കൊൽക്കത്ത: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് കുടപിടിക്കുകയാണെന്ന പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ, സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇലക്ഷൻ കമ്മീഷനും രം​ഗത്തെത്തി. ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങൾ അറിയിക്കാത്തതിന്റെ പേരിലാണ് കമ്മീഷൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. കമ്മീഷനോട് സർക്കാർ ബോധപൂർവ്വം നിസഹകരിക്കുകയാണെന്നാണ് ആക്ഷേപം.

പ്രശ്നബാധിത മേഖലകൾ സംബന്ധിച്ചും, ആയുധങ്ങൾക്ക് ലൈസൻസ് ഉള്ളവരെ കുറിച്ചും, അധിക ബൂത്തുകളെ കുറിച്ചുമുള്ള വിവരങ്ങൾ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം മുൻപിലുള്ളപ്പോഴും നൽകിയിട്ടില്ല. വീഴ്ചയിൽ അതൃപ്തിയറിയിച്ച കമ്മീഷൻ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന കമ്മീഷൻ യോഗമാണ് ഉദ്യോഗസ്ഥർക്ക് ശാസന നൽകിയിരിക്കുന്നത്.

മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ ഘട്ടംഘട്ടമായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടുദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇത്രയും സമയമെടുത്ത് സംസ്ഥാനത്ത് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പിൽ ഏഴുദിവസങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്. 6.5 കോടിയിലധികം വോട്ടർമാരായിരുന്നു അന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാഷ്ട്രീയ കലാപങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.

ദിവസങ്ങൾ കൂട്ടി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിട്ടുണ്ട്. ‘240 സീറ്റുകളുള്ള ബീഹാറിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഒറ്റദിവസമാണ് തെരഞ്ഞെടുപ്പ്. എന്തുകൊണ്ടാണ് ഇവിടെമാത്രം എട്ടുഘട്ടം? ആർക്കാണ് ഇതിൽ നേട്ടം? ഇത് ബിജെപിക്കുവേണ്ടി നടത്തുന്ന തീരുമാനമാണ്', മമത കുറ്റപ്പെടുത്തി.

അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മമതയും ബിജെപിയും രം​ഗത്തുണ്ട്. പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന കമ്പനിയാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം തടയുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് തൃണമൂലിനുവേണ്ടി പ്രശാന്ത് കിഷോർ തയ്യാറാക്കുന്നത്. ബംഗാളിന് വേണ്ടത് തന്റെ സ്വന്തം മകളെയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യം.

അടിക്കടി കലാപം, ജനജീവിതം ദുരിതത്തിൽ അമ്മായി പുറത്ത് പോകൂയെന്ന പാരഡി ഗാനവുമായാണ് ബിജെപി മമതക്കെതിരെ പുതിയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ബംഗാൾ പുത്രിയെന്ന മമതയുടെ സ്വയം വിശേഷണത്തെ, ബംഗാളിന് പുത്രിയെയാണ് വേണ്ടതെന്നും അമ്മായിയെ അല്ലെന്നുമുള്ള പരിഹാസത്തോടെയാണ് ബിജെപി നേരിടുന്നത്. അതേ സമയം കോൺഗ്രസ് ഇടത് സഖ്യത്തിന്റെ ആദ്യറാലി നാളെ കൊൽക്കത്തയിൽ നടക്കും. സീതാറാം യെച്ചൂരിക്കൊപ്പം രാഹുൽഗാന്ധിയേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ റാലിയിൽ പങ്കെടുക്കുമോയെന്ന് വ്യക്തമായിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരാട്ടത്തിലാണ്. 42 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 18 ഇടത്ത് വിജയിച്ചിരുന്നു. തൃണമൂൽ-ഇടത് പോരിന്റെ മറവിൽ വോട്ടുനേടി മമത സർക്കാരിന് തിരിച്ചടിയുണ്ടാക്കാനാണ് ബിജെപി ശ്രമം. സംസ്ഥാനത്തെ ക്രമസമാധാനം, രാഷ്ട്രീയ പോരുകളുടെ ചരിത്രം, വികസന വിരുദ്ധത എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണം ആരംഭിച്ചിരിക്കുന്നത്.

ബിജെപിയുടെ ആരോപണങ്ങളെ കടന്നാക്രമിക്കുന്ന പദ്ധതികളാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃണമൂൽ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത പ്രഖ്യാപിച്ചിട്ടുണ്ട്.