മുംബൈ: ആത്മഹത്യ ചെയ്ത ടെലിവിഷൻ താരം പ്രത്യുഷ ബാനർജിയുടെ കാമുകൻ രാഹുൽ രാജ് സിങ് ഗുരുതരാവസ്ഥയിൽ. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രത്യുഷയുടെ മരണത്തിന് കാരണക്കാരൻ കാമുകൻ രാഹുൽ ആണെന്ന് കുടുംബക്കാർ ആരോപിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് ചോദ്യം ചെയ്യൽ. ഇതിന് ശേഷമാണ് രാഹുൽ അസുഖ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.

പതിനാല് മണിക്കൂറോളം രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിന്നും അലറിവിളിച്ചുകൊണ്ടാണ് രാഹുൽ പുറത്തുവന്നത്. മുംബൈ കാന്തിവ്‌ലിയിലെ ശ്രീസായി ഹോസ്പിറ്റലിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. നെഞ്ചുവേദനയും ഉയർന്ന രക്തസമ്മർദവുമാണ് രാഹുലിനെന്ന് ആശുപത്രിവൃത്തങ്ങള്ൾ പറയുന്നു.ഒരു മകളുടെ നഷ്ടത്തിന്റെ വേദനയിലാണ് ഞങ്ങൾ, ഇപ്പോൾ എന്റെ മകനും മരണത്തോട് മല്ലിടുകയാണ്. മകളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക, മകന്റെ ആരോഗ്യത്തിന് വേണ്ടിയും. രാഹുലിന്റെ പിതാവ് അറിയിച്ചു.

രാഹുലിന്റെയും പ്രത്യുഷയുടെയും ബന്ധം വഷളായതാണു മരണത്തിനുകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പ്രത്യുഷയെ ഇയാൾ പലവട്ടം പരസ്യമായി മർദിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ആത്മഹത്യയുടെ തലേന്നുരാത്രി ഫ്‌ലാറ്റിൽനിന്നു പ്രത്യുഷയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടതായി അയൽക്കാർ പറയുന്നു. ഗോരെഗാവ് വെസ്റ്റ് ബാംഗർ നഗറിലെ 'അറ്റ് ഹാർമണി' ഫ്‌ലാറ്റിൽ വെള്ളിയാഴ്ച വൈകിട്ടാണു പ്രത്യുഷയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

അതിനിടെ പ്രത്യുഷ ബാനർജി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാഹുൽ രാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. രാഹുലിനെതിരെ പ്രത്യുഷ ബാനർജിയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തത്. അതിനിടെ പ്രത്യുഷയുടെ മാതാവ് സോമയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

ആശുപത്രി വിട്ടാൽ ഉടൻ രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെയിലാണ് രാഹുൽ ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. പ്രത്യുഷയുടെ സുഹൃത്തുക്കളടക്കം പന്ത്രണ്ടോളം പേരുടെ മൊഴിയാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്. പ്രത്യുഷയ്ക്കും രാഹുലിനുമിടയിൽ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്നും, ഒരിക്കൽ ആളുകൾക്ക് മുൻപിലിട്ട് രാഹുൽ പ്രത്യുഷയെ പരസ്യമായി മർദ്ദിച്ചിരുന്നുവെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രത്യുഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പ്രണയ തകർച്ചയെ തുടർന്ന് കടുത്ത നിരാശയിലായിരുന്ന പ്രത്യുഷ കാമുകനുമായുള്ള പ്രശ്‌നങ്ങൾ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നു. മരിക്കുന്നതിന് മുമ്പുള്ള പ്രത്യുഷയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 'മരണത്തിന് ശേഷവും നിന്നിൽ നിന്നും ഞാൻ മുഖം തിരിക്കില്ല' എന്ന് ഒരു സ്‌മൈലി ചിഹ്നത്തോടൊപ്പമായിരുന്നു പ്രത്യുഷയുടെ അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ്. മരിക്കാനുള്ള തീരുമാനം പ്രത്യുഷ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് വിലയിരുത്തുന്നത്.

അതിനിടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രത്യുഷ ബാനർജി സിന്ദൂരം തൊട്ടിരുന്നതായി വിവരവും പുറത്തുവന്നു. വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രമുഖ സീരിയൽ താരമായ പ്രത്യുഷ ജീവനൊടുക്കിയത്. 24കാരിയായ പ്രത്യുഷ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പങ്കെടുത്ത പാർട്ടികളിലും മറ്റും സിന്ദൂരം അണിഞ്ഞാണ് കാണപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. കാമുകൻ രാഹുൽ രാജ് സിംഗുമായി വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് പ്രത്യുഷ ജീവനൊടുക്കിയത്. ഇതിനിടയിലാണ് പ്രത്യുഷ സിന്ദൂരം തൊട്ടിരുന്നതായുള്ള അഭ്യൂഹം പടരുന്നത്. ഈ സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗർഗോണിലെ വീട്ടിൽ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങാനുള്ള പ്രത്യുഷയുടെ ശ്രമത്തെ തുടർന്ന് വീട്ടുകാർ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനപ്രിയ സീരിയൽ ബാലികാ വധുവിലെ ആനന്ദി എന്ന കഥാപാത്രത്തോടെയാണ് പ്രത്യുഷ ശ്രദ്ധ നേടിയത്.