കൊച്ചി: മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്നത് തുടരാനാണ് മോഹൻലാലിന്റെ മകൻ പ്രണവിന്റെ തീരുമാനം. പ്രണവ് നായകനാകുന്ന ജിത്തു ജോസഫ് ചിത്രം ആദിയുടെ ഷൂട്ടിങ് തുടരുകയാണ്. അപ്പോഴും പരസ്യ പ്രതികരണങ്ങളോട് പ്രണവിന് താൽപ്പര്യമില്ല. ഓണപ്പതിപ്പുകളിൽ പ്രണവിന്റെ അഭിമുഖത്തിനെത്തിയവരെല്ലാം നിരാശരായി മടങ്ങി.

'എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എന്റെ സ്വകാര്യതകൾ അറിഞ്ഞിട്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്.'എന്നായിരുന്നു അഭിമുഖം എടുക്കാൻ എത്തിയവരോട് പ്രണവ് മോഹൻലാലിന്റെ പ്രതികരണം. തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും പ്രണവിന്റെ മറുപടി സാത്വികം, 'പ്രത്യേകമായി ഒന്നുമില്ല. അങ്ങനെ ജീവിച്ച് പോകുക, യാത്രകൾ ഒരുപാട് ഇഷ്ടമാണ്'.-പ്രണവിന് ഇത്രമാത്രമേ പറയാനുള്ളൂ. സൂപ്പർതാരമായ അച്ഛനൊപ്പമുള്ള സ്വകാര്യ മുഹൂർത്തങ്ങളോ അനുഭവങ്ങളോ ഒന്നും പുറം ലോകത്തോട് തുറന്നു പറയാൻ പ്രണവ് തയ്യാറല്ല.

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാവുന്ന ജീത്തു ജോസഫ് ചിത്രം 'ആദി'യുടെ ചിത്രീകരണം ഒ.ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പുരോഗമിക്കുന്നത്. പുനർജനി എന്ന ചിത്രത്തിൽ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് മോഹൻലാൽ ഒന്നാമൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു.

ജീത്തു ജോസഫിന് കീഴിൽ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായിരുന്നു പ്രണവ്. പ്രണവിന് ഇപ്പോൾ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെയും നായക അരങ്ങേറ്റം.