- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ദയ യാചിക്കില്ല.. ഔദാര്യത്തിന് ഇരക്കില്ല; കോടതി കുറ്റകരമെന്നും ഞാൻ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരിൽ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാർ': ഉത്തമബോധ്യത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ; കോടതി തന്നെ തെറ്റിദ്ധരിച്ചുവെന്നും അതിൽ വേദനയുണ്ടെന്നും മുതിർന്ന അഭിഭാഷകൻ; ശിക്ഷ അരുതെന്ന് കേന്ദ്ര സർക്കാർ; ശിക്ഷാ വിധിയിലുള്ള വാദം മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: താൻ ദയ യാചിക്കില്ലെന്നും ഔദാര്യത്തിന് ഇരക്കില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷറിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ മഹിമ ഉയർത്തിപ്പിടിക്കാനാണ് താൻ ശ്രമിച്ചതെന്നും അതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതിൽ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
'അത് എന്റെ കടമയായി കരുതുന്നു. ശിക്ഷിക്കപ്പെടും എന്നതിൽ അല്ല വേദന. അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ ഞാൻ ജുഡീഷറിയെ നിന്ദയോടെ ആക്രമിച്ചു എന്ന് കോടതി കണ്ടെത്തിയതിൽ നിരാശയുണ്ട്'.- ഭൂഷൺ പറഞ്ഞു.
തന്റെ ട്വീറ്റുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിൻന്റെ അസ്തിവാരം ഇളക്കുന്നതാണെന്ന കോടതിയുടെ കണ്ടെത്തൽ അവിശ്വസനീയമാണ്. ആ രണ്ടു ട്വീറ്റുകൾ എന്റെ അടിയുറച്ച ബോധ്യമാണ്. ഏത് ജനാധിപത്യത്തിലും അതു പറയാനുള്ള സ്വാതന്ത്ര്യവും അനുവദിക്കേണ്ടതുണ്ട്. ജുഡീഷറിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകൾ കൂടിയേ തീരു. ഭരണഘടനാക്രമം പരിപാലിക്കാൻ അത് ആവശ്യമാണ്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഈ ഘട്ടത്തിൽ കർത്തവ്യ നിർവഹണത്തിനുള്ള എളിയ ശ്രമം മാത്രമാണ് എന്റെ ട്വീറ്റുകൾ. വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്ത ട്വീറ്റുകളുടെ പേരിൽ മാപ്പ് പറയുന്നത് ആത്മാർഥതയില്ലായ്മ ആകും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിചാരണയ്ക്കിടെ പറഞ്ഞതു തന്നെയാണ് തനിക്കു പറയാനുള്ളതെന്ന് പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.'ഞാൻ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല. കോടതി കുറ്റകരമെന്നും ഞാൻ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരിൽ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാൻ ഞാൻ തയാറാണെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു.
കേസിൽ ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം തുടങ്ങി. വാദം മാറ്റി വയ്ക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യവും കോടതി തള്ളി. അന്തിമ തീർപ്പിന് ശേഷവും പുനഃപരിശോധന ഹർജി നൽകാമെന്ന് കോടതി വ്യക്തമാക്കി. പ്രശാന്ത് ഭൂഷണ് ജയിൽ ശിക്ഷ വിധിച്ചാലും പുനപരിശോധന ഹർജിയിലെ തീരുമാനത്തിന് ശേഷമേ വിധി നടപ്പാക്കേണ്ടതുള്ളുവെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേക്കെതിരെ പ്രശാന്ത് ഭൂഷൺ ട്വീറ്ററിൽ കുറിച്ച വാക്കുകൾ കോടതി അലക്ഷ്യമാണെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാർ
കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സീനിയർ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് ചില മുൻ ജഡ്ജിമാർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. എന്നാൽ എജിയുടെ അഭിപ്രായം സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
പ്രശാന്ത് ഭൂഷന്റെ ശിക്ഷാവിധിയിലുള്ള വാദത്തിനിടെയാണ് അറ്റോർണി ജനറൽ നിലപാട് അറിയിച്ചത്. കോടതിക്കു മുന്നിൽ ജനാധിപത്യം പരാജയപ്പെട്ടതായി മുൻ ജഡ്ജിമാർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറ്റോർണി ജനറൽ ജഡ്ജിമാരുടെ പേരുകൾ വായിക്കാനൊരുങ്ങിയപ്പോൾ കോടതി തടഞ്ഞു. ഈ ഘട്ടത്തിൽ ഇത്തരം വാദങ്ങളിലേക്കു പോവാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
അതേസമയം, ട്വീറ്റുകളിൽ ഉറച്ചുനിൽക്കുന്നതായ പ്രസ്താവന തിരുത്താൻ പ്രശാന്ത് ഭൂഷണ് സമയം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രസ്താവന തിരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷൺ അറിയിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും.
കോടതിയലക്ഷ്യത്തിന് കുറ്റക്കാരനെന്നു കണ്ടെത്തിയ ട്വീറ്റുകളുടെ പേരിൽ മാപ്പു പറയില്ലെന്ന്, രാവിലെ പ്രശാന്ത് ഭൂഷൺ അറിയിച്ചിരുന്നു. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതെന്നും അതു തന്റെ കടമയായി കരുതുന്നുവെന്നും കോടതിയിൽ വായിച്ച പ്രസ്താവനയിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ശിക്ഷാ വാദം മറ്റൊരു ബഞ്ച് കേൾക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യവും കോടതി തള്ളി.
മറുനാടന് മലയാളി ബ്യൂറോ