ന്യൂ‍‍ഡൽഹി: ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ചരിത്രപരമായ തെറ്റുതിരുത്തലായിരുന്നെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. അയോധ്യയിൽ ബാബർ നിർമ്മിച്ചത് പള്ളിയായിരുന്നില്ലെന്നും അദ്ദേ​ഹം പറഞ്ഞു. അത് വൈരുദ്ധ്യപരമായ ഒരു കെട്ടിടമായിരുന്നു- ഡൽ​ഹിയിൽ രാമക്ഷേത്രനിർമ്മാണത്തിനുള്ള ധനസമാഹരണ പരിപാടിക്കിടെ പ്രകാശ് ജാവദേക്കർ പറഞ്ഞു. ബാബറി തകർക്കാനെത്തിയ ലക്ഷക്കണക്കിന് കർസേവകരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ബാബറെപ്പോലെയുള്ള വിദേശശക്തികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ എന്തുകൊണ്ട് രാമക്ഷേത്രം തന്നെ പള്ളി പണിയാൻ തകർത്തു? കാരണം അവർക്കറിയാം രാജ്യത്തിന്റെ മുഴുവൻ വികാരമാണ് രാമക്ഷേത്രമെന്ന്. അവർ പണിതത് പള്ളിയുടെ രൂപമുള്ള ഒരു കെട്ടിടം മാത്രമാണ്. ആരാധന നടത്താത്ത സ്ഥലമായിരുന്നു അത്. 1992 ഡിസംബർ ആറിന് ആ തെറ്റ് ഞങ്ങൾ തിരുത്തി', ജാവ്‌ദേക്കർ പറഞ്ഞു. ചരിത്രപരമായ തെറ്റ് തിരുത്തിയപ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘1992 ഡിസംബർ 6' ന് സൃഷ്ടിച്ച ചരിത്രത്തിന് ഞാൻ സാക്ഷിയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

‘അക്കാലത്ത് ഞാൻ ഭാരതീയ ജനത മോർച്ചയ്ക്കായി ജോലി ചെയ്യുകയായിരുന്നു. ഞാൻ അയോധ്യയിൽ ഒരു കർസേവകനായിരുന്നു. ലക്ഷക്കണക്കിന് കർസേവകർ അവിടെ ഉണ്ടായിരുന്നു. ചരിത്രപരമായ ഒരു തെറ്റ് എങ്ങനെ തിരുത്താമെന്ന് രാജ്യം കണ്ടു', ‘ജാവ്‌ദേക്കർ പറഞ്ഞു. രാജ്യത്ത് വിദേശ അധിനിവേശം നടന്നെന്നും എല്ലാ രാജ്യങ്ങളും അധിനിവേശത്തിന്റെ തെളിവുകൾ മായ്ച്ചുകളയണമെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശത്തിന്റെ തെളിവുകൾ ഇന്ത്യയിൽ നിന്ന് തങ്ങൾ തുടച്ചുമാറ്റിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ഞങ്ങൾ ഇവിടുത്തെ സ്ഥലങ്ങളുടെ പേരുകൾ മാറ്റി. ഏതൊരു രാജ്യത്തിന്റെയും ആത്മാഭിമാനത്തിന്റെ ഭാഗമാണതെന്നും മന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്തെ എല്ലാ വീടുകളിലും എത്തി അയോധ്യയിലെ രാമക്ഷേത്രം പണിയുന്നതിനായി സംഭാവന ആവശ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു.