അറിയിക്കാൻ തീരുമാനികുകയായിരുന്നു. കത്തിലൂടേയും ഫോണിലൂടേയും വിവരങ്ങളെല്ലാം അറിഞ്ഞതോടെ പ്രവാസിയായ ഇയാൾ അവിടുത്തെ ജോലി പോലും ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭാര്യയോട് ചോദിച്ചതോടെ അവർ തമ്മിൽ പിണങ്ങി. ഭർത്താവും കുട്ടികളുമായി തെറ്റി വീടുവിട്ടറങ്ങിയ യുവതി ഇപ്പോൾ സ്വാമിയോടൊപ്പമായി താമസം.ഇതിനിടയിലാണ് തന്റെ മകളും പീഡിപ്പിക്കപ്പെട്ട വിവരം അച്ഛൻ അറിയുന്നത്. ഇതിന് പെൺകുട്ടിയുടെ അമ്മ കൂടി കൂട്ടു നിന്നെന്ന തിരിച്ചറിവാണ് കേസുമായി മുന്നോട്ട് പോകാൻ ഇവരെ പ്രേരിപ്പിച്ചത്.

ഗുരുവായൂർ ടെംബിൾ പൊലീസ് സ്റ്റേഷനിലെത്തി ഇവർ നേരിട്ട് സിഐക്ക് പരാതി നൽകുകയായിരുന്നു. സിഐ ബാലകൃഷണനും സംഘവുമാണ് പ്രദീപിനേയും പെൺകുട്ടിയുടെ അമ്മയേയും അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. സ്വാമി പ്രദീപിനെതിരെ ഇത്തരത്തിലുള്ള മറ്റു പരാതികളുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ് ഇപ്പോൾ. സന്തോഷ് മാധവൻ കേസിനിപ്പുറം ചെറിയൊരിടവേളക്ക് ശേഷമാണ് ആത്മീയ സ്ഥാപനങ്ങളുടെ മറവിൽ ഇത്തരം ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാപനത്തിന് ചില ഹൈന്ദവ സംഘടനകളുടെ പിന്തുണയും ഉണ്ടെന്ന് പറയപ്പെടുന്നു.

എന്തായാലും ആത്മീയതയുടെ മറവിൽ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നവർക്കെതിരായി സംഘപരിവാർ ഉൾപ്പെടെയുള്ള ഹൈന്ദവ ഗ്രൂപ്പുകൾ ഇത് വരെ പ്രതികരിച്ചിട്ടില്ല.