ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ബാബ രാംദേവിന്റെ ഉപവാസം തടയാനായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായി പോയെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. 2011 ജൂണിലായിരുന്നു സംഭവം. വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബാബ രാംദേവ് ഡൽഹി രാംലീല മൈതാനത്ത് ഉപവാസസമരം ആരംഭിക്കാനിരിക്കുകയായിരുന്നു. അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധസമരം മൂലം പ്രതിരോധത്തിലായിരുന്ന കേന്ദ്ര സർക്കാരിന് ബാബ രാംദേവിന്റെ സമരം മുളയിലെ നുള്ളേണ്ടത് അത്യാവശ്യമായിരുന്നു.

ഒരു മുതിർന്ന നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ബാബരാംദേവിനെ കാണാൻ പ്രണബ് തീരുമാനിച്ചത്. യോഗഗുരുവും അനുയായികളും ഡൽഹിയിലേക്ക് എത്തും മുമ്പ് അദ്ദേഹത്തെ കണ്ട് സംസാരിച്ചാൽ ഒരുപക്ഷേ സമരത്തിൽ നിന്ന് പിന്മാറുമെന്നായിരുന്നു ഉപദേശം. അന്ന് പ്രണബ് ധനകാര്യമന്ത്രിയായിരുന്നു. ഹിന്ദിയിൽ അത്ര ഒഴുക്കില്ലാത്തതുകൊണ്ട് എച്ച്ആർഡി മന്ത്രി കപിൽ സിബലിനെയും ബാബയെ കാണാൻ ഒപ്പം കൂട്ടി. ഉജ്ജയിനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വന്ന ബാബയെ ഇരുവരും ഒന്നിച്ചാണ് ഡൽഹി വിമാനത്താവളത്തിൽ കണ്ടത്. എന്നാൽ, തന്റെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നുവെന്നും, അതൊരബദ്ധമായിരുന്നുവെന്നും പ്രണബ് മുഖർജി ഇന്ത്യൻ എക്സ്‌പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ബാബ രാംദേവിനെ കണ്ടെങ്കിലും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രണബിനും, സിബലിനും കഴിഞ്ഞില്ല.ജൂൺ നാലിന് അർദ്ധരാത്രിയോടെ, യോഗഗുരു സമരം തുടങ്ങിയെങ്കിലും സുരക്ഷാസേന അദ്ദേഹത്തെ ഒഴിപ്പിച്ചു. പിന്നീട് ഹരിദ്വാറിലാണ് ബാബ രാംദേവ് ഉപവാസസമരം നടത്തിയത്. ഏതായാലും ഈ സംഭവം രണ്ടാം യുപിഎ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേൽപ്പിക്കുകയും ചെയ്തു.