മംഗളൂരു: ബജ്‌രംഗദൾ നേതാവും വ്യാപാരിയുമായ പ്രശാന്ത് പൂജാരിയെ പട്ടാപ്പകൽ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് പേരെകൂടി അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. മുസ്തഫ കാവൂർ(28), മുഹമ്മദ് ഷരീഫ്(42), മുഹമ്മദ് മുസ്തഫ(25), ബജ്‌പെ കിപ്പദവ് കബീർ(28) കണ്ടാവര കൈക്കമ്പ എിവരാണ് ഇപ്പോൾ പിടിയിലായത്.

ഇതോടെ പൊലീസ് പിടികൂടിയവരുടെ എണ്ണം എട്ടായി. പ്രതികളായ നാലുപേരെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു. പിടിയിലായ കാവൂരിലെ മുസ്തഫ, മുഹമ്മദ് മുസ്തഫ, കബീർ എന്നിവർ കൊലയിൽ നേരിട്ട് പങ്കാളികളാണെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. പ്രശാന്ത് പൂജാരി വധക്കേസിലുള്ള കുറ്റം സമ്മതിച്ച പ്രതികൾ മറ്റ് രണ്ട് വധശ്രമക്കേസുകളിലും പ്രതികളായിരുന്നു. സംഘപരിവാരുകാരായ മൂഡബിദ്രിയിലെ അശോക്, വാസു എന്നിവരെയും പെർമുദെയിലെ ജയ കൊട്ട്യാനേയും വധിക്കാൻ ശ്രമിച്ചതും ഇതേ സംഘമാണ്.

അഡ്യപ്പാടിയിലെ മുഹമ്മദ് ഹനീഫ്(36), മൂഡബിദ്രിയിലെ മുഹമ്മദ് ഇല്യാസ്(27), ബണ്ട്വാളിലെ ലിയാഖത്(26), മുൽക്കിയിലെ അബ്ദുൽ റഷീദ്(39) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. ഒക്ടോബർ ഒമ്പതിന് രാവിലെ മൂഡബിദ്രി ടൗണിലുള്ള കടയിലേക്ക് പോകുമ്പോഴാണ് ഘാതകസംഘം പ്രശാന്തിനെ മിന്നൽ ആക്രമണത്തിൽ വെട്ടിക്കൊന്നത്. ബീഫ് വിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്ന നേതാവാണ് പ്രശാന്ത് പൂജാരി. ബീഫ് ഇറച്ചി വിൽക്കുന്നതിനെതിരേയും പ്രചരണം നടത്തിയിരുന്നു. അറവുശാലകൾ കേന്ദ്രീകരിച്ച് പ്രശാന്ത് പൂജാരിയും സംഘവും നരിന്തര പരിശോധനയും നടത്തിയിരുന്നു. ഇതിലൂള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പിടിയിലായവും പൊലീസിനോട് ഇത് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് ബജ്‌റംഗ്ദൾ പ്രവർത്തകൻ പ്രശാന്ത് പൂജാരിയെ ഒരു സംഘം വെട്ടിക്കൊന്നത്. പ്രതികൾക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രശാന്ത് പൂജാരി കൊല്ലപ്പെട്ട കേസിലെ ദൃക്‌സാക്ഷിയെ നേരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാമൻ പൂജാരി (68)യെയാണ് മൂടിബിദ്രിയിലെ മകളുടെ വീടിനടുത്തുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രശാന്ത് പൂജാരിയുടെ കടയുടെ തൊട്ടടുത്ത് തേങ്ങ കച്ചവടം നടത്തി വന്നിരുന്നയാളാണ് വാമൻ പൂജാരി. പ്രശാന്തുകൊല്ലചെയ്യപ്പെട്ടപ്പോൾ വാമൻ പൂജാരി ദൃക്‌സാക്ഷിയായിരുന്നു. ഇതിന് ശേഷം വാമൻ പൂജാരി അസ്വസ്തത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെയാണ് വാമനെ കാണാതായത്.

ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന സംശയമുയർന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിൽ നടത്തിവരുന്നതിനിടെ മകളുടെ വീടിനടുത്തുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാമന പൂജാരിയുടെ ആത്മഹത്യ കൊല കണ്ടതിലുള്ള മാനസികാഘാതത്തെ തുടർന്നാണ്. വാമനയെ പാക്കിസ്ഥാനിൽനിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പ്രചരണവും ശുദ്ധ അസംബന്ധമാണെന്നും മുരുഗൻ പറഞ്ഞു. മംഗളൂരു എം പി നളിൻ കുമാർ കട്ടിലാണ് പാക്കിസ്ഥൻ ഫോൺ വിളിക്കഥ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.

പ്രശാന്ത് പൂജാരിയെ വധിച്ച ശേഷം ബജ്‌രംഗദൾ ആർഎസ്എസ് നേതാക്കളായ ജഗദീഷ് അധികാരി, ശരൺ പമ്പ്‌വെൽ, സോമനാഥ് കോട്ടിയാൻ എന്നിവർക്ക് ഫോണിൽ വധഭീഷണി സന്ദേശം ലഭിച്ചതിനെ കുറിച്ചുള്ള പരാതിയിൽ അന്വേഷണം നടക്കുന്നതായും പൊലീസ് കമ്മീഷണർ പറഞ്ഞു.

 മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