പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചതും വൻ വിജയം കൊയ്യാനായതും നിതീഷ് കുമാറും ലാലുപ്രസാദ് യാദവും നേതൃത്വം നൽകിയ മഹാസഖ്യത്തിനാണ്. എന്താണ് ഈ സഖ്യത്തിന്റെ വിജയരഹസ്യം? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരംഭിച്ച മോദി തരംഗത്തിനിടെയും ബിഹാറിനെയും ഉലയാതെ കാക്കാൻ നിതീഷ് സഖ്യത്തിനു കഴിഞ്ഞതിനു പിന്നിൽ ഒരു വ്യക്തിയുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനെ വിജയത്തിലെത്തിച്ച ബുദ്ധികേന്ദ്രം യുവാവാണ്. 35കാരനായ പ്രശാന്ത് കിഷോർ. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചരണത്തിന് രൂപ രേഖ തയ്യാറാക്കിയതും ഐക്യരാഷ്ട്ര സഭയിലെ മുൻ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

രാഷ്ട്രീയ പ്രചാരണരംഗത്തു കന്നിക്കാരനല്ല ഈ യുവാവ്. രാജ്യത്തു മോദി തരംഗം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച വ്യക്തിയും ഈ അഭിനവ ചാണക്യൻ തന്നെയാണ്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോറാണ്. എന്നാൽ, കഴിഞ്ഞ ജൂൺ മാസം ഇദ്ദേഹം ജെഡിയു പാളയത്തിലേക്കെത്തുകയായിരുന്നു. നിതീഷ്‌കുമാറിന് ബീഹാറിൽ പുത്തൻ പ്രതിച്ഛായ നൽകി പ്രചരണ തന്ത്രങ്ങൾക്ക് രൂപം നൽകിയ ഈ 35കാരൻതന്നെയാണു വിജയ ശിൽപികളിൽ പ്രധാനി.

അഞ്ച് മാസം മുൻപാണ് നിതീഷ്‌കുമാറിന്റെ അഭ്യർത്ഥന പ്രകാരം ബീഹാർ ദൗത്യം ഏറ്റെടുക്കുന്നത്. പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നൽകിയ ഐപാക്ക് എന്ന സംഘടന നിതീഷിന്റെ വികസന പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകൾ, ജനസമ്മതിയുള്ള നേതാക്കൾ, ബിജെപി തന്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ അടുക്കലേക്ക് കൃത്യമായി എത്തി. സാത്ത് നിശ്ചയ് എന്ന പേരിൽ മഹാസഖ്യം പുറത്തിറക്കിയ ദർശന രേഖയുടെയും പിന്നിൽ ഐപാക്കായിരുന്നു. ഇത് ജെഡിയു നേതാക്കളും തുറന്ന് പറയുന്നുണ്ട്.

വിജയങ്ങൾ തുടർ കഥയാകുമ്പോഴും പ്രശാന്ത് കിഷോർ എന്ന യുവാവ് വ്യത്യസ്തനാണ്. അധികം ആർക്കും ഈ യുവാവിനെ അറിയില്ല. ടിവി ചാനലുകൾക്കോ പത്രങ്ങൾക്കോ അഭിമുഖം നൽകാൻ വിമുഖത കാട്ടുന്ന വ്യക്തിയാണ്. ഗൂഗിളിൽ തെരഞ്ഞാൽ പോലും പ്രശാന്തിനെ കണ്ടെത്തുക വിഷമകരമാകും.

ചായ് പർ ചർച്ചയും അച്ഛാദിൻ ആനെ വാലാ ഹെ മുദ്രാവാക്യവും എല്ലാം മോദിക്ക് സമ്മാനിച്ച പ്രശാന്ത് കിഷോർ 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടാക്കിയ മൈലേജ് ചില്ലറയല്ല. എന്നാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് പ്രശാന്ത് മോദി ക്യാംപ് വിട്ടത്. വെറും ഇവന്റെ മാനേജ്‌മെന്റ് വിദഗ്ദ്ധരായി കണ്ട് അവഗണിക്കുകയായിരുന്ന ബിജെപി നേതൃത്തോടുള്ള മധുര പ്രതികാരം കൂടിയാണ് പ്രശാന്ത് കിഷോറിനും സംഘത്തിനും ബീഹാറിലെ വിജയം. എന്തായാലും പുതിയ രാഷ്ട്രീയ കരുനീക്കങ്ങൾക്കു വഴിവയ്ക്കാൻ ബിഹാർ നിയമസഭാ ഫലം ഇടവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.