- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയോപനിഷത്ത് അഥവാ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ: മോഹൻലാൽ സിനിമയുടെ മൂലകഥ വീണ്ടും വായിക്കുമ്പോൾ
രണ്ടുപതിറ്റാണ്ടു മുൻപ്, 'പുറപ്പാടിന്റെ പുസ്തകം' എന്ന ആദ്യനോവൽ അവതരിപ്പിക്കുമ്പോൾ വി.ജെ. ജയിംസ് ആധുനികതയുടെ മുഖ്യധാരാഭാവുകത്വത്തിനു പുറത്തുകടന്നിരുന്നില്ല. എന്നാൽ രണ്ടാമത്തെ നോവലായ 'ചോരശാസ്ത്രം' തൊട്ടുള്ള രചനകളിൽ എഴുത്തിന്റെ കലയും സൗന്ദര്യവും ജയിംസ് പുനർനിർവചിച്ചു. മലയാളഭാവനയിൽ തന്റെ കാലത്തിന്റെ കയ്യൊപ്പിടാൻ അവിടംതൊട്ട് ജയിംസ് ശ്രദ്ധിച്ചു. ഒടുവിൽ പുറത്തുവന്ന 'നിരീശ്വരൻ' പോലും പലമാനങ്ങളിൽ നമ്മുടെ കാലത്തിന്റെ രാഷ്ട്രീയാന്തരീക്ഷങ്ങളോട് സംവദിക്കുന്ന രചനയായി മാറി. ചെറുകഥയിലും സമാനമാണ് കാര്യങ്ങൾ. ഏറെക്കുറെ മൗലികമായ ഒരു വഴി വേറിട്ടെടുത്ത് തന്റെ കഥാലോകം സജീവമാക്കി നിലനിർത്താൻ ജയിംസിനു കഴിയുന്നു. തന്റെതന്നെ തലമുറയിൽപെടുന്ന സന്തോഷ്‌കുമാറിന്റെയോ സെബാസ്റ്റ്യന്റെയോ സുഭാഷ്ചന്ദ്രന്റെയോ കഥകളിലെന്നപോലെ, ജീവിതവും മരണവും തമ്മിലുള്ള ചതുരംഗക്കളിയുടെ തലച്ചോറുപിളർക്കുന്ന പിരിമുറുക്കങ്ങളല്ല ജയിംസ് ആവിഷ്‌ക്കരിക്കുന്നത്. മറിച്ച്, ഏതാണ്ടൊരു സക്കറിയൻ പാരമ്പര്യത്തിൽ, മധ്യവർഗത്തിന്റെ കാമനാലോകങ്ങൾക്ക് വ്യവസ്ഥിതികളോടും
രണ്ടുപതിറ്റാണ്ടു മുൻപ്, 'പുറപ്പാടിന്റെ പുസ്തകം' എന്ന ആദ്യനോവൽ അവതരിപ്പിക്കുമ്പോൾ വി.ജെ. ജയിംസ് ആധുനികതയുടെ മുഖ്യധാരാഭാവുകത്വത്തിനു പുറത്തുകടന്നിരുന്നില്ല. എന്നാൽ രണ്ടാമത്തെ നോവലായ 'ചോരശാസ്ത്രം' തൊട്ടുള്ള രചനകളിൽ എഴുത്തിന്റെ കലയും സൗന്ദര്യവും ജയിംസ് പുനർനിർവചിച്ചു. മലയാളഭാവനയിൽ തന്റെ കാലത്തിന്റെ കയ്യൊപ്പിടാൻ അവിടംതൊട്ട് ജയിംസ് ശ്രദ്ധിച്ചു. ഒടുവിൽ പുറത്തുവന്ന 'നിരീശ്വരൻ' പോലും പലമാനങ്ങളിൽ നമ്മുടെ കാലത്തിന്റെ രാഷ്ട്രീയാന്തരീക്ഷങ്ങളോട് സംവദിക്കുന്ന രചനയായി മാറി. ചെറുകഥയിലും സമാനമാണ് കാര്യങ്ങൾ. ഏറെക്കുറെ മൗലികമായ ഒരു വഴി വേറിട്ടെടുത്ത് തന്റെ കഥാലോകം സജീവമാക്കി നിലനിർത്താൻ ജയിംസിനു കഴിയുന്നു. തന്റെതന്നെ തലമുറയിൽപെടുന്ന സന്തോഷ്‌കുമാറിന്റെയോ സെബാസ്റ്റ്യന്റെയോ സുഭാഷ്ചന്ദ്രന്റെയോ കഥകളിലെന്നപോലെ, ജീവിതവും മരണവും തമ്മിലുള്ള ചതുരംഗക്കളിയുടെ തലച്ചോറുപിളർക്കുന്ന പിരിമുറുക്കങ്ങളല്ല ജയിംസ് ആവിഷ്‌ക്കരിക്കുന്നത്. മറിച്ച്, ഏതാണ്ടൊരു സക്കറിയൻ പാരമ്പര്യത്തിൽ, മധ്യവർഗത്തിന്റെ കാമനാലോകങ്ങൾക്ക് വ്യവസ്ഥിതികളോടും മൂല്യങ്ങളോടും സ്ഥാപനങ്ങളോടുമുണ്ടാകുന്ന സംഘർഷത്തിന്റെ ഒട്ടൊക്കെ നിർമ്മമവും നർമഭരിതവുമായ തിരയിളക്കങ്ങളാണ് അവയിലുള്ളത്.
