കൊച്ചി: മലയാള ടെലിവിഷൻ ചാനൽ രംഗത്ത് ഇപ്പോൾ സ്ഥാനമാറ്റങ്ങളുടെ സമയമാണ്. ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിന്റെ തലപ്പത്ത് നിന്ന് രാജി വയ്ക്കുകയും പകരം മീഡിയ വണ്ണിൽ ചേരുകയും ചെയ്തതാണ് അടുത്തിടെ നടന്ന മാറ്റം. മുതിർന്ന മാധ്യമപ്രവർത്തകനും, മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായ പ്രമോദ് രാമൻ മീഡിയ വൺ ചാനലിന്റെ തലപ്പത്തേക്ക് മാറുന്നുവെന്നതാണ് പുതിയ വാർത്ത. മനോരമ ന്യൂസിൽ നിന്ന് രാജിവച്ച പ്രമോദ് രാമൻ മീഡിയ വൺ എഡിറ്ററായി ചുമതലയേൽക്കും. രാജീവ് ദേവരാജ് മീഡിയ വണ്ണിൽ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമൻ ചുമതലയേൽക്കും

മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ പ്രമോദ് രാമൻ കാസർഗോഡ് രാവണീശ്വരം സ്വദേശിയാണ്. കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യയിൽ ഒരു സാറ്റലൈറ്റ് ചാനലിൽ ആദ്യമായി തൽസമയ വാർത്ത വായിച്ച മാധ്യമപ്രവർത്തകൻ കൂടിയാണ് പ്രമോദ് രാമൻ. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്റ്റംബർ 30ന് ഫിലിപ്പൈൻസിൽ നിന്നായിരുന്നു വാർത്താവതരണം.

കേരള പ്രസ് അക്കാദമിയിൽ നിന്ന് 1989-1990 ബാച്ചിൽ ജേർണലിസം പൂർത്തിയാക്കിയ പ്രമോദ് രാമൻ ദേശാഭിമാനിയിലായിരുന്നു തന്റെ മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിന്നീട് സദ് വാർത്ത ദിനപത്രത്തിലും പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോൾ മുതൽ ചാനലിലെത്തി.
മലയാളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എഡിറ്റോറിയൽ ടീമിൽ പ്രമോദ് രാമൻ ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നത്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരത്തിന്റെ അവതരണ ചുമതല പ്രമോദ് രാമനായിരുന്നു. നിലവിൽ പുലർവേള എന്ന പ്രഭാത പരിപാടിയുടെ അവതാരകൻ കൂടിയാണ്

പുതുനിര എഴുത്തുകാരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രചനകളുമാണ് പ്രമോദ് രാമന്റേത്. രതിമാതാവിന്റെ പുത്രൻ, ഛേദാംശജീവിതം, നപുംസകരുടെ പത്ത് പടവുകൾ എന്നീ കഥകൾ പരമ്പരാഗത പ്രമേയ സ്വീകരണവും ആഖ്യാനശൈലിയും മറികടന്നുള്ളവയെന്ന നിലയിൽ കൂടി ചർച്ചയായിരുന്നു. രതിമാതാവിന്റെ പുത്രൻ, ദൃഷ്ടിച്ചാവേർ, മരണമാസ്, ബാബ്റി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നീ കഥാസമാഹാരങ്ങളും പ്രമോദ് രാമന്റേതായി പുറത്തുവന്നിട്ടുണ്ട്.

കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി പ്രമുഖ സംവിധായകൻ കെ.പി കുമാരൻ ഒരുക്കിയ ഗ്രാമൃക്ഷത്തിലെ കുയിൽ എന്ന സിനിമയിൽ മൂർക്കോത്ത് കുമാരനെ അവതരിപ്പിച്ചത് പ്രമോദ് രാമനായിരുന്നു.