കോഴിക്കോട്: രാജ്യസുരക്ഷ എന്ന ലേബൽ ഒട്ടിച്ച ഒരുസീൽഡ് കവറിൽ, നമ്മുടെ ജനാധിപത്യത്തെ ഒതുക്കാൻ, കഴിയില്ല എന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ. മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യവുമായും ആർട്ടിക്കിൾ 19 (1) എയുമായും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും, ഉണ്ടായ ഏറ്റവും സുപ്രധാനമായ നിരീക്ഷണമാണ് കോടതി നടത്തിയത്. നീതി നടപ്പാകുമോ എന്ന ചോദ്യത്തിനാണ് സുപ്രീം കോടതി ഉത്തരം നൽകിയിരിക്കുന്നത്. വിധി പൂർണമായിട്ടില്ല...കാത്തിരിക്കേണ്ടതുണ്ട്....എന്നാൽ തന്നെയും, ഞെക്കിക്കൊല്ലാൻ ശ്രമിച്ച ഒരു മാധ്യസ്ഥാപനത്തിന് ജീവൻ തിരിച്ചുകിട്ടുന്നു, അത് ആവശ്യമുണ്ട്, ആ മാധ്യമപരിരക്ഷ ആവശ്യമുണ്ട്, എന്ന നിർണായകമായ വിധിന്യായമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്-പ്രമോദ് രാമൻ പറഞ്ഞു.

പ്രമോദ് രാമന്റെ വാക്കുകൾ:

ഇതിൽ, ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നമ്മൾ പലപ്പോഴും ആശങ്കപ്പെട്ടിരുന്ന കാര്യമുണ്ട്. അതായത് നീതി നമ്മുടെ പക്ഷത്താണെന്ന് പൂർണമായും, അറിഞ്ഞുകൊണ്ട് തന്നെ അത് നടപ്പാകുമോ, അത് നിലവിൽ വരുമോ, അതിന് എന്തെങ്കിലും തടസ്സമുണ്ടാകുമോ, കാരണം, നമ്മൾ കാണാത്ത ഒരു മുദ്ര വച്ച കവറിലാണ്, നമുക്ക് ഈ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ കാരണം ഇരുന്നത്. അതുകൊണ്ട് അതിലിനി വലിയ ഭൂകമ്പത്തിന് സാധ്യതയുള്ള, നമുക്കറിയാമല്ലോ, നമ്മുടെ സിംഗിൾ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജി പറഞ്ഞത്, ഇനി ഒരു മണിക്കൂർ പോലും താമസിക്കാൻ കഴിയില്ല എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഉള്ളിലൊരു ആധിയുണ്ടായിരുന്നു. ശരിക്കും നീതി നടപ്പാകുമോ എന്ന്, നമ്മളെ എല്ലാവരെയും വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു.

അതേസമയം, തന്നെ, ആ ചോദ്യത്തിന് ഉള്ള ഉത്തരം വളരെ കൃത്യമായി സുപ്രീം കോടതി നൽകിയിരിക്കുന്നു. ഇതിനകത്ത് നീതി എന്താണ്? നീതി നടപ്പാകും എന്നതാണ്. നമ്മൾ അതാണ് ഏറ്റവും, പോസിറ്റീവായി കാണേണ്ടത്. മീഡിയ വണ്ണിന്റെ ഭാഗത്താണ് നീതി എങ്കിൽ, അതാണ് പൂർണമായി നടപ്പാകേണ്ടത്. കേന്ദ്രസർക്കാരിന്റെ ഭാഗത്താണ്, രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന ഏതെങ്കിലും തരത്തിലുള്ള കാര്യം മീഡിയ വണ്ണിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ, അതാണ് നടപ്പാകേണ്ടത്. അതുകൊണ്ട് തന്നെ നീതി ഏത് ഭാഗത്ത് എന്ന ചോദ്യമാണ് സുപ്രീം കോടതിക്ക് മുമ്പാകെ വന്നത്. അതിൽ, കൃത്യമായി തന്നെ നീതി കണ്ടെത്തണമെങ്കിൽ, കാര്യങ്ങൾ വ്യക്തമാകണം. എന്തിനാണ്, മീഡിയ വണ്ണിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്? അതിനുള്ള കാരണങ്ങൾ എന്തെല്ലാം? അതിന് എത്രത്തോളം നിയമപ്രാബല്യം ഉണ്ട്. ഏത് സ്റ്റാറ്റിയൂട്ടിന്റെ ബലത്തിലാണ് നിങ്ങൾ മാധ്യമ സ്ഥാപനത്തിന്റെ മേൽ ആരോപിക്കുന്നത്. എന്ത് ഭരണഘടനാപരമായ ലംഘനമാണ്, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതുകാര്യം, ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളിലൂടെയേ അതിനൊരു ഉത്തരം കണ്ടെത്താൻ കഴിയു.

