തിരുവനന്തപുരം: നിർദ്ധന ജനവിഭാഗങ്ങൾക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പ്രധാന്മന്ത്രി ആവാസ്‌ യോജനയുടെ പ്രയോജനം അർഹരായവർക്ക് ലഭ്യമാക്കാൻ ബാങ്കുകൾ മുന്തിയ പരിഗണന നൽകണമെന്ന് കേന്ദ്ര പാർപ്പിട, നഗരദാരിദ്ര്യ ലഘൂകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് രഞ്ജൻ മിശ്ര ഐ.എ.എസ്. ആവശ്യപ്പെട്ടു. പ്രധാന്മന്ത്രി ആവാസ് യോജന- വായ്പാ ബന്ധിത സബ്‌സിഡി പദ്ധതികളെക്കുറിച്ച് നാഷണൽ ഹൗസിങ് ബോർഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മേഖലാശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പിനായി സംസ്ഥാനങ്ങൾ പ്രത്യേകം ഉദ്യേഗസ്ഥനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ബാങ്കുകൾ പദ്ധതിക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്ന് രാജീവ് രഞ്ജൻ മിശ്ര പറഞ്ഞു. കേന്ദ്ര നഗരവികസന മന്ത്രാലയം, സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി എന്നിവയുടെ സഹകരണത്തോടെെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. 

'പ്രധാന്മന്ത്രി ആവാസ്‌യോജനയിൽ സംസ്ഥാന തല നോഡൽ ഏജൻസികളുടെ പങ്ക്' എന്ന വിഷയത്തിൽ കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷാജഹാൻ ഐഎഎസ് സംസാരിച്ചു. കേരളത്തിൽ പദ്ധതി നടപ്പിലാക്കുമ്പോൾ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കുകീഴിൽ നൽകുന്ന വായ്പാ, സബ്‌സിഡി തുകകൾ അപര്യാപ്തമാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ നിർമ്മാണ വസ്തുക്കളുടെ ഉയർന്ന നിരക്ക്, ഉയർന്നകൂലി, ഭൂമിയുടെ ഉയർന്ന വില എന്നിവയെല്ലാംപദ്ധതി നടത്തിപ്പിന് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണൽ ഹൗസിങ്ങ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സഞ്ജീവ് ശർമ്മ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.  'സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ പങ്ക്'എന്ന വിഷയത്തിൽ കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഡി വിദുരൈപാണ്ടി പ്രത്യേക പ്രഭാഷണം നടത്തി. കേന്ദ്ര പാർപ്പിട, നഗരദാരിദ്ര്യ ലഘൂകരണ വകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ശശി കെ.വല്യത്താനും ചടങ്ങിൽ സംസാരിച്ചു.

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി കേരളത്തിനുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമായി തയ്യാറാക്കിയ ബുക്ക്‌ലറ്റുകളുടെ പ്രകാശനവും, ക്രഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സർട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിൽ നടന്നു. 'വായ്പാ ബന്ധിത സബ്‌സിഡി പദ്ധതി നടപ്പാക്കൽ പ്രക്രിയകളെ'-ക്കുറിച്ച് ദേശീയ ഹൗസിങ്ങ് ബാങ്കിലെ ഹേമകുമാറും, 'ദേശീയ ഹൗസിങ്ങ് ബാങ്കിന്റെ പുനഃവായ്പ'കളെക്കുറിച്ച് ആർ എൻ കാർത്തികേയനും ക്ലാസ്സുകളെടുത്തു.
സംസ്ഥാന ഗവൺമെന്റ്, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ, ഭവന വായ്പാ സ്ഥാപനങ്ങൾ, കേരള ഹൗസിങ് ബോർഡ് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ ശിൽപ്പശാലയിൽ പങ്കെടുത്തു.