രണ്ടുതരത്തിലുള്ള നർമമാണ് പൊതുവെ സാഹിത്യ, കലാഭാവനയിൽ നാം കണ്ടുമുട്ടാറുള്ളത്. ഒന്ന്, വ്യക്തിനിഷ്ഠമായ ജീവിതസന്ദർഭങ്ങളെ കേന്ദ്രീകരിച്ചു സൃഷ്ടിക്കപ്പെടുന്ന ജനപ്രിയനർമത്തിന്റെ ചിരിമുഹൂർത്തങ്ങൾ. വാണിജ്യസിനിമകളിലും ടെലിവിഷൻ സ്‌കിറ്റുകളിലും സ്റ്റേജ്‌ഷോകളിലും വേളൂർ കൃഷ്ണൻകുട്ടി മുതൽ വി.ഡി. രാജപ്പൻ വരെയുള്ളവരുടെ രചനകളിലുമൊക്കെ മലയാളി പരിചയപ്പെടുന്നത് ഇത്തരമൊരു ഫലിതമണ്ഡലമാണ്. ഇക്കിളിനർമത്തിലവസാനിക്കുന്ന ഹാസ്യഭാവനയുടെ തൽക്കാലജീവിതങ്ങൾ.
എന്നാൽ ഇതിൽനിന്നു ഭിന്നമായ ഒരു നർമഭാവനയുണ്ട്. ഏതുതലത്തിലും വ്യക്തിനിഷ്ഠമെന്നതിനെക്കാൾ സാമൂഹികമായ മാനങ്ങളുള്ള ഒന്ന്. സൗന്ദര്യാത്മകമെന്നതുപോലെതന്നെ അത് ചരിത്രാത്മകവുമാണ്; ലാവണ്യാത്മകമെന്നതുപോലെതന്നെ അത് പ്രത്യയശാസ്ത്രപരവുമാണ്; സാഹിതീയവും കലാപരവും എന്നതുപോലെതന്നെ അത് രാഷ്ട്രീയവുമാണ്. നോവലിൽ റെബലെയിലും സെർവാന്റീസിലുമാരംഭിക്കുന്ന മധ്യകാല രാഷ്ട്രീയരചനകൾ മുതൽ ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതങ്ങളായ ഓർവെല്ലിയൻ അന്യാപദേശങ്ങൾ വരെയുള്ളവ ഈ നർമത്തിന്റെ ഭാവനാരൂപങ്ങളാണ്; ക്ലാസിക് മാതൃകകളുമാണ്. കഥയിലും കാണാം സമാനമായ നർമഭാവനയുടെ ഒരു ആനന്ദധാര. ഡക്കാമറൺ കഥകൾ മുതൽ ബോർഹെസിയൻ, മാർക്കേസിയൻ നീരാളിഭാവനകൾ വരെ.
നിലനിൽക്കുന്ന വ്യവസ്ഥകളെയും മൂല്യങ്ങളെയും പരിഹസിക്കുക എന്നുവച്ചാൽ നിലനിൽക്കുന്ന അധികാരഘടനയെ വിമർശിക്കുക എന്നാണർഥം. മലയാളത്തിൽ ചെറുകഥയുടെ തുടക്കംതന്നെയും (കേസരി നായനാർ) ഇത്തരമൊരു അധികാരവിഡംബനത്തിന്റെ രാഷ്ട്രീയഭാവുകത്വം ഏറ്റെടുത്തുകൊണ്ടാണ്. ഇ.വി. കൃഷ്ണപിള്ള മുതൽ ബഷീറും വിജയനും വി.കെ.എന്നും ശിവകുമാറുമുൾപ്പെടെയുള്ളവർ ഈവഴി മുന്നോട്ടു സഞ്ചരിച്ചു. ശരീരവും ആത്മാവും തമ്മിലുള്ള യുദ്ധത്തിൽ ആത്മാവ് തോറ്റുതുന്നംപാടുന്ന മധ്യകേരളത്തിലെ നസ്രാണികളുടെ സദാചാരസങ്കല്പങ്ങളെ കേന്ദ്രീകരിച്ച് സക്കറിയ സൃഷ്ടിച്ച സവിശേഷമായൊരു നർമഭാവനയുടെ മൗലികമായ തുടർച്ചയായാണ് വി.ജെ. ജയിംസിന്റെ കഥകളുടെ കലാഭൂമിക രൂപപ്പെടുന്നത്. കഥാപാത്രങ്ങൾ വ്യക്തിപരമായി നസ്രാണികളാണോ എന്നതല്ല പ്രസക്തം. ജീവിതം മൂല്യപരമായി നേരിടുന്ന വെല്ലുവിളികൾ പലതും ഈ നസ്രാണിത്തത്തിലൂന്നിയുള്ളതാണോ എന്നതാണ്. 'പ്രണയോപനിഷത്ത്' എന്ന സമാഹാരത്തിലെ കഥകൾ ഏതാണ്ടൊന്നടങ്കം വെളിപ്പെടുത്തുന്നത് ജയിംസ് കൃതഹസ്തത നേടിക്കഴിഞ്ഞ ഇത്തരമൊരു ജീവിത-സാമൂഹ്യ-മൂല്യ-വ്യവസ്ഥാവിമർശനത്തിന്റെ നർമനിർഭരമായ ആഖ്യാനകലയാണ്.
