ന്യൂഡൽഹി: അന്തരിച്ച മൂൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഉണ്ടായിരുന്നത് രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളും സൗഹൃദവും. തമാശക്കഥകൾ കേൾക്കാൻ ഏറേ താത്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നമ്മുടെ തൃശൂരിയെ 'തീറ്റ റപ്പായി'യും അദ്ദേഹത്തിന്റെ ഇഷ്ടകഥാപാത്രമായിരുന്നു. ഒരു മലയാളി മാധ്യമപ്രവർത്തകൻ ഒരിക്കൽ അഭിമുഖത്തിന് ചെന്നപ്പോൾ 'റപ്പായിക്കഥകൾ അറിയില്ലേ'യെന്നായിരുന്നു പ്രണബിന്റെ ആദ്യചോദ്യം.

ബംഗാളി ഭക്ഷണത്തിൽ ഏറേ തത്പരനാണ്. എല്ലാ വർഷവും തന്റെ നാട്ടിൽ നിന്നുള്ള ലിച്ചിപ്പഴവും മാങ്ങയും കക്ഷിഭേദമില്ലാതെ പ്രണബ് എല്ലാ നേതാക്കൾക്കും അയച്ചു കൊടുക്കുമായിരുന്നു. ഒന്നാം യു.പി.എ. സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് മുസാഫർപുരിലെ ലിച്ചിയാണ് ബഹുകേമമെന്നു പറഞ്ഞതാണ് പ്രകോപനം. എന്നാൽ, തന്റെ നാട്ടിലെ പഴങ്ങളെ തോല്പിക്കാൻ വേറൊന്നുമില്ലെന്ന് വാദിച്ച പ്രണബ് അന്നു മുതൽ രാഷ്ട്രീയ നേതാക്കൾക്ക് ലിച്ചിയും മാങ്ങയും സമ്മാനിക്കാൻ തുടങ്ങി.

സ്വന്തം നാടായ ബംഗാളിൽ ഇരുപാർട്ടികളും ഏറ്റുമുട്ടുകയായിരുന്നെങ്കിലും സിപിഎമ്മുമായി പ്രണബിന് എക്കാലവും മൃദുസമീപനം ആയിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ അടുത്ത സുഹൃത്തായിരുന്നു പ്രണബ്. ബംഗാളിൽ നന്ദിഗ്രാം, സിംഗൂർ പ്രശ്നങ്ങൾ കത്തിക്കാളുമ്പോൾ ഒരിക്കലും പ്രണബും സിപിഎമ്മും കൊമ്പു കോർത്തിട്ടില്ല. നന്ദിഗ്രാം, സിംഗൂർ വിഷയങ്ങളുയർത്തി ബംഗാളിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടികളിലൊന്നും പ്രണബ് പ്രസംഗിക്കാൻ പോയില്ല.ബംഗാളിലെ കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻദാസ് മുൻഷി പലതവണ ക്ഷണിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കേന്ദ്രസർക്കാറിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിനെതിരെ പ്രസംഗിക്കാൻ താനില്ലെന്നായിരുന്നു പ്രണബിന്റെ മറുപടി. കാരണം ഇതൊന്നുമായിരുന്നില്ല. ബുദ്ധദേവ് ഭട്ടാചാര്യയുമായുള്ള സൗഹൃദമായിരുന്നു ഈ പിന്മാറ്റത്തിനു പിന്നിൽ. രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടപ്പോൾ ഇടതുപക്ഷത്തിന്റെ പിന്തുണ തേടി പ്രണബ് ആദ്യം വിളിച്ചതും ബുദ്ധദേവിനെയാണ്. പ്രണബിനെ പിന്തുണയ്ക്കാൻ സിപിഎം. തീരുമാനിച്ചത് ബുദ്ധദേവിന്റെ കടുത്ത നിർബന്ധത്തിലായിരുന്നു.

എ കെ ആന്റണിയുമായും മന്മോഹനുമായും അത്മബന്ധം

കേരളത്തിൽ അദ്ദേഹത്തിന് ആത്മബന്ധം ഉണ്ടായിരുന്നത് എ കെ ആന്റണിയോടായിരുന്നു.
2006-ൽ പ്രതിരോധമന്ത്രി സ്ഥാനത്തു നിന്നും വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ പ്രണബ് നിയുക്തമന്ത്രി ആന്റണിയോടു പറഞ്ഞത് രസകരമാണ്. ''ആന്റണി, എന്റെ ഉറക്കമില്ലാത്ത രാത്രികൾ ഇതാ ഞാൻ നിങ്ങൾക്കു കൈമാറുന്നു.' അതുപോലെ തന്നെയുള്ള നല്ല ബന്ധമായിരുന്ന മന്മോഹനുമായും.

