കൊല്ലം: അയൽവാസിയായ എക്സൈസ് ഉദ്യോഗസ്ഥന് മുന്തിയ ഇനം നായക്കുട്ടിയെ വിലകുറച്ച് നൽകാത്തതിന്റെ വ്യക്തി വിരോധമാണ് 16 വർഷം മുൻപ് വ്യാജ കേസിൽ 76 ദിവസം ജയിലിൽ കഴിയേണ്ടി വന്നതെന്ന് കരുനാഗപ്പള്ളി ആദിനാട് സ്വദേശി കുറ്റിത്തറയിൽ ആർ പ്രകാശ്(55) മറുനാടനോട് പറഞ്ഞു. 3,500 രൂപ വിലയുള്ള നായ മൂന്നെണ്ണം 1,500 രൂപയ്ക്ക് നൽകണമെന്നായിരുന്നു കുലശേഖരപുരം കോളഭാഗത്ത് വീട്ടിൽ വിക്രമൻ നായർ എന്ന കരുനാഗപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥൻ പ്രകാശിനോട് ആവശ്യപ്പെട്ടത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയില്ല എന്ന് പ്രകാശ് പറഞ്ഞതോടെയാണ് വിക്രമൻ നയർക്ക് പകയുണ്ടായത്. അന്ന് നടന്ന സംഭവം പ്രകാശ് പറയുന്നതിങ്ങനെ;

'2006 ഫെബ്രുവരിയിലാണ് സംഭവം നടക്കുന്നത്. വിദേശയിനം നായ്ക്കുട്ടികളുടെ കച്ചവടമായിരുന്നു എനിക്ക്. ആദിനാട്ടെ വീടിന് സമീപത്തുള്ളവർക്ക് നായകളുടെ കുര ശല്യമായപ്പോഴാണ് പാവുമ്പയിൽ ഒരു വാടക വീട്ടിലേക്ക് മാറുന്നത്. അവിടെ നല്ല രീതിയിൽ കച്ചവടവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിൽ ഒരു ദിവസം അയൽവാസിയായ വിക്രമൻ നായർ കാണാനെത്തി. നായയെ വാങ്ങാനാണ് എത്തിയതെന്ന് പറഞ്ഞു. വിവിധ ഇനം നായകളെ കാണിച്ചു കൊടുത്തപ്പോൾ ഒരെണ്ണത്തിന് 3,500 രൂപ വിലയുള്ള നായക്കുട്ടികളെ 500 രൂപ നിരക്കിൽ മൂന്നെണ്ണം വേണമെന്ന് ആവശ്യപ്പെട്ടത്. ഈ വിലയ്ക്ക് നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും 'നിന്നെ കാണിച്ചു തരാം' എന്ന് ഭീഷണിപ്പെടുത്തി വിക്രമൻ നായർ പോകുകയും ചെയ്തു.

രണ്ടാഴ്ച കഴിഞ്ഞ് ഫെബ്രുവരി 25 ന് കരുനാഗപ്പള്ളി എക്സൈസ് സംഘം വീട്ടിലേക്ക് വന്നു. വൈകുന്നേരം കുളികഴിഞ്ഞ് നിൽക്കുമ്പോഴാണ് വന്നത്. വീട്ടിലേക്ക് കയറി വന്ന് എന്റെ കയ്യിൽ പിടിച്ചു. ഈ സമയം എക്സൈസ് ഇൻസ്പെക്ടർ രാജേഷും, പ്രിവന്റീവ് ഓഫീസർ വാസുദേവകുറുപ്പും, ഇപ്പോഴത്തെ തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ രാമചന്ദ്രൻ നായരും ഉൾപ്പെടെയുള്ളവർ വീടിന് സമീപത്തുള്ള ഒരു കുഴിയിൽ നിന്നും 7 കന്നാസ് എടുത്തു. ഇത് കോടയാണെന്ന് വ്യാജ വാറ്റു നടത്തുന്ന നിന്നെ അറസ്റ്റ് ചെയ്യുകയാണെന്നും അവർ പറഞ്ഞു. ഈ സമയം ഓടിക്കൂടിയ നാട്ടുകാർ ഞാൻ അങ്ങനെ ചെയ്യുന്ന ആളല്ല എന്നൊക്കെ പറഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് ഒരു കുലുക്കവുമില്ലായിരുന്നു. തുടർന്ന് എന്നെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. പിന്നീട് ജയിലിടക്കുകയായിരുന്നു.

