- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് തവണ മുഖ്യമന്ത്രി; ഇത്തവണ ഏറ്റവും പ്രായമേറിയ സ്ഥാനാർത്ഥി; 94ാം വയസ്സിലും പോരാട്ടത്തിനിറങ്ങിയ പ്രകാശ് ബാദലിനെ കൈവിട്ട് ജനങ്ങൾ; മകൻ സുഖ്ബീറിനും കനത്ത തോൽവി; എഎപിയുടെ മുന്നേറ്റത്തിൽ സ്വന്തം മണ്ണ് നഷ്ടപ്പെട്ട് അകാലിദൾ
ചണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി ചരിത്ര ജയത്തോടെ അധികാരം ഉറപ്പിച്ചപ്പോൾ അപ്രസക്തമായി ശിരോമണി അകാലിദൾ. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിന്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിന്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു.
കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാർട്ടി വിള്ളൽ വീഴ്‌ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. അതിൽ ഏറ്റവും പ്രധാനം പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ സ്ഥാനാർത്ഥി എന്ന വിശേഷണവുമായി പോരാട്ടത്തിന് ഇറങ്ങിയ ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിങ് ബാദലിന്റെ തോൽവിയാണ്.
94-ാം വയസ്സിൽ ലാംബിയിൽ മത്സരിക്കാനിറങ്ങിയത്. പക്ഷേ, എഎപിയുടെ ഗുർമീത് സിങ് ഖുഡിയാനു മുന്നിൽ ഇടറിവീണു. ഖുഡിയാനു 66,313 വോട്ട് കിട്ടിയപ്പോൾ ബാദലിനു നേടാനായത് 54,917 വോട്ട് മാത്രം. പ്രകാശിന്റെ മകനും പാർട്ടിയുടെ മുഖവുമായ സുഖ്ബീർ സിങ് ബാദൽ ജലാലാബാദ് മണ്ഡലത്തിലും തോറ്റു. ഇവിടെ 91,455 വോട്ടുകളുമായി എഎപിയുടെ ജഗ്ദീപ് കംബോജി വിജയിച്ചപ്പോൾ സുഖ്ബീറിനു കിട്ടിയത് 60,525 വോട്ട്.
അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് ബാദലിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. പാർട്ടിയുടെ കടിഞ്ഞാൺ മകൻ സുഖ്ബീർ സിങ്ങിനെ ഏൽപ്പിച്ച അദ്ദേഹം, ആരോഗ്യ കാരണങ്ങളാൽ ഇക്കുറി മത്സരിച്ചേക്കില്ലെന്നായിരുന്നു സൂചന. എന്നാൽ അവസാനം പ്രായത്തെ കടത്തിവെട്ടി കളത്തിലിറങ്ങുകയായിരുന്നു. 2017ൽ കോൺഗ്രസിലെ അമരിന്ദർ സിങ്ങിനെ 22,270 വോട്ടിന് മറികടന്നായിരുന്നു ബാദലിന്റെ വിജയം. 1977 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ അകാലിദൾ എട്ട് തവണ വിജയക്കൊടി നാട്ടിയ ലാംബിയിൽ ഒറ്റത്തവണ മാത്രമാണു കോൺഗ്രസിനു ജയിക്കാനായത്.
തുടർച്ചയായി രണ്ടാംവട്ടവും അകാലിദളിന് അധികാരം അകന്നുപോകാതിരിക്കാനുള്ള തുറുപ്പുചീട്ടായിരുന്നു ബാദലിന്റെ സ്ഥാനാർത്ഥിത്വം. എന്നാൽ, എഎപിയുടെ തേരോട്ടത്തിനു മുന്നിൽ അകാലിദളിന്റെയും ബാദലിന്റെയും പ്രതീക്ഷകൾ കെട്ടടങ്ങി. പഞ്ചാബിലെ 117 മണ്ഡലങ്ങളിൽ 69 എണ്ണം സ്ഥിതി ചെയ്യുന്ന മാൾവയിൽ ആം ആദ്മി പിടിമുറുക്കുന്നുവെന്ന ആശങ്ക മറികടക്കാനായിരുന്നു ബാദലിന്റെ വരവ്. മാൾവയിലെ മറ്റു മണ്ഡലങ്ങളിലും ബാദലിന്റെ സാന്നിധ്യം പാർട്ടി സ്ഥാനാർത്ഥികളെ സഹായിക്കുമെന്നും പാർട്ടി കണക്കുകൂട്ടി. എന്നാൽ വിചാരിച്ച പോലെയായില്ല കാര്യങ്ങൾ. നാല് മണ്ഡലങ്ങളിൽ മാത്രമാണ് ജയം നേടാനായത്.
എതിരാളികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിയും ഡൽഹിയിൽനിന്നു താരപ്രചാരകരെ പഞ്ചാബിലേക്കെത്തിച്ചപ്പോൾ അകാലിദളിനു സുഖ്ബീർ മാത്രമായിരുന്നു ആശ്രയം. താൻ മത്സരിക്കുന്ന ജലാലാബാദ് മണ്ഡലത്തിലെ പ്രചാരണച്ചുമതല ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗറിനെ ഏൽപ്പിച്ച് സംസ്ഥാനം മുഴുവൻ സുഖ്ബീർ സഞ്ചരിച്ചു. 'ഞങ്ങളാണു പഞ്ചാബിന്റെ സ്വന്തം പാർട്ടി. പഞ്ചാബിന്റെ മനസ്സറിയുന്ന പാർട്ടി' എന്ന് അദ്ദേഹം ആവർത്തിച്ചു.
വിവാദ കൃഷി നിയമങ്ങളുടെ പേരിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിൽനിന്നു 2020ൽ രാജിവച്ചപ്പോൾ, അകാലിദൾ മനസ്സിൽ കുറിച്ചിട്ട ലക്ഷ്യമായിരുന്നു പഞ്ചാബ് തിരഞ്ഞെടുപ്പ്. ആം ആദ്മി പാർട്ടി കൂടി പിടിമുറുക്കിയതോടെ, സ്വന്തം മണ്ണു കൈവിട്ടു പോകുമെന്ന ഭയത്തിലാണ് ഇപ്പോൾ പാർട്ടി നേതൃത്വം.
ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിന്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.
ന്യൂസ് ഡെസ്ക്