ഒൻപതു കഥകളുണ്ട് ഈ സമാഹാരത്തിൽ. കമ്യൂണിസ്റ്റനന്തര റഷ്യയിൽ രഹസ്യസ്വഭാവമുള്ള ബഹിരാകാശ സാങ്കേതികവിദ്യ പഠിക്കാൻ പോകുന്ന മലയാളിക്ക് ഹോട്ടലിലെ റൂം ക്ലീനറായ വോൾഗയുമായുണ്ടാകുന്ന അദൃശ്യപ്രണയത്തിന്റെ പ്രസാദഭരിതമായ ആവിഷ്‌ക്കാരമാണ് 'വോൾഗ'. കാല്പനികപ്രണയത്തിന്റെ കാതരഭാവങ്ങളെ സറ്റയറിക്കൽ ഭാവനയിലേക്കു പരാവർത്തനം ചെയ്യുന്ന രീതിയിലാണ് ഈ കഥയുടെ രചന. റഷ്യക്കാരെയും മലയാളികളെയും താരതമ്യം ചെയ്ത് ജയിംസ് എഴുതുന്നു: 'റഷ്യക്കാർ അങ്ങനെയാണ്, ഒരു കാര്യത്തിൽ മനസ്സർപ്പിച്ചാൽ അതിലവർ നൂറുശതമാനം മുഴുകും. ജോലിചെയ്യുമ്പോൾ അതിൽ, പഠിക്കുമ്പോൾ അതിൽ, രതിയിലേർപ്പെടുമ്പോൾ അതിൽ. അല്ലാതെ പഠനത്തിനും ജോലിക്കുമിടയിൽ രതികലർത്തി മൂന്നും മോശമാക്കുന്ന മലയാളിസ്വഭാവമൊന്നും അവർക്കില്ല.' പ്രണയം തലയ്ക്കുപിടിച്ചപ്പോൾ ബന്ധുവിനു കൊടുക്കാൻ നാട്ടിൽനിന്നു ഭാര്യ തന്നയച്ച അമ്പലപ്പുഴ പാൽപ്പായസം മുഴുവൻ വോൾഗക്കു നൽകി. ഒടുവിൽ തന്റെ കയ്യിലുണ്ടായിരുന്ന പാർക്കർ പേനയും അതുകൊണ്ട് 'ക്യൂബാമുകുന്ദ'ന്റെ ചൈനാപ്രേമം ഓർമ്മിപ്പിക്കുംവിധം 'ലാൽസലാം' എന്ന് മലയാളത്തിലെഴുതിയും വോൾഗക്കു സമർപ്പിച്ചിട്ടാണ് അയാൾ തിരിച്ചു നാട്ടിലെത്തുന്നത്.
മദ്യപാനസദസ്സൊരുക്കി ജീവിതാനന്ദങ്ങൾക്കു കൂട്ടിരുന്ന സുഹൃത്ത് സക്കറിയ കാൻസർ ബാധിച്ചു മരിച്ചത് ബന്ദ് ദിവസം. അയാളുടെ അന്ത്യാഭിലാഷം, തന്റെ ശവപ്പെട്ടിക്കുള്ളിൽ ഒരു കുപ്പി മദ്യം വയ്ക്കാൻ മറക്കരുതെന്നതും. തിരുവനന്തപുരത്തുനിന്ന് പാലായിലെത്തി വഴിമധ്യേ എങ്ങനെയൊക്കെയോ ഒരു കുപ്പിയും സംഘടിപ്പിച്ച് സമർഥമായി അതു ശവപ്പെട്ടിയിൽ നിക്ഷേപിച്ചുമടങ്ങുന്ന എബി കുര്യന്റെ കഥയാണ് 'ദ്രാക്ഷാരസം'. സഹപ്രവർത്തകരുടെ മരണയാത്രകൾ ഘോഷയാത്രകളും ആഘോഷവേളകളുമാക്കി മാറ്റുന്ന വ്യാജസ്‌നേഹിതരുടെ ലോകം മറനീങ്ങുന്ന രചന. നമ്മുടെ കാലത്തെ മധ്യവർഗനഗരസൗഹൃദങ്ങളുടെ ഉള്ളുപൊള്ളയായ അഭിനയമൂഹൂർത്തങ്ങളിലൊന്നിന്റെ പച്ചയായ ആവിഷ്‌ക്കാരം.
യോഹന്നാൻ, ആനിമ്മ ദമ്പതികളുടെ കിടപ്പറവരൾച്ചകളും കട്ടിലകലങ്ങളും ഉടൽദാരിദ്ര്യങ്ങളും മനഃശ്ചാഞ്ചല്യങ്ങളും മത്സരിച്ചർമാദിക്കുന്ന കഥയാണ് പ്രണയോപനിഷത്ത്. പ്രായം നാല്പതുകളുടെ ഒടുവിലെത്തിയ യോഹന്നാന് ആരെയെങ്കിലും പ്രേമിക്കണമെന്ന തോന്നൽ കലശലായി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ്, അതു ഭാര്യയെത്തന്നെയാകാം എന്നു തീരുമാനിക്കുന്നു. ദാമ്പത്യത്തിൽ പ്രണയം നഷ്ടമാകുന്ന മുഴുവൻ മനുഷ്യരെയും പോലെയായിരുന്നു യോഹന്നാനും ആനിമ്മയും. പക്ഷേ അവർ അസാധാരണമായൊരു പ്രണയാർദ്രതയിലേക്കു പടികയറിപ്പോയി. നർമമധുരമായി ആ പ്രണയത്തിന്റെ ഏദൻതോട്ടം വരച്ചിടുകയാണ് ജയിംസ്. ഇത്രമേൽ നിരാസക്തിയോടെ ദാമ്പത്യത്തിലെ ആസക്തിനഷ്ടങ്ങളും വേണമെങ്കിൽ സംഭവിക്കാവുന്ന അവയുടെ തിരിച്ചുവരവുകളും വിഷയമാക്കുന്ന മറ്റൊരു കഥ മലയാളത്തിൽ കണ്ടിട്ടില്ല. ആൾക്കൂട്ടത്തിൽ മാത്രമല്ല, ദാമ്പത്യത്തിലും മനുഷ്യർ ഒറ്റയ്ക്കാകുന്നതിന്റെ എത്രയും യഥാതഥവും അത്രയും തന്നെ ഹാസ്യാത്മകവുമായ അവതരണം. സർപ്പഫണം പോലെ ഉള്ളിൽ പത്തിവിരിക്കുന്ന ചതികളും വഞ്ചനകളും വേലിചാടുന്ന രതിമോഹങ്ങളും തല്ലിയൊതുക്കി, സ്‌നേഹവും പ്രണയവും അഭിനയിച്ചാഘോഷിക്കുന്ന നഗ്നജീവിതങ്ങളുടെ ഗുണപാഠകഥയാണ് 'പ്രണയോപനിഷത്ത്'. മത-ലൗകിക ജീവിതങ്ങൾക്കിടയിലെ വ്യാജദർപ്പണങ്ങളെ തട്ടിപ്പൊട്ടിക്കുന്ന സക്കറിയൻ നർമത്തിന്റെ തിരയടിയുള്ള രചന.