ഇതിനിടയിൽ ഞാൻ നടത്തിയ അന്വേഷണത്തിലാണ് വിക്രമൻ നായർ എന്നോട് പക വീട്ടിയതാണെന്ന് മനസ്സിലായത്. അന്നേ ദിവസം വിക്രമൻ നായരായിരുന്നു അവിടെ ജി.ഡി ചാർജ്ജ്. വിക്രമൻ നായരുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ എന്നെ അറസ്റ്റ് ചെയ്യാൻ വന്നത്. യൂണിയൻ നേതാവായ വിക്രമൻ നായരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക പോലും ഭയമായിരുന്നു. അതിനാൽ ഇയാൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയാണ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ ചെയ്തത്. അറസ്റ്റ് ചെയ്ത് അവിടെ എത്തിച്ചപ്പോഴേക്കും വിക്രമൻ നായർ ജി.ഡി ചാർജ്ജ് മറ്റൊരാൾക്ക് കൈമാറി അവിടെ നിന്നും പോയിരുന്നു. ഇത് തന്ത്രപരമായ ഒരു നീക്കമായിരുന്നു.

ഇതോടെയാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും അടക്കമുള്ളവർക്ക് പരാതി നൽകുന്നത്. തുടർന്ന് എക്സൈസ് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കെട്ടിചമച്ച കേസാണെന്ന് തെളിയുകയും എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകുകയും ചെയ്തു. എന്നാൽ ഇത് മാത്രം പോരാ എന്ന് ഞാൻ ദൃഢ നിശ്ചയം എടുത്തു. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു. അന്വേഷണ റിപ്പോർട്ടുകൾ അടക്കം ഹൈക്കോടതിയിൽ ഹാജരാക്കുകയും 16 വർഷത്തിന് ശേഷം നീതി ലഭിക്കുകയുമായിരുന്നു.'

പ്രകാശിനെതിരായ കേസ് എക്സൈസ് ഉദ്യോഗസ്ഥന്റെ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നു ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ കണ്ടെത്തിയിരുന്നു. രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നു തുക ഈടാക്കണമെന്നും കോടതി വിധിച്ചു. സ്വകാര്യ ബസ് കണ്ടക്ടർ, കൺസ്ട്രക്ഷൻ കമ്പനി സൂപ്പർവൈസർ, താറാവ് കൃഷി എന്നീ ജോലികൾ ചെയ്തിരുന്ന പ്രകാശ് പുതിയൊരു സംരഭമായിട്ടാണ് നായക്കുട്ടികളുടെ വിൽപ്പന തുടർന്നത്. കേസ് വന്നതിന് ശേഷം കുടുംബത്തിനാകെ മാനക്കേടായിമാറിയിരുന്നു. നിരപരാധിയാണെന്ന് തെളിയുന്നതു വരെ വീട്ടിൽ കയറ്റിയിരുന്നില്ല.

ഇപ്പോൾ ഓച്ചിറ വലിയകുളങ്ങരയിലാണ് താമസം. ഓട്ടോ റിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. താൻ അന്ന് അനുഭവിച്ച മാനസിക വേദന ഇപ്പോൾ കുറ്റക്കാരായ ഉദ്യോഗസ്ഥരും കുടുംബവും അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു താക്കീത് കൂടിയാണ് എന്റെ വിജയം. എന്നെങ്കിലും അത്തരക്കാരായ ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കും എന്നും പ്രകാശ് പറഞ്ഞു. ചെറിയ അളവിൽ വ്യാജമദ്യവും കുപ്പിയും ഉണ്ടെങ്കിൽ ശത്രുതയുള്ള ഒരാളെ അബ്കാരി ഉദ്യോഗസ്ഥന് എളുപ്പം പ്രതിചേർക്കാവുന്ന സാഹചര്യമാണ് നിലവിലെന്ന് കോടതി നിരീക്ഷിച്ചു.

കള്ളക്കേസുകളിൽ ജയിലിലാക്കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. സർക്കാർ രണ്ടുമാസത്തിനുള്ളിൽ ഇവർക്കു നഷ്ടപരിഹാരം നൽകണം. തുക ഉദ്യോഗസ്ഥരിൽ നിന്ന് അവരുടെ ഭാഗം കേൾക്കാൻ അവസരം നൽകിയതിനുശേഷം തിരിച്ചുപിടിക്കണമെന്നും ഉത്തരവിലുണ്ട്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)