തിരുവനന്തപുരം: ടെക്‌നോപാർക്കിലെ യുവ ചൈതന്യം ഇനി ജൈവ സാങ്കേതിക വഴിയിൽ. ഹരിത മനസ്സുകളെ ഒന്നിപ്പിച്ച് അവർ പ്രകൃതി എന്ന പേരിൽ പുതിയ ഒരു സംരംഭത്തിന് പാതയൊരുക്കി. 'ഗ്രീൻ തോട്ട്‌സ്, ഗ്രീൻ ലിവിങ്' എന്ന ലഘുവാക്യത്തോടെ. സിസ (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) യുടെ മാർഗ്ഗ ദർശനത്തിൽ ടെക്‌നോപാർക്കിലെ നടന, തേജസ്സ് എന്നീ സംഘടനകൾ ഹോർട്ടികൾച്ചർ മിഷന്റെയും ടെക്‌നോപാർക്കിന്റെയും സഹായത്തോടെയാണ് പ്രകൃതിയുടെ കർമ്മ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. പ്രകൃതിയുടെ ലോഗോ ഇന്ന് കൃഷിമന്ത്രി കെപി മോഹനൻ പ്രകാശനം ചെയ്തു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറസ്ടർ ഡോ. കെ പ്രതാപൻ, സിസ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്‌കുമാർ, കൃഷി വിദഗ്ധരായ ഡോ. ആർ ഹേലി, ഡോ. സികെ പീതാംബരൻ, ടെക്‌നോപാർക്കിലെ നടന, തേജസ്സ് എന്നീ സംഘടകളെ പ്രതിനിധീകരിച്ച് ബിജു സുന്ദരൻ, ദിവസ് ശശിധരൻ, നാദം ആർ ഭദ്രൻ, കൃഷ്ണപ്രസാദ്, ബ്രിജേഷ് പിഐ, ഷഗിൻ, സുബിൻ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൈവ ഓണം ആണ് പ്രകൃതിയുടെ പ്രഥമ സംരംഭം. വിഷ വിമുക്തമായ പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിച്ചും ജൈവ കർഷക കൂട്ടായ്മകളുമായി സഹകരിപ്പിച്ചുമാണ് ടെക്കികൾ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നത്. ഓണത്തിന് വിഷവിമുക്തമായ ഭക്ഷ്യോൽപ്പന്നങ്ങളിലൂടെ അവർ തങ്ങളുടെ ദൗത്യം ഊട്ടി ഉറപ്പിക്കും. പരിപാടിയുടെ മുന്നോടിയായി 60 വോളന്റിയർമാർക്ക് പരിശീലനം നൽകും.