ചെന്നൈ: മതേതരവാദികൾക്ക് വരുടെ രക്തം ഏതാണെന്ന് അറിയില്ലെന്ന കേന്ദ്രമന്തി അനന്തകുമാർ ഹെഗ്‌ഡെയുടെ തരംതാണ പ്രസ്താവനയ്‌ക്കെതിരെ ചലച്ചിത്രതാരം പ്രകാശ് രാജ്. ഒരു ജനപ്രതിനിധി ഇത്രയ്ക്ക് തരംതാഴരുത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹെഗ്‌ഡെയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രകാശ് രാജ് നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്.

മതേതര വാദികളുടെ പൈതൃകവും രക്തബന്ധവും പറഞ്ഞുള്ള നിങ്ങളുടെ പ്രസ്താവന വെറും തരംതാണ തരത്തിലുള്ളതാണ്. രക്തം ആരുടേയും മതമോ ജാതിയോ തീരുമാനിക്കുന്ന ഒന്നല്ല. ഒരാൾ ഏതെങ്കിലും ജാതിയോടും മതത്തോടും ചേർന്നുനിൽക്കുന്നതല്ല മതേതരത്വം. മറിച്ച് മതേതരത്വം എന്നാൽ എല്ലാം മതത്തേയും വൈവിധ്യങ്ങളേയും ഒരേപോലെ കാണുന്നുവെന്നതാണ്. പ്രകാശ് രാജ് പറയുന്നു. ഒരു തുറന്ന കത്തിലൂടെയാണ് അദ്ദേഹം കേന്ദ്രമന്തിയുടെ വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടിയത്.

മതേതരർക്ക് അവരുടെ രക്തം ഏതാണെന്ന് പോലും അറിയില്ല. നമ്മൾ മതേതരർ എന്ന് പറയാനുള്ള അവകാശം ഭരണഘടന നൽകിയതിനാൽ അങ്ങനെ പറയുന്നു. എന്നാൽ ഭരണഘടന പലപ്പോഴും ഭേദഗതി ചെയ്തതായി നമുക്കറിയാം. അങ്ങനെ ചെയ്യുകയും ചെയ്യും. അതിനാണ് നമ്മൾ അധികാരത്തിൽ വന്നിട്ടുള്ളതും, ഇങ്ങനെയാണ് ഹെഗ്‌ഡെ പറഞ്ഞത്. കേന്ദ്രത്തിലെ നൈപുണ്യവികസന സഹമന്ത്രിയാണ് അനന്തകുമാർ ഹെഗ്‌ഡെ.

ബിജെപിയുടെ ടിപ്പുസുൽത്താൻ വിരുദ്ധ പ്രചരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇയാളാണ്. കർണാടക സർക്കാറിന്റെ ടിപ്പുജയന്തി ആഘോഷത്തിനെതിരെ സംസാരിച്ച് വിവാദമുണ്ടാക്കിയും ഇയാൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇസ്ലാം മത വിശ്വാസികൾക്കെതിരെ രൂക്ഷമായ രീതിയിൽ വർഗീയത പറഞ്ഞതിന്റെ പേരിൽ ഹെഗ്‌ഡെ നിയമനടപടികൾ നേരിടുന്നുമുണ്ട്. ഇത്തരം ഇസ് ലാം വിരുദ്ധ പ്രസ്താവനകൾ നടത്തിയപ്പോഴും പ്രകാശ് രാജ് ഇയാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഹിറ്റ്‌ലറുടെ പുനർജന്മമാണോ നിങ്ങൾ എന്ന പ്രകാശ് രാജിന്റെ ചോദ്യം അന്ന് ഏറെ മാധ്യമ ശ്രദ്ധയുമാകർഷിച്ചു.

കർണാടകയിലെ കോപ്പൽ ജില്ലയിൽ നടന്ന ഒരു പൊതു സമ്മേളനത്തിലാണ് ഇത്തരത്തിലുള്ള വിവാദം സൃഷ്ടിക്കാൻ അനന്തകുമാർ മുതിർന്നത്. പൊതു തെരഞ്ഞെടുപ്പ് ആഗതമാകുന്നതോടെ വൻതോതിലുള്ള വർഗീയ ധ്രുവീകരണമാണ് സംജാതമായിക്കൊണ്ടിരിക്കുന്നതും.