ആലപ്പുഴ: കളത്തിൽനിന്നും മാറിനിന്നു കളിച്ച പ്രതിഭാ ഹരി ഇൻ, സുജാത ഔട്ട്. പതിനാലാം നിയമസഭയിലേക്കുള്ള മൽസരത്തിൽ കായംകുളത്തുനിന്നും ഇക്കുറി ഗോദായിലെത്താൻ നറുക്ക് വീണത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിക്ക്. മൂന്നു തവണ മൽസരിച്ചുവെന്ന കടുംനീതി നടപ്പാക്കി സി കെ സദാശിവനെ വെട്ടിമലർത്തിയപ്പോൾ ഏഴു തവണ മൽസരിച്ച ജി സുധാകരൻ വീണ്ടും അമ്പലപ്പുഴയിൽ മൽസരത്തിന് കച്ചമുറുക്കി. പാർട്ടി വീണ്ടും വി എസ് പക്ഷത്തിന് കനത്ത പ്രഹരം നൽകി. അങ്ങനെ ഇരട്ടനീതിയുടെ പ്രഹരമേറ്റ് ഒരു വി എസ് അനുഭാവി കൂടി രക്തസാക്ഷിയായി.

പാർട്ടിയുടെ സാധാരണ പ്രവർത്തകയെങ്കിലും പ്രതിഭാ ഹരിയുടെ ഉന്നതബന്ധങ്ങൾക്ക് മുന്നിൽ സിപിഎമ്മിലെ പഴയ പുലികൾ വെന്തുവെണ്ണീറായെന്നു തന്നെ പറയാം. സി പി എമ്മിലെ ഇരട്ടനീതിയുടെ പ്രഹരമേറ്റ മറ്റൊരു ഇരയാണ് അഡ്വ. സി എസ് സുജാത. പാർട്ടിയിലെ പെൺപുലിയെന്ന് അറിയപ്പെട്ടിരുന്ന സി എസ് സുജാതയെയും മറികടന്നാണ് പ്രതിഭ സ്ഥാനാർത്ഥി പട്ടികയിൽ കടന്നുകൂടിയത്.

പ്രതിഭയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ തെളിഞ്ഞത് ജി സുധാകരന്റെ പാർട്ടിയിലെ മേധാവിത്വം തന്നെയാണ്. മാത്രമല്ല ഇഷ്ടപ്പെട്ടവരെ വാനോളം ഉയർത്താനും അനിഷ്ടക്കാരെ പാതാളത്തിലേക്ക് താഴ്‌ത്താനും സുധാകരനുള്ള വൈദഗ്ധ്യമാണ് ഇവിടെ വിജയം കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെത്തന്നെ പ്രതിഭ സുധാകരന്റെ അനുസരണയുള്ള കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ അമ്പലപ്പുഴയിൽ നിന്നും സ്വയം മാറിക്കൊടുത്തും പ്രതിഭയെ മൽസരിപ്പിക്കാൻ ജിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ മാറിനിന്നാൽ അമ്പലപ്പുഴ കൈവിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ടായതാണ് ജിക്ക് പിന്നെയും ദൗത്യം ഏറ്റെടുക്കേണ്ടിവന്നത്.

വി എസ്സിന് സീറ്റുനൽകുമ്പോൾ ഒപ്പമുള്ളവരെ ഒതുക്കുകയെന്ന അജണ്ടയാണ് കായംകുളത്തും നേതൃത്വം നടപ്പിലാക്കിയത്. എറാണാകുളത്ത് ചന്ദ്രൻപിള്ളയെയും കൊല്ലത്ത് ഗുരുദാസനെയും ഒതുക്കിയ അതേ കളി കായംകുളത്തും അരങ്ങേറിയെന്നുതന്നെ പറയാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രതിഭയുടെ റോൾ പരാജയമായിരുന്നു. ഭരണത്തിന്റെ തുടക്കത്തിൽത്തന്നെ വിവാദങ്ങളുടെ കുത്തൊഴുക്കിലായിരുന്നു ജില്ലാ പഞ്ചായത്ത്. ഇത് പ്രതിപക്ഷവുമായി അല്ലായിരുന്നുവെന്നതാണ് ഏറെ വിചിത്രമാകുന്നത്. സ്വന്തം ഘടകകക്ഷിയായ സിപിഐയോട് പൊരുതിയാണ് പ്രതിഭ ഭരണം മുന്നോട്ടു കൊണ്ടുപോയത്.

ജില്ലാ പഞ്ചായത്തിന്റെ ബഹൃത്പദ്ധതിയായ ജെൻഡർ പാർക്ക് അഴിമതിയിൽ ഇപ്പോഴും സെക്രട്ടറിയടക്കം വിജിലൻസ് കേസ് നേരിടുകയാണ്. സർക്കാർ നാലുകോടിക്ക് വാങ്ങാൻ അനുമതി നൽകിയ കെട്ടിടം അഞ്ചര കോടിക്ക് വാങ്ങി മികവ് കാട്ടിയ ആളാണ് പ്രതിഭ. പക്ഷെ ഇടപാടിൽ അഴിമതി ആരോപിച്ച് സിപിഐ തന്നെ വിവാദത്തിന് തിരികൊളുത്തിയപ്പോൾ നീണ്ട നാലുവർഷത്തോളം പാർക്കിന്റെ ഉദ്ഘാടനം അനന്തമായി നീണ്ടു. ഒടുവിൽ സിപിഐയെ ഉപേക്ഷിച്ച് ഭരണത്തിന്റെ അവസാന നാളുകളിൽ പാർക്കിന്റെ ഉദ്ഘാടനം നടത്തി പ്രതിഭ തടിയൂരി. എന്നാൽ ഈ നടപടിക്കെതിരെ സിപിഐ, സി പി എമ്മിന് പരാതി നൽകിയെങ്കിലും മുഖവിലയ്ക്കെടുത്തില്ല.

ഇപ്പോൾ അവസരം മുതലാക്കി കായംകുളത്തെ പത്തീയൂർ സ്വദേശിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തമ്പി മേട്ടുതറ അടക്കമുള്ളവരുടെ നിലപാടുകളായിരിക്കും പ്രതിഭയുടെ വിജയം നിശ്ചയിക്കുന്നത്. പാളയത്തിൽ തന്നെ കനത്ത പട നിലനിൽക്കുമ്പോൾ സി എസ് സുജാതയും സി കെയും പ്രതിഭയെ എത്രത്തോളം സഹായിക്കുമെന്നും കണ്ടറിയണം. കോൺഗ്രസിലെ യുവ നേതാവ് എം ലിജുവും മാവേലിക്കരയിൽനിന്നും നാലു തവണ നിയമസഭയിലെത്തിയ എം മുരളിയുമാണ് കായംകുളത്തു പരിഗണിച്ചുവരുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഇവർ രണ്ടുപേരും മണ്ഡലത്തിൽ നല്ല വേരോട്ടമുള്ളവരാണ്. പ്രതിഭയ്ക്ക് നേരിടേണ്ടിവരുന്ന എതിരാളിയെ മാത്രമല്ല സ്വന്തം പാർട്ടിയിലെ ശത്രുക്കളെയും ഒതുക്കേണ്ടിവരുന്നമെന്ന് തീർച്ച.