ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നാൽപത് വർഷമായി ഞാൻ സുപ്രീം കോടതിയെ നീരീക്ഷിക്കുന്നുണ്ട്. വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, പൗരന്മാർ തുടങ്ങി എല്ലാവരും ഒരു പോലെ ഇത്തരത്തിൽ സുപ്രീം കോടതിയെ വിമർശിക്കുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയിൽ പോലും സുപ്രീംകോടതിയുടെ യശസ്സ് ഇത്രയും താഴ്ന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജഡ്ജിമാരാണ് കാര്യങ്ങൾ ഇവിടെ കൊണ്ടു ചെന്നെത്തിച്ചതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ദ ഹിന്ദു പത്രത്തിൽ അർണബ് ഗോസ്വാമിയുടെ കേസ് സുപ്രീം കോടതി ദ്രുതഗതിയിൽ പരിഗണിച്ചതുമായി ബന്ധപ്പെട്ട് വന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

മുമ്പില്ലാത്ത വിധത്തിലുള്ള വേഗത്തിൽ റിപ്പബ്ലിക്ക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ കേസിൽ കോടതി വാദം കേട്ടത് അർണബിനെ സന്തോഷിപ്പിക്കാനാണോ എന്ന ചോദ്യം ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. കേസിൽ അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയപ്പോൾ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉയർത്തിക്കാട്ടിയ വാദങ്ങളിൽ നിന്നാണ് ലേഖനം തുടങ്ങുന്നത്.

അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി പ്രത്യേക പരിഗണന നൽകിയെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെയും പ്രശാന്ത് ഭൂഷൺ വിമർശനം ഉന്നയിച്ചിരുന്നു. ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്. അർണബ് ഗോസ്വാമിക്ക ജാമ്യം നിഷധിച്ചതിൽ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.