ഇന്ദിരാസർക്കാറിൽ ധനമന്ത്രിയായിരുന്ന പ്രണബാണ് ഡോ. മന്മോഹൻ സിങ്ങിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുന്നത്. പിന്നീട് മന്മോഹൻ പ്രധാനമന്ത്രിയായ യു.പി.എ. സർക്കാറിൽ പ്രണബ് ധനമന്ത്രിയായത് തികച്ചും യാദൃച്ഛികം. എന്നാൽ, പഴയ ഓർമയിലാവണം, കോർ കമ്മിറ്റി യോഗത്തിൽ പ്രണബിനെ മന്മോഹൻ സിങ് അഭിസംബോധന ചെയ്തത് സർ എന്നായിരുന്നു. ''ഇങ്ങനെയെങ്കിൽ ഇനിയുള്ള യോഗങ്ങളിൽ താൻ പങ്കെടുക്കില്ലെ''ന്ന് പ്രണബിന്റെ ഭീഷണി. ഒടുവിൽ ഇരുവരും ധാരണയിലെത്തി. മന്മോഹൻ 'പ്രണബ്ജി'യെന്നും തിരിച്ച് ഡോ. സിങ് എന്നും അഭിസംബോധന ചെയ്യാമെന്നായിരുന്നു ധാരണ.

എതിർക്കുമ്പോഴും കഴിവിനെ അംഗീകരിച്ച് ഇന്ദിരയും

പുകവലി ശീലമുണ്ടായിരുന്ന പ്രണബ് പിന്നീടതു നിർത്തി. സിഗരറ്റ് പായ്ക്കറ്റുകളിൽ അർബുദത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ പതിപ്പിക്കാൻ ആദ്യ യു.പി.എ. സർക്കാറിലെ ആരോഗ്യമന്ത്രി അൻപുമണി രാംദാസ് തീരുമാനിച്ചു. പുകവലി മൂലമുള്ള കാൻസറിന്റെ ദാരുണചിത്രങ്ങളായിരുന്നു ആദ്യമൊക്കെ പായ്ക്കറ്റുകളിൽ. എന്നാൽ, ഇത്രയും നടുക്കുന്ന ചിത്രങ്ങൾ പതിപ്പിക്കരുതെന്നുള്ള പ്രണബിന്റെ വാശി വിജയിച്ചു. തന്റെ ജില്ലയിലെ ബീഡിത്തൊഴിലാളികളായിരുന്നു ഇതുപറയുമ്പോൾ പ്രണബിന്റെ മനസ്സിൽ.

ഇന്ദിരാഗാന്ധിയുമായും പലതവണ ഇടങ്ങിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റ കഴിവിൽ ഇന്ദിരാഗാന്ധിക്കും പൂർണ്ണ വിശ്വാസമായിരുന്നു. ഇന്ദിരയുടെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന പ്രണബ് അവർ പറഞ്ഞതുകേൾക്കാതെ 1980-ൽ ലോക്സഭയിലേക്ക് മത്സരിച്ചു. ''നിങ്ങൾ തോൽക്കുമെന്ന് എല്ലാവർക്കുമറിയാം. ഭാര്യയ്ക്കുപോലും അതിൽ തർക്കമുണ്ടാവില്ല. എന്നിട്ടും മത്സരിച്ച് എനിക്കു പ്രയാസമുണ്ടാക്കുന്നത് എന്തിനാണ്?'' - ഇതായിരുന്നു പ്രണബിനോട് രോഷത്തോടെ ഇന്ദിരയുടെ ചോദ്യം. രണ്ടു ദിവസത്തിനുശേഷം പ്രണബിന്റെ വീട്ടിലേക്ക് സഞ്ജയ് ഗാന്ധിയുടെ വിളിയെത്തി. ''അമ്മയ്ക്ക് നിങ്ങളോട് വലിയ ദേഷ്യമാണ്. എന്നിട്ടും അവർ ചോദിക്കുന്നു, നിങ്ങളില്ലാതെ എങ്ങനെ മന്ത്രിസഭയുണ്ടാക്കുമെന്ന്. അതുകൊണ്ട് നാളെത്തന്നെ വിമാനം കയറി ഡൽഹിയിലെത്തണം.'' തുടർന്നുള്ള മന്ത്രിസഭയിലും പ്രണബ് പങ്കാളിയായത് ഇന്ദിരയുടെ ഈ വിശ്വാസത്തിലായിരുന്നു.