'പ്രവചനങ്ങളിലുള്ള അമിതവിശ്വാസം കാരണം, തസ്‌കരഭയമുണ്ടെന്ന് നിത്യജ്യോതിഷത്തിലെങ്ങാൻ വന്നാൽ അന്നുമുഴുവൻ ഒരജ്ഞാതമുഖംമൂടിയുടെ ഗൃഹപ്രവേശം കാത്താണ് ആനിമ്മ കഴിയാറ്. സന്താനലബ്ധിക്ക് സാധ്യത പ്രവചിക്കപ്പെട്ടാൽ ആ രാത്രി എനിക്ക് ഉലുവക്കഞ്ഞി വിളമ്പി ആനിമ്മ അടുത്ത മുറിയിൽ സ്വസ്ഥമായി ഉറങ്ങി. ഉലുവ പ്രമേഹത്തിനു മാത്രമല്ല വികാരശമനത്തിനും നല്ലതാണെന്ന് വല്ല്യമ്മച്ചി തന്റെ അനുഭവസാക്ഷ്യം വച്ച് ആനിമ്മയ്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. എന്നിട്ടുമെന്തേ വല്ല്യമ്മച്ചി ആണ്ടോടാണ്ട് പന്ത്രണ്ടുവട്ടം പെറ്റതെന്ന് ആനിമ്മയോടു ഞാൻ ചോദിച്ചിട്ടില്ല. ഉലുവക്കഞ്ഞികൊണ്ടും തളയ്ക്കാനാവാത്ത മഹാവില്ലനായ വല്ല്യപ്പച്ചനെക്കുറിച്ചു പറഞ്ഞ് പരിഹസിച്ചിട്ടുമില്ല. മറിച്ച് പരീക്ഷണകുതുകിയായ ഞാൻ എന്റെ ജന്മനക്ഷത്രം അറിവില്ലാഞ്ഞിട്ടും രാശിയേതെന്ന് ഗണിക്കാൻ ഉലുവയെ പ്രയോജനപ്പെടുത്തുകയാണ്ടുണ്ടായത്. ആനിമ്മയ്ക്ക് സന്താലബ്ധിക്ക് സാധ്യതയുള്ള നാളിൽ ഏതു രാശിക്കാർക്കാണ് ഉലുവക്കഞ്ഞി കുടിക്കാൻ വിധിയെന്ന് കണ്ടെത്തിയാൽ മതിയല്ലോ. ഇതുപ്രകാരം ശാസ്ത്രസമ്മതമായ ട്രയൽ ആൻഡ് എറർ മെതേഡിലൂടെ എന്റെ രാശി കർക്കിടകമാണെന്ന് ഞാൻ കണ്ടെത്തുകയും ചെയ്തു. ഞണ്ടുകറിയോട് എനിക്കുള്ള വൈകാരിക പ്രതിപത്തികൂടി കണക്കിലെടുക്കുമ്പോൾ-കർക്കിയെന്നാൽ ഞണ്ടെന്ന ന്യായേന-കൂറ് കർക്കിടകമാവാനേ വഴിയുള്ളൂ'.
യോഹന്നാൻ ഭാര്യയെ പ്രണയിക്കുന്നതിന്റെ കൗതുകകരമായ ഘട്ടങ്ങൾ അനവധിയുണ്ട് കഥയിൽ. ഒന്നു നോക്കുക: 'അടുത്ത ശമ്പളനാളിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടന്നും ഞാൻ ആനിമ്മയ്ക്ക് അവൾ കുറെക്കാലമായി മോഹിച്ചുകൊണ്ടിരുന്ന ഒരു കാഞ്ചീപുരം സാരിയും മധ്യത്തിൽ പൂപതിച്ച ഫോറിൻഷഡ്ഡിയും വാങ്ങിക്കൊടുത്തു.
'ഈശോ, ഈ ഇച്ചായനിതെന്തു പറ്റി' ആനിമ്മ അത്ഭുതപ്പെട്ടു.
ഇളം നീലനിറമുള്ള ആ കാഞ്ചീപുരത്തെ കുറെ നാളായി അവൾ മനസ്സിൽ ചുറ്റി നടക്കുന്നതാണ്. സാരി ശരീരത്തോട് ചേർത്തുപിടിച്ച് നീലഷഡ്ഡിയിലെ ചുവന്ന പൂവിലേക്കും എന്റെ മുഖത്തേക്കും അവൾ മാറിമാറി നോക്കി. വെറുതെ ചിക്കിലി ചെലവാക്കുന്ന വിഡ്ഢ്യാനൊന്നുമല്ല ഞാനെന്ന് അവൾക്ക് നന്നായറിയാം. അന്തിനേരമ്പോക്കിന് എനിക്ക് ആവേശം തോന്നിയിട്ടാവും വിലപിടിച്ച ഈ സമ്മാനങ്ങളെന്നേ ആനിമ്മയ്ക്ക് ചിന്ത പോയുള്ളുവെന്ന് അവളുടെ നോട്ടത്തിൽനിന്നെനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞു. പുരുഷന്മാർക്ക് നാല്പത് നാല്പത്തഞ്ചൊക്കെയാവുമ്പോൾ ഒരിളക്കമൊക്കെ കൂടുതലാണെന്ന് അവളുടെ ചില അനുഭവപ്രതിഭകളായ കൂട്ടുകാരികൾ പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. റീസർക്കുലേഷൻ എന്നാണത്രേ അതിനു പേര്. ഭർത്താവിന്റെ റീസർക്കുലേഷൻ കാലത്ത് ഭാര്യ കൊയ്ത്തുകഴിഞ്ഞ പാടംപോലെ തരിശായിക്കിടന്നാൽ ഭർത്താവ് വേറെ വിളവുതേടി പോവാൻ സാധ്യതയുള്ളതിനാൽ ആണിനെക്കാൾ എട്ടുവയസെങ്കിലും കുറവുള്ള പെണ്ണിനെക്കെട്ടുന്നതത്രേ ഉത്തമം. എനിക്കും ആനിമ്മയ്ക്കുമിടയിൽ ആകെയുള്ളത് മൂന്നു വർഷത്തെ മൂപ്പിളമ മാത്രമാണെന്നത് അവളെ ആധിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ റീസർക്കുലേഷൻ സംബന്ധിയായ വല്ല ഏനക്കേടുമായിരിക്കും എനിക്കെന്ന് ചിന്തിക്കാനേ ആനിമ്മയുടെ നേർബുദ്ധിക്ക് പ്രാപ്തിയുണ്ടായുള്ളൂ. അതോടെ എന്റെ ബ്ലഡ് സർക്കുലേഷൻ കൂടി-കാഞ്ചിപുരമേ മൂവായിരം രൂപാ....'