ചോദ്യങ്ങളെല്ലാം ഉന്നയിക്കപ്പെടാൻ ഉള്ള കാരണമാണ് സീൽഡ് കവറിൽ ഇരുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. ആ സീൽഡ് കവർ എന്ന് പറയുന്നത് എല്ലാറ്റിനും ഉള്ള ഉത്തരം ആയിരുന്നില്ല. അതിനകത്ത് നിന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് മാത്രമേ, അത് നടപ്പാക്കണോ വേണ്ടയോ, അതോ ശരിയാണോ, തെറ്റാണോ എന്ന് ബോധ്യപ്പെടുകയുള്ളു. അപ്പോൾ, അവിടെയാണ് പ്രശ്‌നങ്ങൾ കിടന്നിരുന്നത്. അക്കാര്യത്തിൽ, ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് വന്ന പരമപ്രധാനമായ കാര്യം എന്ന് പറയുന്നത്, ഇതിൽ, ഹൈക്കോടതി ഡിവിഷൻ ബഞ്ച് തന്നെ, ഇതിൽ വ്യക്തമല്ലാത്ത, അതിന്റെ ആഴം, അതിന്റെ ആഘാതം, ഗൗരവം, സ്വഭാവം, ഇങ്ങനെയുള്ളതൊന്നും വ്യക്തമല്ലാത്ത കാരണമാണ് എഴുതി വച്ചിട്ടുള്ളതെന്ന് ഹൈക്കോടതിക്ക് തന്നെ രേഖപ്പെടുത്തേണ്ടി വന്നിരുന്നു. മീഡിയ വണ്ണിന്റെ റിട്ട് അപ്പീൽ തള്ളിക്കൊണ്ടു പോലും ഹൈക്കോടതിക്ക് രേഖപ്പെടുത്തേണ്ടി വന്ന കാര്യമാണ് അതിന് അകത്ത് ഉണ്ടായിരുന്നതെന്ന കാര്യം നമ്മൾ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ, അതിന്റെ ന്യായാന്യായങ്ങൾ ഹൈക്കോടതിയുടെ രണ്ടുബഞ്ചുകളിലും പരിശോധിക്കപ്പെട്ടില്ല. അത് ആ ബഞ്ചുകൾ, സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല.

അതിൽ, രാജ്യസുരക്ഷ എന്ന് പേര് പറഞ്ഞതുകൊണ്ടു മാത്രം, ആ പദം കണ്ടതുകൊണ്ടുമാത്രം, ഞങ്ങളിതാ, ഇതിൽ ഇടപെടുന്നില്ല, എന്ന നിലപാടാണ് ഈ രണ്ടുകോടതികളും എടുത്തത്. സുപ്രീം കോടതി പക്ഷേ അങ്ങനെയല്ല ചെയ്തത്. അങ്ങനെ രാജ്യസുരക്ഷ എന്ന ലേബൽ ഒട്ടിച്ചാൽ ഉടനെ അംഗീകരിക്കേണ്ട, ഒരുസീൽഡ് കവറിൽ, നമ്മുടെ ജനാധിപത്യത്തെ ഒതുക്കാൻ, കഴിയില്ല എന്ന പ്രധാനമായ, പരമപ്രധാനമായ ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യവുമായും ആർട്ടിക്കിൾ 19 (1) എയുമായും ബന്ധപ്പെട്ടും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും, ഉണ്ടായ ഏറ്റവും സുപ്രധാനമായ നിരീക്ഷണമാണ് കോടതി നടത്തിയത്.

