തിരുവനന്തപുരം: മലയാള സിനിമ രംഗത്തെ പൊതുബോധത്തെ വിമർശിച്ച് സംവിധായകനും നടനുമായ പ്രകാശ് ബാരെ.അതീവ പ്രശ്നമുള്ള പൊതുബോധമാണ് മലയാള സിനിമക്ക് അകത്ത് നിലനിൽക്കുന്നത്. പിന്തുണക്കുന്നവർ പോലും അതിജീവിതയെ 'അത്', 'ഇത്' എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു. ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു പ്രകാശ് ബാരെയുടെ പ്രതികരണം.

'പൊതുബോധം പുറത്തുള്ളത് പോലെ തന്നെ സിനിമാ മേഖലക്ക് അകത്തും ശക്തമാണ്. ചൈനീസ് ഭാഷയിൽ പെൺകുട്ടികളെ ഫൂൾ എന്നാണ് അഭിസംബോധന ചെയ്യുക. മലയാള സിനിമയിൽ 'അത്', 'ഇത്' എന്നൊക്കെയാണ്. അതിജീവിതയായിട്ടുള്ള പെൺകുട്ടിയെ പിന്തുണക്കുന്നവർ പോലും 'അതിന്റെ കാര്യം വലിയ കഷ്ടമാണ്' എന്നൊക്കെയാണ് പറയുക. വളരെ പ്രശ്നമുള്ളൊരു പൊതുബോധമാണ്. അഞ്ച് വർഷത്തെ കാര്യങ്ങൾ എടുത്ത് പരിശോധിക്കുമ്പോൾ എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് നമുക്ക് മനസിലാക്കാം.' പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിൽ നമ്മൾ രണ്ട് തലത്തിൽ നമ്മൾ ഭിന്നിച്ചു കിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും സത്യത്തിനൊപ്പം നിൽക്കുകയെന്ന് പറയുന്ന ഒരുവിഭാഗം, ഇത് മിക്കവാറും തെളിയാൻ പോകുന്നില്ല, പിന്നെ ഞാൻ എന്തിനാണ് സത്യത്തിനൊപ്പം നിൽക്കുന്നത് എന്ന് പറയുന്ന മറ്റൊരു വിഭാഗം.. അദ്ദേഹം വിശദീകരിക്കുന്നു.

എഎംഎംഎ എന്തുകൊണ്ടാണ് ഇതിൽ നിശബ്ദത പാലിക്കുന്നതെന്നും പെൺകുട്ടിക്കൊപ്പം ഉറച്ചുനിൽക്കാത്തത് എന്നതും വലിയ ചോദ്യമാണെന്നും പ്രകാശ് ബാരെ പറഞ്ഞു.സിനിമാ മേഖലയിൽ സെക്സ് റാക്കറ്റ് നിലനിൽക്കുന്നുണ്ടെന്ന നടി പാർവ്വതി തിരുവോത്തിന്റെ ആരോപണം തള്ളികളയാനാകില്ലെന്നും പ്രകാശ് ബാരെ കൂട്ടിചേർത്തു.