കണ്ണുർ: മരംകൊള്ള കേസിൽ പൊലിസിൽ സാക്ഷി പറഞ്ഞതിന് ചക്കരക്കല്ലിൽ കൊല്ലപ്പെട്ട പ്രശാന്തിയിൽ ഇപ്രജീഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലിസിന് ലഭിച്ചു. യുവാവിന്റെ തലയിൽ പത്തോളം മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. തലയ്ക്ക് മാരാകായുധം കൊണ്ട് അടിയേറ്റു. ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്ന് പൊലിസ് അറിയിച്ചു.

ഈ കേസിൽ കഴിഞ്ഞദിവസം ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുഴപ്പാല പള്ളിച്ചാൽ ഹൗസിലെ ചങ്ങംപൊയിൽ പ്രശാന്തിനെ '(40) തലശേരി സിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു' പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

ചക്കരക്കൽ മിടാവിലോട്ടെ 'പ്രശാന്തി' നിവാസിൽ ഇ പ്രജീഷിനെ(33)യാണ് കൊലപ്പെടുത്തി കനാലിൽ തള്ളിയത്. കൊലപാതകത്തിൽ പ്രശാന്തന് വ്യക്തമായ പങ്കുണ്ടെന്ന് ചോദ്യംചെയ്യലിൽ ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മറ്റു പ്രതികളായ മിടാവിലോട്ട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൾ ഷുക്കൂർ(43), പൊതുവാച്ചേരി മാകുന്നത്ത് വീട്ടിൽ എ റിയാസ്(36) എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇരുവരും മംഗ്‌ളൂരിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കെഷൻ നീരീക്ഷച്ചതനുസരിച്ചാണ് ഈ വിവരം ലഭിച്ചത്.പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ശ്രമങ്ങൾ നടത്തിവരികയാണ്.

താഴെ മൗവ്വഞ്ചേരിയിലെ നിർമ്മാണത്തിലുള്ള വീട്ടിൽനിന്ന് കഴിഞ്ഞ മാസം അബ്ദുൾ ഷുക്കൂറും റിയാസും നാലുലക്ഷം രൂപ വിലവരുന്ന മര ഉരുപ്പടികൾ മോഷ്ടിച്ചിരുന്നു. ഈ മാസം ഒമ്പതിന് ഇരുവരും അറസ്റ്റിലായിരുന്നു. സുഹൃത്തായ പ്രജീഷ് തങ്ങളെ ഒറ്റിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കാണാതായ 19ന് പ്രശാന്തൻ മറ്റുപ്രതികളുടെ നിർദ്ദേശപ്രകാരം പ്രജീഷിനെ കൂട്ടി മദ്യപിക്കാനായി കുട്ടിക്കുന്നുമ്മലിലെത്തി. മദ്യപിക്കുന്നതിനിടെ താനാണ് വിവരം പൊലീസിനോട് പറഞ്ഞതെന്ന് പ്രജീഷ് സമ്മതിച്ചുവെന്നാണ് വിവരം. ഇതിനെ തുടർന്നാണ് പ്രജീഷിനെ പ്രതികൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പൊളിത്തീൻ കവറിൽ പൊതിഞ്ഞ് പൊതുവാച്ചേരി മണിക്കീൽ അമ്പലം റോഡിലെ കരുണൻ പീടികയ്ക്കു സമീപത്തെ കനാലിൽ തള്ളിയത്.

കൊല നടന്ന ചക്കരക്കൽ കുട്ടി കുന്നുമ്മൽ സ്ഥലത്തുനിന്ന് പ്രജീഷിന്റെ ചെരുപ്പും ഷർട്ടും പൊലീസിന് ലഭിച്ചിരുന്നു. മോഷണക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ചയാളാണ് അറസ്റ്റിലായ പ്രശാന്തൻ. ഇയാളിൽനിന്നും പ്രതികളിലൊരാളുടെ ഭാര്യയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തള്ളിയ കനാൽ ഭാഗത്തു നിന്നുംപൊലീസ് കണ്ടെത്തിയത്.

ആസൂത്രിത കൊലപാതകമാണെന്നാണ് നിഗമനം. പ്രജീഷിന്റെ ശരീരത്തിൽ ആയുധംകൊണ്ടുള്ള പത്തിലധികം മുറിവുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതുകൊലയ്ക്കു പിന്നിലെ ആസൂത്രിത ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതായി പൊലിസ് പറഞ്ഞു.

കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, എസിപി പി പി സദാനന്ദൻ എന്നിവർ ചക്കരക്കൽ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ചക്കരക്കൽ സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.