തിരുവനന്തപുരം: സർഗാത്മകമായ കാൽപെരുമാറ്റം കൊണ്ട് കാൽപന്തു കളിയിൽ പുതിയ ചരിത്രം രചിക്കാൻ ടെക്‌നോപാർക്കിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ചിട്ടുള്ള 'പ്രതിധ്വനി സെവൻസ്.  ടെക്‌നോപാർകിലെ ആദ്യ സെവൻസ് ഫുട്‌ബോൾ  ടൂർണമെന്റിനു മുന്നോടിയായുള്ള ട്രോഫി പ്രകാശനവും ബൈക്ക്  റാലിയും നടത്തി.

ട്രോഫി പ്രകാശന ചടങ്ങിനു മുഖ്യ അതിഥിയായി എത്തിയ കേരളത്തിന്റെ മുൻ താരവും കേരളത്തിന് സന്തോഷ് ട്രോഫി നേടി തന്ന ക്യാപ്റ്റനും ആയ സിൽവെസ്‌റ്റെർ ഇഗ്‌നേഷ്യസ്  ടീം അംഗംങ്ങളുടെയും ടെക്‌നോപാർക്കിലെ  കായികപ്രേമികളുടെ സാന്നിദ്ധ്യത്തിൽ ട്രോഫി പ്രകാശനം നടത്തി.

തുടർന്നു 48 ടീമിലെയും ക്യാപ്റ്റന്മാർ ഫുട്‌ബോളിൽ ഒപ്പിടുകയും ചെയ്തു. ചടങ്ങിൽ എല്ലാ ടീമംഗങ്ങളും അവരവരുടെ ജേഴ്‌സി ധരിച്ചു കൊണ്ടു സന്നിഹിതരായിരുന്നു. പ്രതിധ്വനി സെവൻസ് ടൂർണമെന്റിന്റെ ജനറൽ  കൺവീനർ രജിത്ത് എ പി , ചെയർമാൻ ശിവശങ്കർ, പ്രതിധ്വനി പ്രസിഡന്റ് ബിജുമോൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ടെക്‌നോപാർക്ക് 'എം സ്‌ക്വയർ  എം2 കഫെ'യിൽ വച്ചായിരുന്നു ചടങ്ങ്.   ഇഗ്‌നേഷ്യസ്‌നുള്ള പ്രതിധ്വനിയുടെ ഉപഹാരം ജിനു ജോസ് നൽകി.

ട്രോഫി പ്രകാശന ചടങ്ങിനു ശേഷം 48  ടീമിന്റെ ക്യാപ്റ്റന്മാരും  കളിക്കാരും ഫുട്‌ബോൾ പ്രേമികളും ഇഗ്‌നേഷ്യസിനൊപ്പം   ചെണ്ട മേളത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ട്രോഫിയുമായി  ടെക്‌നോപാർക്കിൽ ബൈക്ക് റാലി  നടത്തി.  എം സ്‌ക്വയർ പരിസരത്ത് നിന്നും ആരംഭിച്ച റാലി  ഗായത്രി, നെയ്യാർ, തേജസ്വിനി, ഭവാനി, പമ്പ, പെരിയാർ, ചന്ദ്രഗിരി, ക്വെസ്റ്റ് ഗ്ലോബൽ, നിള എന്നീ  കെട്ടിടങ്ങളിലൂടെ ടൂർണമെന്റ് നടക്കുന്ന ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ സമാപിച്ചു.

ടെക്‌നോപാർക്കിനകത്തെ  42  കമ്പനികളിൽ നിന്നുമായി  48 ടീമുകളാണ്  സെവൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 64 കളികളുള്ള ഈ പ്രതിധ്വനി സെവൻസ് ടൂർണമെന്റിന്റെ ആദ്യ മത്സരം ഇന്നു രാവിലെ 6.30 തുടങ്ങും. ടൂർണമെന്റ് ജൂൺ രണ്ടാം വാരം സമാപിക്കും.