ആലപ്പുഴ: ഗുജറാത്ത് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ (ജാവേദ് ഗുലാം ഷെയ്ഖ്) പിതാവ് താമരക്കുളം കൊട്ടക്കാട്ട്‌ശ്ശേരി മണലാടി തെക്കേതിൽ വീട്ടിൽ എം.ആർ.ഗോപിനാഥൻ പിള്ളയുടെ മരണത്തിൽ ദുരൂഹതയോ? ഗോപിനാഥൻ പിള്ളയുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ പൊലീസ് ഉന്നതതല അന്വേഷണം നടത്തും. ദേശീയപാതയിൽ വയലാർ കവലയിൽ ബുധനാഴ്ച രാവിലെ അപകടത്തിൽ പരുക്കേറ്റ ഗോപിനാഥ പിള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ 2004 ജൂൺ 15നായിരുന്നു പ്രാണേഷ്‌കുമാർ വെടിയേറ്റ് മരിച്ചത്. പ്രാണേഷ്‌കുമാർ ഉൾപ്പെടെ നാലു പേരെ തീവ്രവാദികളെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസ് നടത്തിവരവെയാണു ഗോപിനാഥൻപിള്ളയുടെ അന്ത്യം. അതുകൊണ്ട് തന്നെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് ഉന്നത പൊലീസ് തലത്തിൽ അന്വേഷണം നടത്തും. അപകടത്തിൽ അസ്വഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. പിന്നിലിടിച്ചെന്ന് കരുതുന്ന മിനിലോറിയും മുന്നിലിടിച്ച ടിപ്പർ ലോറിയും ഈ സമയം ഇന്ധനവുമായി പോയ ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കും.

എന്നാൽ പിന്നിലിടിച്ചെന്ന് പറയുന്ന മിനിലോറി കാറിൽ തട്ടിയിട്ടില്ലെന്നാണ് മിനിലോറി ഡ്രൈവർ സംഭവ സമയം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങളും സംഭവ ദിവസം പൊലീസ് എടുത്തിരുന്നു. അപകടത്തിൽ മരിച്ച ഗോപിനാഥ പിള്ള മകന്റെ മരണത്തിനുത്തരവാധികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലായതിനാലാണ് പൊലീസ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. ഇതുകൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥർക്ക് കേസന്വേഷണം മാറാൻ സാധ്യതയുണ്ടെന്നറിയുന്നത്. സഹോദരൻ മാധവൻ പിള്ളയ്‌ക്കൊപ്പം കൊച്ചിയിലെ ആശുപത്രിയിൽ പരിശോധനയ്ക്കായി പോകുമ്പോഴാണ് അപകടമുണ്ടായത്. മിനി ലോറിയുമായി കുട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് എതിർദിശയിലെ പാതയിലേക്കു വഴുതി മാറിയപ്പോൾ എതിരെ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

2004 ജൂൺ 15ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങൾ നീണ്ട നിയമ യുദ്ധം ഗോപിനാഥൻ പിള്ള നടത്തിയിരുന്നു. പ്രാണേഷ് കുമാർ, ഇസ്രത് ജഹാൻ, അംജദ് അലി, ജിഷൻ ജോഹർ എന്നിവരെ തീവ്രവാദികളെന്ന് ആരോപിച്ചായിരുന്നു ഗുജറാത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ പിന്നീടു കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന ഗോപിനാഥൻ പിള്ള താമരക്കുളത്തു വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. പരേതയായ സരസ്വതി ഭായിയാണ് പത്‌നി. അരവിന്ദാണു രണ്ടാമത്തെ മകൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രാണേഷ് മുംബൈയിൽ വെച്ച് 1991ലാണ് മതംമാറി സാജിദ എന്ന മുസ്ലിം യുവതിയെ വിവാഹം കഴിക്കുന്നത്.