കാൽനൂറ്റാണ്ടിനുശേഷമുള്ള ഒരു ക്ലാസ്‌മേറ്റ് സമാഗമത്തിന്റെ കഥയാണ് 'വാഷിങ്ടൺ ഡി.സി'. അമേരിക്കയിൽ നിന്നെത്തിയ വിഷിയാണ് കേന്ദ്രകഥാപാത്രം. 'കുടുംബ'ങ്ങളെ ഒഴിവാക്കിയ രാത്രിയിൽ പുരുഷന്മാർ മദ്യപിച്ചും തെറിവിളിച്ചും യൗവനം തിരിച്ചുപിടിക്കുന്നു. പഴയ മൂന്നു ഹോസ്റ്ററൽ സുഹൃത്തുക്കളുമൊത്ത് വിഷി, കടപ്പുറത്തെത്തി മയാമി ബീച്ച് പുനഃസൃഷ്ടിക്കുന്നു. പിറ്റേന്ന് നഗരത്തിൽ ഒറ്റയ്ക്കു സഞ്ചരിച്ച് വിജയ്ഫാൻസിന്റെ ആവേശം പങ്കിട്ട് സിനിമ കാണുന്നു. പിന്നെ ബസ്സ്റ്റാൻഡിലെ പുരുഷന്മാർക്കുള്ള മൂത്രപ്പുരയിലെത്തി നിരന്നു നിൽക്കുന്ന ഒറ്റക്കൊമ്പന്മാരെയും.
കാലംതെറ്റിയോടുന്ന ക്ലോക്കിലെ സൂചികൾപോലെ ജീവിതത്തിന്റെയും ഓർമയുടെയും പ്രജ്ഞയുടെയും ദിശകൾ സ്തംഭിച്ചുനിൽക്കുന്ന മനുഷ്യാവസ്ഥയെക്കുറിച്ചാണ് 'സമയപുരുഷൻ' എന്ന കഥ. മുത്തച്ഛന്റെ ജീവിതവൈപരീത്യങ്ങളിൽ കമ്യൂണിസ്റ്റുകാരന്റെ വിശ്വാസസാക്ഷ്യങ്ങൾ മനോവിഭ്രമങ്ങളായി നിറയുന്ന കാലമാപിനി.
പാരീസിൽ ചിത്രപ്രദർശനം നടത്തുന്ന മനു പ്രസാദിന് മരിയ എന്ന ജർമ്മൻകാരിയുമായുണ്ടാകുന്ന ബന്ധവും അവളെയും കൂട്ടി നാട്ടിലെത്തി അനന്തരവൾ രേണുകയുടെ ഊമയും അനാഥനുമായ മകനെ സ്വന്തമാക്കി മടങ്ങുന്നതുമാണ് 'ചിത്രസൂത്ര'ത്തിന്റെ പ്രമേയം. അസാമാന്യമായ ചിത്രരചനാ പാടവം പ്രകടിപ്പിക്കുന്ന മൂന്നുവയസ്സുകാരനാണ് കുട്ടി. അച്ഛനാൽ തിരസ്‌കരിക്കപ്പെട്ടവൻ. ചിത്രസൂത്രമെന്ന പ്രാചീന ചിത്രകലാഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഭയുടെ ദംശനമേറ്റ അവനെ മനുവും മരിയയും ഏറ്റെടുക്കുന്നു.
കന്യാസ്ത്രീയായ അനിയത്തി മോളിയെക്കുറിച്ചുള്ള ഓർമകൾ റോയിയെ ഏറെക്കാലത്തിനുശേഷം വേട്ടയാടുന്ന നിമിഷങ്ങളുടെ കഥയാണ് 'അനിയത്തിപ്രാവ്'. ഉത്തരേന്ത്യയിൽനിന്ന് നാട്ടിലെത്തിയ മോളിയെ വേഷംമാറ്റി സെക്കൻഡ്‌ഷോക്കു കൊണ്ടുപോയതിന്റെയും പിന്നീട് ബോഡോ കലാപകാരികളാൽ അവൾ കൊല്ലപ്പെട്ടതിന്റെയും സ്മൃതികൾ. കാലങ്ങൾക്കുശേഷം കണ്ടുകിട്ടുന്ന മോളിയുടെ കത്തിൽ റോയി തന്റെ കൂടപ്പിറപ്പിന്റെ ദുരന്തങ്ങളോർത്തെടുക്കുമ്പോൾ, അയാളുടെ ഭാര്യയ്ക്കും മകൾക്കും അതു പരിഹാസ്യമായി തോന്നുന്നു. ഒരാളുടെ ദുഃഖം മറ്റാരുടെയുമാകാറില്ല എന്ന സത്യം രക്തബന്ധങ്ങൾക്കും ബാധകമാണെന്നയാൾ തിരിച്ചറിയുന്നു.
