തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി [PES 2015] പ്രാവർത്തികമാക്കി.   പ്ലസ്1 പ്ലസ്2 കാലയളവിൽ മാസം ആയിരം  രൂപ വച്ച് ഇരുപത്തിനാലായിരം രൂപ നൽകുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ്  പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്. ആദ്യ ഘട്ടത്തിൽ  50 കുട്ടികൾക്കാണ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകിയത്. ആദ്യ ഘട്ടത്തിന് ശേഷം  കൂടുതൽ സ്‌പോൻസർഷിപ്പ്  കിട്ടിയതുകൊണ്ട്  30 കുട്ടികൾക്ക് കൂടി നല്കാൻ പ്രതിധ്വനി തീരുമാനിച്ചു.

പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് രണ്ടാം ഘട്ടത്തിന്റെ  ഔപചാരികമായ ഉദ്ഘാടനം ടെക്‌നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിൽ നടന്നു. ഭക്ഷ്യ സുരക്ഷ കമ്മിഷനെർ ടി വി അനുപമ IAS ആണ്  PES 2015 ന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ടെക്‌നോപാർക്ക് സി ഇ ഒ  ഗിരീഷ് ബാബു മുഖ്യ അതിഥി ആയിരുന്നു.

ടി വി അനുപമ, സി ഇ ഒ. ഗിരീഷ് ബാബു, സ്‌പോൻസർമാരായ  അജിത് നായർ,  ഡയാന, വിശാഖ്, സുനിൽ രാജ് എന്നിവർ ചേർന്ന് ആദ്യ ഗഡുവായ 9000 രൂപയുടെ ചെക്ക് [ആദ്യ 9 മാസത്തെക്കുള്ളത് ]  വിദ്യാർത്ഥികൾക്ക് കൈമാറി.  രണ്ടാം ഘട്ടത്തിൽ  തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. . തുടർന്ന് സംസാരിച്ച അനുപമ IAS ഐ ടി  മേഖലയിലെ ജോലി സാമൂഹ്യ പ്രതിബദ്ധത കാണിക്കുന്നതിന് ഒരു തടസ്സമല്ലെന്നും ഭക്ഷ്യ സുരക്ഷയുമായും ബന്ധപെട്ടു ബന്ധപെട്ടു പ്രതിധ്വനി നടത്തിയ പ്രവർത്തനങ്ങളും മറ്റു സാമൂഹ്യ  പ്രവർത്തനങ്ങളെല്ലാം മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തുടർന്നും ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ നടത്തുന്നതിനായി ആശംസകളും സഹായവും അറിയിച്ചു.

ഓരോ വിദ്യാർത്ഥികൾക്കുമുള്ള  ആകെ സ്‌കോളർഷിപ്പ് തുകയായ 24,000 രൂപയിൽ ബാക്കിയുള്ള തുക 3 മാസത്തിലൊരിക്കൽ അതാത് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും. ചടങ്ങിൽ പ്രതിധ്വനി എക്‌സിക്കുട്ടീവ് മെമ്പർ വിനീത്ചന്ദ്രൻ  അധ്യക്ഷൻ ആയിരുന്നു.  PES2015 കൺവീനർ വിനീഷ്  തലേതൊടി സ്വാഗതവും പ്രതിധ്വനി സെക്രട്ടറി രാജീവ്കൃഷ്ണൻ  നന്ദിയും പറഞ്ഞു. പ്രതിധ്വനി പ്രസിഡന്റ്  ബിജുമോൻ വിദ്യാർത്ഥികളെ സ്‌കോളർഷിപ്പ് തുക കൈമാറുന്നതിനായി വേദിയിലേക്ക് ക്ഷണിച്ചു, ട്രെഷറർ റനീഷ് എ ആർ പ്രതിധ്വനിയുടെ ഉപഹാരം അനുപമ I A S നു ചടങ്ങിൽ കൈമാറി.

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ വാങ്ങിയ തിരുവനന്തപുരം ജില്ലയിലെ BPL കുടുംബത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളിൽ നിന്ന് പത്ര പരസ്യങ്ങളിലൂടെയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചത്. 154 അപേക്ഷകരിൽ  117 യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് ഇപ്പോൾ സ്‌കോളർഷിപ്പ് നൽകിയത്.  25 പേർക്ക് സഹായം നൽകുവാനാണ് ആദ്യ ഘട്ടത്തിൽ ഉദ്ദേശിച്ചിരിന്നതെങ്കിലും  ആദ്യ ഘട്ടത്തിൽ  50 വിദ്യാർത്ഥികൾക്കും തുടർന്ന് ഇപ്പോൾ 30 വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നല്കുവാനുള്ള സ്‌പോൺസർമാരെ കണ്ടെത്താൻ പ്രതിധ്വനിക്കു കഴിഞ്ഞു.

ആദ്യ ഘട്ടത്തിൽ 50 പേർക്കുള്ള സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം നിർവഹിച്ചത് പി  വിജയൻ IPS ആയിരുന്നു അതെ ചടങ്ങിൽ വച്ചു തന്നെ ടെക്‌നോപാർക്ക് സി ഇ ഒ ഗിരീഷ് ബാബു പ്രതിധ്വനി സ്‌കോളർഷിപ്പ് പദ്ധതി യിലേക്ക് ടെക്‌നോപാർക്കിന്റെ സഹായം പ്രഖ്യാപിക്കുകയും പിന്നീടു നല്കുകയും ചെയ്തു.

സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി പ്രതിധ്വനി വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥികളുടെയും ഉന്നത വിദ്യാഭ്യാസ സഹായത്തിനായി വെക്കേഷൻ സമയത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ സഹായത്തോടെ ഈ കുട്ടികൾക്ക് ക്ലാസ്സുകളും സംഘടിക്കുവാനും പ്രതിധ്വനി തീരുമാനിച്ചിട്ടുണ്ട്.

ഇത്രയും മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിധ്വനിയുമായി സഹകരിച്ച  ടെക്‌നോപാർക്കിനും എല്ലാ ടെക്‌നോപാർക്ക് ജീവനക്കാർക്കും പ്രതിധ്വനി ചടങ്ങിൽ നന്ദി അറിയിച്ചു.