മീഡിയ വണ്ണിന് എന്തുകൊണ്ട് വിലക്കേർപ്പെടുത്തി എന്ന കാര്യം നാളെ വെളിച്ചത്ത് വരാതിരുന്നാൽ, നാളെ ഏതുസ്ഥാപനത്തിന് എതിരെയും, എന്തുകാരണവും വെളിച്ചത്ത് വരുന്നില്ലല്ലോ, അതുകൊണ്ട് അതിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കപ്പെടുന്നില്ലല്ലോ. അങ്ങനെ ഒരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ പോയാൽ, രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഒന്നാകെ, മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം ഒന്നാകെ, അപകടത്തിലാകും എന്നത് തന്നെയാണ് മീഡിയ വൺ മുേേന്നാട്ട് വച്ചത്. മീഡിയ വൺ ബഹുജന സംഗമങ്ങളും മറ്റും നടത്തുന്നതിന്റെ ഉദ്ദേശ്യവും ഇതുതന്നെയാണ്. അതായത് ഇത് ജനങ്ങൾക്ക് ബോധ്യപ്പെടണം. അവർ കൂടി ഇതിൽ മനസിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. മീഡിയ വണ്ണിന്റെ മാത്രം പ്രശ്‌നം അല്ല ഇത്. അത് ചർച്ച ചെയ്യപ്പടട്ടെ എന്നൊരു ഉദ്ദേശ്യത്തോടുകൂടി തന്നെയാണ്.

2021 ലാണ് പെഗസ്സസ് വിധിയുണ്ടാകുന്നത്. ഹൈക്കോടതിയാകട്ടെ, അവരുടെ വിധിന്യായത്തിൽ, പരാമർശിച്ച വിധിന്യായം വന്നത് 2014 ലാണ്. കാളീശ്വരം രാജിനെ പോലെയുള്ള ഭരണഘടനാ വിദഗ്ധരായുള്ള നിയമജ്ഞർ പറയുന്നത്, 2014 ൽ സുപ്രീം കോടതിയിൽ നിന്നൊരു വിധിയുണ്ടായി. അതിന് ശേഷം കഴിഞ്ഞ വർഷം ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, ആ വിധിയിൽ ദേശ സുരക്ഷ എന്ന് പറയുമ്പോഴേക്കും നമ്മൾ, എല്ലാം കണ്ണടച്ച് വിശ്വസിക്കണമെന്നില്ല, എന്നൊരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ, അതാണ് ഹൈക്കോടതി ഉൾപ്പടെ, ആധാരമാക്കേണ്ടിയിരുന്നത് എന്ന നിലപാടാണ്, നിയമജ്ഞർ എടുക്കുന്നത്. സമാനമായ സാഹചര്യത്തിലേക്ക് തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത് എന്നുതന്നെയാണ് നമ്മൾക്ക് മനസ്സിലാക്കാൻ കഴിയുക.

വിധി പൂർണമായിട്ടില്ല...കാത്തിരിക്കേണ്ടതുണ്ട്....എന്നാൽ തന്നെയും, ഞെക്കിക്കൊല്ലാൻ ശ്രമിച്ച ഒരു മാധ്യമസ്ഥാപനത്തിന് ജീവൻ തിരിച്ചുകിട്ടുന്നു, അത് ആവശ്യമുണ്ട്, ആ മാധ്യമപരിരക്ഷ ആവശ്യമുണ്ട്, എന്ന നിർണായകമായ വിധിന്യായമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.