ഫേസ്‌ബുക്കിൽ ജനിക്കുന്ന ഒരു പ്രണയത്തിന്റെ നർമഭരിതമായ ദുരന്തപരിണതിയുടെ കഥയാണ് 'അനാമിക'. ശരൺ എന്ന സ്ത്രീവേട്ടക്കാരൻ ഫേസ്‌ബുക്കിൽ കണ്ടുമുട്ടുന്ന അനാമികയെ കാമിക്കുന്നു. ഭാര്യ ദമയന്തിയുമായി ശരൺ ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകുന്നില്ല. ദാമ്പത്യഭംഗം സംഭവിച്ചവരാണവർ. പരസ്പരം മിണ്ടാതെ, രണ്ടുമുറികളിലുറങ്ങി, ഒരു വീട്ടിൽ കഴിഞ്ഞുകൂടുന്നവർ. ദമയന്തിയുടെ ശരീരം തനിക്കു ധ്വജഭംഗം മാത്രമേ ഉണ്ടാക്കൂ എന്ന് അയാൾ പരസ്യമായാക്ഷേപിക്കുന്നു. പകരം, കത്തിക്കയറുന്ന കാമായനങ്ങളായി ശരൺ ഫേസ്‌ബുക്കിൽ അനാമികയുമായി വീഡിയോ ചാറ്റിങ് നടത്തി. അവൾ അയാളുടെ പ്രണയം അംഗീകരിക്കുമ്പോഴും സ്വയം വെളിപ്പെടാൻ തയ്യാറായില്ല. തന്റെ ശരീരം തുറന്നുകാണിച്ച് അനാമികയെ പ്രലോഭിപ്പിച്ച ശരണിനു മുന്നിൽ ഒടുവിൽ അവൾ മുഖപടം മാറ്റി. അത് ദമയന്തിതന്നെയായിരുന്നു. പക്ഷേ, കഥയിൽ പല സന്ദർഭങ്ങളിലും അനാമിക ദമയന്തിതന്നെയായിരിക്കും എന്നു സൂചിപ്പിച്ച് ആഖ്യാനത്തിൽ സസ്‌പെൻസ് റദ്ദുചെയ്യുകയാണ് ജയിംസിന്റെ കലാതന്ത്രം.
'കാഴ്ചയുടെ സമൃദ്ധിയിൽ സ്വയലാളനകളുടെ വികാരച്ചുഴിയിലേക്ക് അയാളുടെ ഒറ്റത്തടിമരം അനാമിക കെട്ടഴിച്ചുവിടും. അയാൾ കാമിച്ച നിമിഷങ്ങളെ സൗജന്യംപോലെ മുന്നിലേക്കവൾ എറിഞ്ഞിട്ടുകൊടുക്കും. അറിയാവുന്ന പുന്നാരങ്ങളെല്ലാം അനാമികയ്ക്കായി ഓർത്തെടുപ്പിച്ച്, രതിചപലതകളിലേക്കുള്ള അയാളുടെ സഞ്ചാരം ദ്രുതമാക്കിക്കൊണ്ട് അവളന്നേരം ഗൗണിൽനിന്നും പൂർണ്ണസ്വതന്ത്രയാവും. വെബ്ക്യാമിലൂടെ ഇത്ര തുറന്ന ക്ഷണം ലഭിച്ച ആവേശത്തിൽ ഇതുവരെ പ്രാപ്യമല്ലാതിരുന്ന അനുഭൂതിയുടെ മുകളിലേക്കയാൾ കിതച്ചുകിതച്ച് കയറിപ്പോകുമ്പോൾ അയാളാഗ്രഹിച്ചതുപോലെ ശിരോകവചവും എടുത്തുമാറ്റപ്പെടും. കൃത്യമായും അതയാളുടെ വിസ്‌ഫോടന നിമിഷത്തിൽ തന്നെയായിരിക്കും. ആ ഒരു നിമിഷത്തിൽ ഇടിമുഴക്കത്തേക്കാൾ ശബ്ദായമാനമായൊരു നോട്ടം വാക്കിന്റെ കൂരമ്പുകളായി അയാൾക്കുമേൽ തറയ്ക്കും.
'ഈ ശരീരമല്ലേ നിങ്ങൾക്ക് മടുപ്പാണെന്നു പറഞ്ഞത്. അതേ ശരീരംകണ്ട് വികാരപ്പെട്ടല്ലേ നാണം കെട്ടത് പ്രവർത്തിച്ചതും'.
സ്വയം മറയ്ക്കാൻ അത്തിയിലപോലുമില്ലാതെ, രതിമൂർച്ഛയ്ക്കും ജഡത്വത്തിനുമിടയിൽ അസ്തിത്വം ചിതറിപ്പോകുന്നവനെക്കുറിച്ച് ലഹരിയോടെ ഓർത്ത്, ഉടലിനേറ്റ അപമാനത്തെ ഉടലുകൊണ്ട് പരിഹരിക്കാനായി, അധികം ബലം പ്രയോഗിക്കാതെ അഴിക്കാവുന്ന മുകളിലത്തെ കുടുക്കിനുനേർക്ക് ദമയന്തി ഇരുകൈകളും അടുപ്പിച്ചു'.
കേരളം കാണാനെത്തുന്ന റീസയെന്ന ബ്രിട്ടീഷ് വനിതക്കും അമ്മക്കും ആതിഥ്യമൊരുക്കുന്ന റിസോർട്ട് ഉടമകൾ ഒടുവിൽ തിരിച്ചറിയുന്നത്, പണ്ട് നാടുവിട്ടുപോയ തങ്ങളുടെ അച്ഛന്റെ മകളാണ് റീസ എന്നാണ്. അയാളുടെ മരണശേഷം, ചിതാഭസ്മം പാപനാശത്ത് കടലിലൊഴുക്കാനെത്തിയതാണവർ. രക്തം രക്തത്തെ തിരിച്ചറിയുന്നതിന്റെ സംഘർഷങ്ങൾക്കൊടുവിൽ അവർ ഒന്നാകുന്നു.
