- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു വർഷം മുമ്പ് വട്ടിയൂർക്കാവിൽ അപകടം; അന്ന് നഷ്ടപ്പെട്ട വാച്ച് പീതാംബരൻ അരുമാനൂരിന് കിട്ടിയത് കഴിഞ്ഞ ദിവസം; ബാറ്ററി മാറ്റിയിട്ട് ഉടമസ്ഥനെ പ്രതീക്ഷയോടെ കാത്തിരുന്ന ഗീതയും; നമസ്തേ കേരളത്തിലെ ആ കഥയിലെ ട്വിസ്റ്റ് വെളിപ്പെടുത്തി ഏഷ്യാനെറ്റിന്റെ ഡൽഹി റീജിയണൽ ചീഫും; പ്രശാന്ത് രഘുംവശത്തിന്റെ അച്ഛന് ടൈറ്റൻ വാച്ച് തിരിച്ചു കിട്ടുമ്പോൾ
തിരുവനന്തപുരം: ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ ഒരു വാച്ച് കഥയുണ്ടായിരുന്നു. വർഷങ്ങൾക്ക് അപകടത്തിൽ നഷ്ടപ്പെട്ട വാച്ച് അരുമാനൂർ പീതാംബരന് കിട്ടിയ കഥ. വാഹനാപകടത്തിൽ പരിക്കേറ്റ പീതാംബരനെ ആശുപത്രിയിൽ എത്തിച്ചത് ഗീതയാണ്. നിസാര പരിക്ക് മാത്രമുണ്ടായിരുന്ന പീതാംബരൻ ആശുപത്രിയിൽ നിന്ന് പോവുകയും ചെയ്തു. വർഷങ്ങൾ ആ വാച്ചുമായി ഗീത കാത്തിരുന്നു. ഒടുവിൽ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി. ഈ കഥയാണ് ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ചത്. എന്നാൽ ഈ കഥയ്ക്ക് പിന്നിലെ ട്വിസ്റ്റ് പുറത്തു വിട്ടത് ഡൽഹിയിലുള്ള പ്രശാന്ത് രഘുവംശമായിരുന്നു.
ആ കഥ ഫെയ്സ് ബുക്കിൽ പ്രശാന്ത് രഘുവംശം പറയുന്നത് ഇങ്ങനെയാണ്. പത്തു വർഷം മുമ്പ് അച്ഛൻ സ്കൂട്ടറിൽ പോകുമ്പോൾ ഒരു കാർ വന്നിടിച്ചു. മറിഞ്ഞ് നിലത്തു വീണു. കാറ് ഓടിച്ചിരുന്നത് ഒരു വനിതയാണ്. ഒപ്പം മകളുമുണ്ടായിരുന്നു. അച്ഛന് കാര്യമായ പരിക്കില്ലായിരുന്നു. എങ്കിലും അവർ ഉടൻ കാറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി. പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കി. തിരികെ അപകടം നടന്ന സ്ഥലത്തു കൊണ്ടാക്കി. സ്കൂട്ടറുമായി അച്ഛൻ പോന്നു. ഈ സംഭവം വീട്ടിലാരോടും പറഞ്ഞതുമില്ല. വർഷങ്ങൾക്കു ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം റീജണൽ എഡിറ്റർ അജയഘോഷിന് ഒരു ടെലിഫോൺ കോൾ കിട്ടി.
അന്ന് ആ വാഹനം ഓടിച്ചിരുന്ന സ്ത്രീയാണ് വിളിച്ചത്. കാറിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അച്ഛന്റെ കൈയിൽ നിന്ന് വാച്ച് ഊരി താഴെ വീണിരുന്നു. പിന്നെയെപ്പോഴോ ആണ് വാച്ച് കാറിൽ കിടക്കുന്നത് അവർ ശ്രദ്ധിച്ചത്. അച്ഛന്റെ നമ്പർ പോലും കൈയിൽ ഇല്ലാതിരുന്നതുകൊണ്ട് എങ്ങനെ തിരികെ നല്കും എന്നറിയില്ല. പക്ഷെ ആ വാച്ച് ഈ പത്തു കൊല്ലവും സൂക്ഷിച്ചു. ബാറ്ററി ഇടയ്ക്കിടയ്ക്ക് മാറ്റിയിട്ട് അത് നിലയ്ക്കാതിരിക്കാനുള്ള കരുതൽ നല്കി. വീട്ടു പേര് 'രഘുവംശം' എന്ന് അച്ഛൻ പറഞ്ഞതിന്റെ ഓർമ്മയിലാണ് അജയഘോഷിന്റെ നമ്പർ കണ്ടെത്തി വിളിച്ച് ഈ കഥ അടുത്തിടെ അറിയിച്ചത്.
