- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിരാമിയുടെ ദേഹത്ത് ചേർന്നു കിടക്കുന്ന റയാൻ; അമ്മയേയും മകനേയും ഒരു പെട്ടിയിലാക്കി അടക്കം ചെയ്തപ്പോൾ അന്ത്യകർമ്മം ചെയ്തത് അഭിരാമിയുടെ അച്ഛൻ; കണ്ണു നിറഞ്ഞ നാട്ടുകാർ; വർക്കലയ്ക്ക് കണ്ണീരായി ഈ യാത്രയയപ്പ്
തിരുവനന്തപുരം: വർക്കല തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബാംഗങ്ങളുടെയും സംസ്‌കാര ചടങ്ങുകൾക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. അഭിരാമിയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. അഭിരാമിയുടെയും റയാന്റെയും മൃതദേഹങ്ങൾ ഒരു പെട്ടിയിലാക്കി അടക്കം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചത്. പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഹിൽ (25), രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുൽ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. മൂത്തമകൻ രാഹുലും കുടുംബവും വിദേശത്തായിരുന്നു.
അഭിരാമിയുടെ ദേഹത്ത് ചേർന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയത്. അഭിരാമിയുടെ അച്ഛൻ അന്ത്യകർമങ്ങൾ നിർവഹിച്ചു. അത് നാട്ടുകാർക്ക് വേദനയായി. പ്രതാപന്റെയും ഭാര്യ ഷെർലിയുടെയും ഇളയ മകൻ അഹിലിന്റെയും മൃതദേഹങ്ങൾ അടുത്തടുത്തായി ദഹിപ്പിച്ചു. മൂത്ത മകൻ രാഹുൽ മാതാപിതാക്കൾക്ക് അന്ത്യകർമം നടത്തി. രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യകർമം ചെയ്തത്. മന്ത്രിമാരായ ജി.ആർ.അനിൽ. വി.ശിവൻകുട്ടി, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി.ജോയ്, അംബിക തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്കെത്തി.
തീപിടുത്തം നടന്ന വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്യുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങൾ. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടിൽ എത്തിച്ചു. പൊതുദൃശനത്തിന് ശേഷം പുത്തൻ ചന്തയിൽ എത്തിച്ച് മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങൾക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീട്ടിൽ എത്തിച്ചത്. പുത്തൻചന്തയിൽ പച്ചക്കറിക്കട നടത്തിയിരുന്ന പ്രതാപൻ നാട്ടുകാരുടെ പ്രിയപ്പെട്ട ബേബിയണ്ണനായിരുന്നു.
തീപിടിത്തം നടന്ന വീടിന് സമീപമാണ് രാഹുലിന്റെ വീട്. യുഎഇയിൽ ആയിരുന്ന രാഹുൽ അപകടം നടക്കുന്ന അന്ന് രാത്രിയാണ് നാട്ടിലെത്തിയത്. മന്ത്രിമാർ,എംഎൽഎമാർ അടക്കം നിരവധി ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.
വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ പ്രതാപന്റെ കടയുടെ മുന്നിൽ അൽപനേരം പൊതുദർശനത്തിനു വച്ചു. പിന്നീട് വീടിന് അരകിലോമീറ്റർ അകലെയെത്തിയപ്പോൾ നാട്ടുകാരും പരിചയക്കാരും കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു. വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ, കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം വിശദീകരിച്ചിട്ടുണ്ട്. വീട്ടിലെത്തി പരിശോധിച്ച ശേഷമാണ് പ്രതികരണം. മരിച്ച അഭിരാമിയുടെ ബന്ധുക്കൾ വിദേശത്തു നിന്ന് എത്തിയതിന് ശേഷം സംസ്‌കാരം വ്യാഴാഴ്ച ഉണ്ടാകും. വർക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന്റെ കാരണമെന്ന പ്രാഥമിക വിലയിരുത്തൽ മാത്രമാണ് പൊലീസിനുള്ളത്. കൂടുതൽ വ്യക്തതയും, സാങ്കേതിക വിശദാംശങ്ങളും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗം പരിശോധന റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എംപി ആവശ്യപ്പെട്ടു. നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഹുലിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
തീ പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാം നിലയിലെ ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പ്രതാപന്റെയും ഷേർലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്. മൂന്നു മക്കളിൽ രണ്ടാമനും അപകടത്തിൽ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു. മുകളിലത്തെ നിലയിൽ കാര്യമായി തീപിടിച്ചിട്ടില്ല. ചില ഭാഗങ്ങളിലെ കർട്ടനുകൾ കത്തിയിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് പുക മുകളിലേക്ക് ഉയർന്ന് ശ്വാസംമുട്ടിയാണ് രണ്ടാം നിലയിലുണ്ടായിരുന്നവർ മരിച്ചതെന്ന് പൊലീസ് പറയുന്നു.
പുലർച്ചെ ഒന്നരയോടെ അയൽവാസി കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിനു തീപിടിച്ചതു കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വീട്ടിനു ചുറ്റും എത്തുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്.
മറുനാടന് മലയാളി ബ്യൂറോ