പത്തനംതിട്ട: പ്രമാടത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ച സംഭവത്തിൽ വലയുന്നത് പൊലീസ്. ഒരേ യുവജനസംഘടനയിലുള്ള രണ്ടു ഗ്യാങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ് വലയുമ്പോൾ തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ വി-കോട്ടയം സ്വദേശി ജിഷ്ണുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇയാളുടെ താടിയെല്ലും അടിച്ചു തകർത്തിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പൂങ്കാവ് കൊട്ടപ്പിള്ളേത്ത് പടിയിൽ ഡിവൈഎഫ്ഐക്കാർ തമ്മിലടിച്ചത്. പ്രമാടം മേഖലാ പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപി(30)ന് വെട്ടേറ്റു എന്ന വാർത്തയാണ് ആദ്യം പുറംലോകമറിഞ്ഞത്. അനൂപിന് വെട്ടുകൊണ്ടതിന്റെ പേരിൽ പ്രതിഷേധ പ്രകടനവും എതിർപക്ഷത്തുള്ളവരുടെ വീടിന് നേരെ അക്രമവും ഉണ്ടായി. ഇതിനിടെയാണ് വി-കോട്ടയം സ്വദേശി ജിഷ്ണു തലയ്ക്കടിയേറ്റ് ഗുരുതര പരുക്കോടെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലുണ്ടെന്ന വിവരം പുറത്തു വന്നത്.

താടിയെല്ലും തകർന്ന് തലച്ചോറിനുള്ളിൽ രക്തവും കട്ടപിടിച്ച് അതീവ ഗുരുതരാവസ്ഥയിലായ ജിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ആദ്യം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും ആരോഗ്യനിലയിൽ ആശങ്കയുള്ളതിനാലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആദ്യം അനൂപിനെ ജിഷ്ണുവും കൂട്ടരും ആക്രമിക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

എന്നാൽ, ജിഷ്ണുവിനെ അനൂപും സംഘവും ക്രൂരമായി മർദിക്കുകയും തലയ്ക്ക് പരുക്കേറ്റ് അപകടാവസ്ഥയിൽ ആണെന്ന് മനസിലായപ്പോൾ അംഗപരിമിതനായ അനൂപിനെ വെട്ടി കൗണ്ടർ കേസ് ഉണ്ടാക്കുകയായിരുന്നുവെന്നും പറയുന്നു. ഇരുകൂട്ടരുടെയും അവകാശവാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

അംഗപരിമിതൻ കൂടിയായ അനൂപ് തിങ്കളാഴ്ച ലോട്ടറി വിൽപ്പന നടത്താൻ വേണ്ടി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം വി-കോട്ടയത്തിന് പോകും വഴി കൊട്ടിപ്പിള്ളേത്ത് പടിയിൽ വച്ച് 2.30 ഓടെ വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ, വിഷ്ണു, ഹരികൃഷ്ണൻ, പ്രമാടം സ്വദേശി ഈശൻ ഒമ്‌നി ഡാനിയേൽ എന്നിവർ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

അനൂപും ജിബിനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ വടിവാളുമായി പിന്തുടർന്ന് എത്തി അംഗ പരിമിതനെന്ന പരിഗണന പോലും നൽകാതെ മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് നേതാക്കൾ പറയുന്നു. മൂന്ന് മാസം മുൻപ് പ്രമാടത്ത് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ഡി.വൈ.എഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം. അനീഷ് കുമാർ, ജോയിന്റ സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ, അഭിരാജ് എന്നിവരെ ജിഷ്ണുവിന്റെ നേതൃത്വത്തിൽ മർദിച്ചതായി കേസുണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അനൂപ് രക്ഷപ്പെട്ടതത്രെ. പ്രമാടത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ തമ്മിലടി സ്ഥിരമായത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരോ സംഭവങ്ങൾ കഴിയുമ്പോഴും പാർട്ടി നേതൃത്വം ഇരു വിഭാഗങ്ങളെയും വിളിച്ചു വരുത്തി ഒത്തുതീർപ്പാക്കി വിടുമെങ്കിലും പിന്നീടും ഏറ്റുമുട്ടൽ പതിവാണ്.

കൗണ്ടർ കേസിനായി പരാതി നൽകിയ അനൂപിനെ വെട്ടിയെന്ന് പറയുന്നതിന്റെ നിജസ്ഥിതി പൊലീസ് പരിശോധിച്ചു വരികയാണ്. കേസിന് ബലം കൂട്ടാൻ വേണ്ടി മുറിവ് ഉണ്ടാക്കിയതാണോ എന്നാണ് പ്രധാനമായും സംശയിക്കുന്നത്. നേരത്തേ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘട്ടനം നടന്നപ്പോൾ ജിഷ്ണുവിനും കൂട്ടർക്കുമെതിരായ നിലപാടാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിച്ചത്. കേസ് അട്ടിമറിക്കാൻ പൊലീസിന്റെ മേലും സമ്മർദം ഉണ്ടായിരുന്നു. എന്നാൽ, പൊലീസാകട്ടെ കൃത്യമായ അന്വേഷണമാണ് നടത്തിയത്. ഇത്തവണയും അതു കൊണ്ടു തന്നെ അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ടു പോകുന്നത്.