- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപിറ്റോളിലും ബാബരി മസ്ജിദിലും ഭക്തന്മാർ; അമേരിക്കൻ പാർലമെന്റിൽ ട്രംപ് അനുയായികൾ നടത്തിയ ആക്രമണത്തെ ബാബറി മസ്ജിദ് തകർത്ത സംഭവവുമായി ഉപമിച്ച് പ്രശാന്ത് ഭൂഷൺ
അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ ട്രംപ് അനുയായികൾ നടത്തിയ ആക്രമണത്തെ ബാബറി മസ്ജിദ് തകർത്ത സംഭവവുമായി ഉപമിച്ച് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. ക്യാപിറ്റോളിലും ബാബരി മസ്ജിദിലും ഭക്തന്മാർ എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചത്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ഇരച്ചു കയറിയ സംഭവം ഞെട്ടിക്കുന്നതായിരുന്നു. ലോക പൊലീസ് എന്ന് അവകാശപ്പെടുന്ന യുഎസിന് നാണക്കേടിന്റെ പുതുവർഷവും സമ്മാനിച്ചു ഈ അതിക്രമം.
ഹൗസ് ഓഫ് ചേംബറിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുയായികളെ നേരിടാൻ പൊലീസിന് ബലപ്രയോഗം മാത്രമല്ല വെടിവയ്പ് ഉൾപ്പെടെ നടത്തേണ്ടി വന്നുവെന്നതും യാഥാർഥ്യം. സംഭവം നിയന്ത്രണ വിധേയമായെങ്കിലും, ഇന്ത്യൻ സമയം രാവിലെ 11നുള്ള റിപ്പോർട്ട് പ്രകാരം നാലു പേർ മരിച്ചു, 52 പേർ അറസ്റ്റിലായി. നവംബറിലെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പൊട്ടലും ചീറ്റലുമായി നിന്നിരുന്ന ട്രംപ് അനുയായികൾ സ്ഫോടനാത്മകമായി പ്രതികരിക്കുന്ന കാഴ്ചയാണ് കാപ്പിറ്റോൾ മന്ദിരത്തിൽ കണ്ടത്.
നേരത്തെ ക്യാപിറ്റോൾ അക്രമത്തിന്റെ പശ്ചാത്തലത്തിൽ മോദിയും ട്രംപും ഒരേ തൂവൽ പക്ഷികളാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. ‘മോദിയുടെ പ്രണ്ട് ഡൊണാൾഡ് ട്രംപ് തന്റെ ഗുണ്ടകളോട് യു.എസ് പാർലമെന്റ് ആക്രമിക്കാനും ജനാധിപത്യത്തെ തീയിട്ടു തകർക്കാനും ആഹ്വാനം ചെയ്യുമ്പോൾ മോദിയുടെ ‘അബ് കി ബാർ ട്രംപ് സർക്കാർ' എന്ന മുദ്രാവാക്യം നമ്മൾ മറക്കരുത്. ഒരേ തൂവൽ പക്ഷികളാണ് അവർ.' പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
2019 ഒക്ടോബറിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ വച്ചായിരുന്നു മോദി ‘അബ് കി ബാർ ട്രംപ് സർക്കാർ' (ഇപ്രാവശ്യം ട്രംപ് സർക്കാർ) എന്ന മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോയും പ്രശാന്ത് ഭൂഷൺ പങ്കുവെച്ചിട്ടുണ്ട്. ക്യാപിറ്റോൾ മന്ദിരത്തിന് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം.
അക്രമ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. വാഷിങ്ടൺ ഡിസിയിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ദുഃഖമുണ്ട്. അധികാര കൈമാറ്റം സമാധാന പരമായി നടക്കേണ്ടതുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ വഴി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനാകില്ല,' മോദി ട്വീറ്റ് ചെയ്തു.
ലോകസമാധാനത്തിന് സൈന്യത്തെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന യുഎസിന് സ്വന്തം പാർലമെന്റ് മന്ദിരം സ്വന്തം ജനങ്ങളിൽനിന്നു പോലും രക്ഷിക്കാനാകുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം നിറഞ്ഞുകഴിഞ്ഞു. ജോ ബൈഡനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള അന്തിമ നടപടിയിലേക്കു കടക്കും മുൻപായിരുന്നു പാർലമെന്റ് മന്ദിരത്തിലേക്കുള്ള കടന്നുകയറ്റം. കാപ്പിറ്റോൾ മന്ദിരത്തിനകത്തെ സംഘർഷത്തിനിടെ ആദ്യം ഒരു വനിത കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Bhakts at the Capitol & at Babri Masjid pic.twitter.com/lL23qZ3Ilx
- Prashant Bhushan (@pbhushan1) January 7, 2021
മറുനാടന് ഡെസ്ക്