തിരുവനന്തപുരം: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ഇപ്പോഴിത ചിത്രത്തിന്റെ മികച്ച അഭിപ്രായത്തിൽ നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രണവ്.

'നാടോടിക്കാറ്റി'ലെ ഒരു ശ്രദ്ധേയ രംഗത്തിന്റെ ലൊക്കേഷനായിരുന്ന ചെന്നൈ ബസന്ത് നഗർ ബീച്ചിൽ നിന്നുള്ള തന്റെയും വിനീതിന്റെയും ചിത്രമാണ് പ്രണവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങൾക്കും സ്‌നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു', ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു. പ്രണവിനൊപ്പമുള്ള ഇതേ ചിത്രം വിനീത് ശ്രിനിവാസനും ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു.

 

വിനീതും പ്രണവും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രേക്ഷക പ്രതീക്ഷകളുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കോവിഡ് സാഹചര്യമായിട്ടും ആദ്യദിനം ഭൂരിഭാഗം സെന്ററുകളിലും ഹൗസ്ഫുൾ ഷോകൾ കളിച്ച ചിത്രത്തിന് മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്.

'അരുൺ നീലകണ്ഠൻ' എന്ന യുവാവിന്റെ 17 മുതൽ 30 വയസ് വരെയുള്ള ജീവിതത്തെ പിന്തുടരുകയാണ് ചിത്രം. തമിഴ്‌നാട്ടിലെ ഒരു പ്രൊഫഷണൽ കോളെജിൽ എൻജിനീയറിങ് വിദ്യാർത്ഥിയായി എത്തുന്നത് മുതൽ അയാളുടെ വിവാഹജീവിതത്തിന്റെ ആദ്യ ഘട്ടം വരെയാണ് ചിത്രം പറയുന്നത്. പ്രണവ് ആണ് അരുൺ നീലകണ്ഠനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തിൽ. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും.