റു മാസം കൊണ്ട് ഒന്നേകാൽ കോടി ജനങ്ങളെ കൊണ്ട് ബാങ്ക് അക്കൗണ്ട് തുറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻധൻ പദ്ധതിയെ വാനോളം പുകഴ്‌ത്തി ലോക ബാങ്ക് റിപ്പോർട്ട്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിൽ മോദിയുടെ ശക്തമായ കാഴ്ചപ്പാടുള്ള നേതൃപാടവം വലിയ പങ്കു വഹിച്ചതായി ലോക ബാങ്ക് മേധാവി ജിം യോംഗ് കിം കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തു. 2014 ഓഗസ്റ്റിൽ അവതരിപ്പിച്ച എല്ലാ ഇന്ത്യൻ കുടുംബത്തിനും ഒരു അക്കൗണ്ട് എന്ന ലക്ഷ്യമിട്ടുള്ള പദ്ധിതി പ്രകാരം ജനുവരി വരെ 125 ദശലക്ഷം പുതിയ അക്കൗണ്ടുകൾ പുതുതായി തുറക്കപ്പെട്ടുവെന്ന് ഈ ആഴ്ച പുറത്തു വന്ന ലോക റിപ്പോർട്ട് പറയുന്നു.

2013-ലെ സർവേ കണക്കുകൾ പ്രകാരം ബാങ്ക് അക്കൗണ്ടുള്ളവർ 400 ദശലക്ഷത്തിലും താഴെയായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്റർനാഷണൽ മൊണിറ്ററി ഫണ്ടിന്റെയും ലോക ബാങ്കിന്റെയും സംയുക്ത യോഗത്തിനിലെ വാഷിങ്ടണിൽ നടന്ന ഒരു പാനൽ ചർച്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അസാധാരണ പാടവത്തെ കിം വാനോളം പുകഴ്‌ത്തിയത്. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ മകവും അദ്ദേഹം എടുത്തു പറഞ്ഞു. ദാരിദ്ര്യം മറികടക്കാനുള്ള മാർഗമാണ് സാമ്പത്തിക സേവനങ്ങളുടെ ലഭ്യതയെന്നും കിം കൂട്ടിച്ചേർത്തു. 2020ഓടെ സാമ്പത്തിക സേവന ലഭ്യത സാർവത്രികമാക്കാനനാണ് ലോക ബാങ്ക് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ വലിയ പുരോഗതി കൈവരിച്ചതിന്റെ തെളിവുകളാണിതെന്നും കിം പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ, മാസ്റ്റർകാർഡ് സിഇഒ അജയ് ബംഗ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ജൻധൻ പദ്ധതി നടപ്പിലാക്കുന്നതിൽ എസ്‌ബിഐ കൈവരിച്ച നേട്ടം അരുന്ധതി വിവരിച്ചു. ഈ പദ്ധതി മുഖേന ബാങ്ക് അക്കൗണ്ട് തുറന്നവരിൽ 49 ശതമാനവും സ്ത്രീകളാണെന്നും അവർ കുട്ടിച്ചേർത്തു. സാമ്പത്തിക സേവനങ്ങൾ സാർവത്രികമാക്കുന്നതിന്റെ ഭാഗമായി ലോക ബാങ്ക് ബഹുരാഷ്ട്ര ഏജൻസികൾ, ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ, ടെലികോം കമ്പനികൾ എന്നിവരുമായി ചേർന്ന് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.