പ്രാണേഷിന്റെ മരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലൂടെ മോദിയെ പോലും മുൾ മുനയിൽ നിർത്താൻ ഗോപിനാഥൻ നായർക്ക് കഴിഞ്ഞിരുന്നു. വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ ഗോപിനാഥൻ പിള്ളയെ എൻ.എസ്.എസിൽ നിന്നു പുറത്താക്കിയിരുന്നു. വർഗീയ സംഘടനയായ പി.ഡി.പിയുടെ യോഗത്തിൽ പങ്കെടുത്തതാണ് പുറത്താക്കലിനു കാരണമായി പറയുന്നതെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ യോഗത്തിൽ വിമർശിച്ചതാണ് പുറത്താക്കലിന്റെ യഥാർഥ കാരണമൊണ് ഗോപിനാഥൻ പിള്ള വിശദീകരിച്ചിരുന്നത്. എൻ.എസ്.എസ് പറയുന്നതാണെങ്കിലും പിള്ള പറയുന്നതാണെങ്കിലും ഈ രണ്ടു കാരണങ്ങളും ഒരംഗത്തെ ഒരു സമുദായ സംഘടനയിൽ നിന്ന് പുറത്താക്കുന്നതിന് മതിയായ കാരണമല്ല. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർത്ഥി നരേന്ദ്ര മോദിയെ എതിർത്തു സംസാരിച്ചതിന്റെ പേരിലാണ് ഗോപിനാഥൻ പിള്ളയെ പുറത്താക്കിയതെങ്കിൽ ഇതേ നിയമം ബാലകൃഷ്ണ പിള്ള മുതൽ ചെന്നിത്തല വരെയുള്ളവർക്കും ബാധകമാണെന്ന പരിഹാസം നിരഞ്ഞ വിമർശനമാണ് ഗോപിനാഥൻ പിള്ള ഉയർത്തിയത്.

പ്രാണേഷ് കുമാർ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇസ്രത് ജഹാനേയും പ്രാണേഷ് കുമാറിനേയും വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട് സംഭവം നടന്ന് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ആദ്യകുറ്റപത്രം അഹമ്മദാബാദിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗോപിനാഥൻ പിള്ളയുടെ പോരാട്ടത്തിന്റെ ഫലമായിരുന്നു ഇത്. കുറ്റപത്രത്തിൽ ഏഴ് പൊലീസുകാർ പ്രതികളാണ്. ആദ്യ കുറ്റപത്രത്തിൽ ഐബി ഓഫീസർ രാജേന്ദ്രകുമാറിന്റെ പേരും പരാമർശിച്ചിട്ടുണ്ട്.സംഭവ സമയത്ത് ഗുജറാത്തിലെ ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ചിരുന്നയാളാണ് രാജേന്ദർ കുമാർ. നിലവിൽ ഇന്റ ലിജന്സ് ബ്യൂറോ സ്പെയൽ ഡയറക്ടറാണ് രാജേന്ദർ കുമാർ. കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസന്വേഷണത്തെ സംബന്ധിച്ച സ്ഥിതി വിവര റിപ്പോർട്ട് വ്യാഴാഴ്ച ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിക്കും.

പ്രാണേഷ്‌കുമാർ ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തുന്നതിന് വ്യാജ ഏറ്റ് മുട്ടലിൽ നേരിട്ട് പങ്കാളികളായ ഉദ്യോഗസ്ഥരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. കേസന്വേഷണം പൂർത്തിയാകുന്ന സാഹചര്യത്തിൽ കൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായവരുടെ പേരുകൾ കൂടി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐയുടെ നീക്കം. അതുകൊണ്ട് തന്നെ വ്യാജ ഏറ്റ് മുട്ടൽ നടന്ന സമയത്ത് ഗുജറാത്ത് ആഭ്യന്ത്രമന്ത്രിയായിരുന്ന അമിത്ഷായുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 2004 ലാണ് പ്രാണേഷ് കുമാർ , ഇസ്രത് ജഹാൻ , അംജദ് അലി , ജിഷൻ ജോഹർ എന്നിവരെ നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കർ ഇ തോയ്ബ തീവ്രവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്.