മനുഷ്യജീവിതത്തിലെ ഇരുണ്ട യാഥാർഥ്യങ്ങളെ മറനീക്കുംവിധം വ്യക്തിബന്ധങ്ങൾക്കിടയിലുണ്ടാകുന്ന മൂർത്തമായ കാപട്യങ്ങളെയും കൂർത്ത വഞ്ചനകളെയും നെഞ്ചുകീറിക്കാട്ടുന്ന സറ്റയറിക്കൽ ഭാവനയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. വോൾഗ, പ്രണയോപനിഷത്ത്, ദ്രാക്ഷാരസം, വാഷിങ്ടൺ ഡി.സി, അനാമിക.... ഓരോന്നും. നാൽപ്പതുകളുടെ അന്ത്യത്തിൽ ജീവിക്കുന്നവരാണ് മിക്ക കഥകളിലും കഥാപാത്രങ്ങൾ. ദാമ്പത്യത്തിനു പുറത്തേക്കുള്ള മുയൽച്ചാട്ടങ്ങൾക്കു കൊതിക്കുന്ന സ്ത്രീപുരുഷന്മാരുടെ ലോകം. മദ്യം, രതി, നഗ്നത എന്നിവയിലെ നീരാട്ടുകൾ. ദേശ-വിദേശങ്ങളിലെ നര-നായാട്ടുകൾ. ചിത്രസൂത്രം, അനിയത്തിപ്രാവ്, ഒറ്റവൈക്കോൽവിപ്ലവം എന്നീ മൂന്നു കഥകൾ സങ്കടഭരിതമായ കുടുംബഗാഥകളാണ്. വേർപാടുകളും വേരറ്റുപോകലുകളും മാത്രമല്ല, വീടുകളുടെ നടുത്തളത്തിൽ മുളച്ചുവളരുന്ന വിഷവൃക്ഷങ്ങളുടെ തീത്തണലുകളുമുണ്ട് ഈ കഥകളിൽ. മറ്റു കഥകളെല്ലാം നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും മഷിമുക്കിവരച്ച മർത്യജീവിതത്തിന്റെ കാരിക്കേച്ചറുകളാണ്. മൂടിവച്ച അഹന്തകൾ, പൊന്തിക്കിടക്കുന്ന നഗ്നതകൾ, കുലീനമായ കള്ളങ്ങൾ, സൗഹൃദങ്ങളിലെ പത്തരമാറ്റ് കാപട്യങ്ങൾ, തുറന്നുപാറിപ്പോകുന്ന രഹസ്യങ്ങൾ, ദാമ്പത്യത്തിലെ കഥയില്ലായ്മകൾ, പരസ്പരം കുത്തുന്ന ചതിക്കുഴികൾ... ഒന്നും ജയിംസിന്റെ ഭാവനക്കു പുറത്തല്ല എന്നല്ല, അകത്തുതന്നെയാണ്.
മാനുഷികമായ വികാരങ്ങൾക്കുമേൽ മതങ്ങളും മറ്റധികാരകേന്ദ്രങ്ങളും വാരിപ്പുതച്ചിട്ടുള്ള സദാചാരത്തിന്റെയും ഇതര വ്യാജമൂല്യങ്ങളുടെയും മേലങ്കികളോരോന്നായി ഉരിഞ്ഞെറിഞ്ഞുകളയുകയാണ് ജയിംസ്. മുൻപുസൂചിപ്പിച്ചതുപോലെ വ്യക്തിനിഷ്ഠം മാത്രമായ മനുഷ്യാവസ്ഥകളുടെ കഥാന്തരങ്ങളിലല്ല, സമൂഹനിഷ്ഠമായ വ്യവസ്ഥകളുടെ പാഠാന്തരങ്ങളിലാണ് ഈ കഥാകൃത്തിനു കമ്പം. പ്രണയോപനിഷത്തിലെ കഥകളൊന്നടങ്കം ഏറിയും കുറഞ്ഞും എത്തിനിൽക്കുന്നത് ഇത്തരമൊരു ജീവിതക്കളരിയിലാണ്. അവിടെ എല്ലാ മുന്തിരിവള്ളികളും തളിർക്കുന്നില്ല, പൂക്കുന്നില്ല, കായ്ക്കുന്നുമില്ല. കാരണം അതു ജീവിതമാണ്. ദാക്ഷിണ്യമേതുമില്ലാത്ത ദൈവനീതിയിൽ നിർണയിക്കപ്പെടുന്ന നഗ്നവും നടനസമ്പന്നവുമായ നരജീവിതം.
'പ്രണയോപനിഷത്ത്' എന്ന കഥയിൽനിന്ന്:-
'ശ്ലീലത്തിനും അശ്ലീലത്തിനുമിടയിലെ അതിർവരമ്പ് മാഞ്ഞുപോകുന്നിടത്ത് ഏകഭാവത്തിന്റെ നിറവുണ്ടാകുന്നത് എനിക്കനുഭവപ്പെട്ടു. വെറുതെയല്ല ഭാര്യാഭർത്തൃബന്ധം ഏറ്റവും മുറുക്കമുള്ളതായിരിക്കുന്നത്.
'ആനിമ്മേ, ആനിമ്മേ...' ചിരി ഒതുങ്ങിയപ്പോൾ ഹൃദയം തുറന്നുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു: 'ഞങ്ങൾ ആണുങ്ങക്കുണ്ടല്ലോ പെണ്ണുടലിന്റെ സൗന്ദര്യം കണ്ടാൽ പിന്നൊരു എരിപൊരിയാണ്. മനസ്സുകൊണ്ടെങ്കിലും അവളെ പ്രാപിക്കാൻ നോക്കും. നമ്മുടെ പ്രേമം ഇത്രേം സജീവമായ സ്ഥിതിക്ക് ഒരു രഹസ്യോം നമുക്കിടേൽ വേണ്ടാത്തോണ്ടു ചോദിക്കുവാ നല്ല പുരുഷകേസരികളെ കാണുമ്പോ നിങ്ങൾ പെണ്ണുങ്ങക്കും തോന്നുന്ന്ണ്ടാവില്ലേ അങ്ങ്‌നൊക്കെ'.
ചോദ്യം കേട്ട് അതിലടങ്ങിയ അപകടം മണത്തിട്ടോ എന്തോ ആനിമ്മയൊന്ന് അറച്ചു. പിന്നെ അവളും ഹൃദയം തുറന്നുപിടിച്ചുകൊണ്ട് പറഞ്ഞു.