അച്ഛൻ ആ സംഭവം തന്നെ മറന്നിരുന്നു. ചോദിച്ചപ്പോൾ ഓർത്തു. ഒടുവിൽ ആ വാച്ചുമായി ശ്രീമതി ഗീത രാജേന്ദ്രൻ നായർ അച്ഛനെ തേടി എത്തി. കൈയിൽ ആ വാച്ച് കെട്ടിക്കൊടുത്തു. അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. നന്ദി ശ്രീമതി ഗീത ഇത്രകാലം ആ വാച്ചിലെ ഹൃദയസൂചികൾ ചലിപ്പിച്ചതിന്.......ലോകത്ത് നന്മയുടെ ചക്രങ്ങൾ നിലയ്ക്കാതെ കറങ്ങുന്നുണ്ടെന്ന് കാട്ടിയതിന്.......?? ഇത് ക്യാമറയിൽ പകർത്താൻ സർപ്രൈസ് ആയി എത്തിയ അജിത്തിനും സജയനും സ്നേഹം. ഒപ്പം ഈ കഥയിൽ സുപ്രധാന റോൾ വഹിച്ച പ്രിയപ്പെട്ട ഘോഷിനും-ഇങ്ങനെ കുറിച്ച് നമസ്തേ കേരളയിലെ വാർത്തയും പ്രശാന്ത് രഘുവംശം ഫെയ്സ് ബുക്കിൽ ഇട്ടു.
വാച്ച് കഥ പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റോറിയിൽ അരുമാനൂർ പീതാംബരൻ പ്രശാന്ത് രഘുവംശത്തിന്റെ അച്ഛനാണെന്ന് പറയുന്നില്ല. വാച്ച് തിരിച്ചു കിട്ടിയതിലെ സന്തോഷം പ്രശാന്തിന്റെ അച്ഛൻ പങ്കുവയ്ക്കുന്നുമുണ്ട്. കാറിലാണ് വാച്ച് വീണതെന്ന് കരുതിയിരുന്നില്ലെന്നും അത് റോഡിൽ വീണ് പോയിക്കാണമെന്നാണ് വിചാരിച്ചതെന്നും അച്ഛൻ പറയുന്നു. വാച്ച് തിരിച്ചു കിട്ടിയതിൽ പീതാംബരൻ സന്തോഷത്തിലാണ്. കെ എസ് ഇ ബിയിലെ മുൻ ഉദ്യോഗസ്ഥനാണ് പീതാംബരൻ. വട്ടിയൂർക്കാവിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ടൈറ്റൻ ക്വാർട്സ് വാച്ചാണ് തിരിച്ചു കിട്ടുന്നത്.
വീഴ്ന്നിടത്തു തന്നെ വാച്ചു പോയി എന്നാണ് കരുതിയത്. വാച്ചിനെ കുറിച്ച് പിന്നീട് ആലോചിച്ചതുമില്ലെന്നും അദ്ദേഹം പറയുന്നു. വാച്ച് കാറിൽ കിടന്ന് കിട്ടിയപ്പോൾ തന്നെ അത് അപകടത്തിൽ പരിക്കേറ്റ് ആളിന്റേതാണെന്ന് മനസ്സിലായി. പിന്നെ ആളെ കണ്ടെത്താനുള്ള അന്വേഷണവും. രഘുവംശമെന്ന വീട് പേര് അന്വേഷിച്ചുള്ള തെരച്ചിലാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് തന്നെ എത്തിച്ചത്. അങ്ങനെ വാച്ചിന്റെ ഉടമയെ വീണ്ടും കണ്ടുമുട്ടി.-ഗീത പറയുന്നു
മറുനാടന് മലയാളി ബ്യൂറോ