'ഒന്നു കെട്ടിപ്പിടിച്ചു നിൽക്കാനൊക്കെ തോന്നീട്ടുണ്ട്'.
'ആരോടൊക്കെ?'
ആനിമ്മ ഒരു മൂന്നു പേര് എന്നോടു പറഞ്ഞു.
'ഇച്ചായനോ?'
അവൾ ചോദിച്ചു.
ഞാനൊരു പത്തുപേര് തിരിച്ചും പറഞ്ഞ് ആനിമ്മയെ ബഹുദൂരം പിന്നിലാക്കി. എന്നിട്ടവളുടെ ശ്വാസം ബന്ധിച്ചുകൊണ്ടൊരു പ്രണയമുദ്ര സമ്മാനിച്ചു.
'ഒക്കെ പണ്ട്. ഇന്യങ്ങ്‌നെ തോന്നില്ല'.
'എനിക്കും'. ആനിമ്മയും പറഞ്ഞു.
മറകളഴിഞ്ഞ പ്രണയത്തിന് ഒരു നല്ല കുമ്പസാരത്തിന്റെ ശാന്തികൂടി വാഗ്ദാനം ചെയ്യാനുണ്ടെന്ന കണ്ടെത്തലായിരുന്നു എനിക്കത്. പ്രണയം എന്നിൽ നിക്ഷേപിക്കുന്നപോലൊരു ലഹരി തീർച്ചയായും ആനിമ്മയിലും കോരിനിറയ്ക്കുന്നുണ്ടാവും. എന്നാൽ ആനിമ്മയോടൊരിക്കലും ഞാനവളുടെ പ്രണയലഹരിയെക്കുറിച്ച് ചോദിക്കില്ല. ചോദിക്കാതെതന്നെ അവളതു പറയുവോളം എന്റെ കാത്തിരിപ്പിനെ ഞാൻ ദീർഘിപ്പിക്കും.
ഭൂമിയിൽ വസിക്കുന്ന സകലമാന ദമ്പതികളുമായവരേ, നിങ്ങളോടെനിക്കിപ്പോൾ നെഞ്ചിൽത്തൊട്ട് പറയാനുള്ളതെന്തെന്നാൽ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകൾ തിരുത്തി നിങ്ങൾ സത്യപ്രണയത്തെ വീണ്ടെടുക്കുക എന്നാണ്. വീടിനുപുറത്തല്ല അകത്തുതന്നെയാകുന്നു പ്രണയം അതിന്റെ നിധിയറ സ്ഥാപിച്ചിരിക്കുന്നത്. അതുവെടിഞ്ഞ് മറ്റിടങ്ങൾ തേടിപ്പോവുന്നവർ സ്വന്തം പ്രശ്‌നങ്ങളെ മാത്രമാണ് കൂടെക്കൊണ്ടുപോവുന്നത്. എല്ലാ സുഭഗതയോടെയും പ്രണയം മടങ്ങിവരുന്നതിന് അനുഭവസ്ഥനാണെന്നതിനാൽ എനിക്കിത് പറയാൻ അവകാശമുണ്ടെന്നുതന്നെ ഞാൻ കരുതുന്നു. യൗവനകാലത്ത് പങ്കിട്ടതിനേക്കാൾ ആഴമേറിയ പ്രണയസംഗമങ്ങളിലൂടെ കോശങ്ങളെ കൂട്ടിയിണക്കുന്ന അദൃശ്യബലമാണ് പ്രണയമെന്നും ഞാൻ കണ്ടെത്തിയിരിക്കുന്നു. ഒന്നുകൂടി നീട്ടിപ്പറഞ്ഞാൽ സൃഷ്ടിക്ക് ആധാരമായ പ്രണയംതന്നെയാണ് ന്യൂക്ലിയസ്സിൽ ആകർഷണബലമായി നിലനിൽക്കുന്നതും.
ബാറിലെ ഫാനിൻചോട്ടിലിരിക്കേ ഉള്ളിൽ പൊന്തിയ വെറുംവിചാരം ജീവിതത്തെ അതിന്റെ ഉച്ചിമകുടത്തിൽ കൊണ്ടുവച്ചത് ഉപാധികളില്ലാതെ അനുഭവിച്ചുകൊണ്ടിരിക്കേ, ഒരു ദിവസം ഡയറിയിൽ 'എന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങൾ' എന്ന് തലക്കെട്ടെഴുതിയിട്ട് താഴെ ഞാൻ ഇങ്ങനെ കുറിച്ചുവച്ചു.
-പ്രണയിക്കാൻ ഭാര്യയായാലും മതി.
അതുപക്ഷേ, അതേപടി ആനിമ്മയോടു പറഞ്ഞാൽ മറ്റാരെയും കിട്ടാത്തതുകൊണ്ട് ഭാര്യയായാലും മതിയെന്നോ മറ്റോ അവൾ ദുരർത്ഥം കണ്ടെത്തിയേക്കുമെന്നു തോന്നിയതിനാൽ ഞാനാ കണ്ടെത്തൽ രഹസ്യമാക്കിവച്ച് ആസ്വദിച്ചുകൊണ്ടിരിക്കേ ഒരു രഹസ്യവും ഉള്ളിൽ വയ്ക്കാനറിയാത്ത ആനിമ്മ അന്നേദിവസംതന്നെ, വിചാരങ്ങൾകൂടി ഒന്നായിത്തീർന്നതിന്റെ തെളിവുപോലെ എന്നോടു പറഞ്ഞു:
'ഇച്ചായാ, ഒരു കാര്യമെനിക്കു മനസ്സിലായി. പ്രേമിക്കാൻ ഭർത്താവായാലും മതി'.'
പ്രണയോപനിഷത്ത് (കഥകൾ)
വി.ജെ. ജയിംസ്
ഡി.സി. ബുക്‌സ്, 2015
വില : 100 രൂപ