ജിദ്ദ: യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് ആരോഗ്യ രംഗത്ത് കൂടുതൽ അവസരം സൃഷ്ടിക്കാനുള്ള നടപടികൾ സൗദി അറേബ്യ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ പത്ത് വർഷം പിന്നിട്ട പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ പുതുക്കുന്നത് ഇനി മുതൽ കർശന ഉപാധികളോടെ മാത്രം. ഇക്കാര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ചു സർക്കുലർ സൗദി ആരോഗ്യ മന്ത്രാലയം പ്രവിശ്യകളിലെയും ഉപതലങ്ങളിലെയും മേധാവികൾക്ക് അയച്ചു കഴിഞ്ഞു. മാനവ വിഭവ കാര്യങ്ങൾക്കുള്ള ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽഐബാൻ ആണ് സർക്കുലർ അയച്ചത്.

രാജ്യത്ത് പത്ത് വർഷം സേവനം പൂർത്തിയാക്കിയ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കരാർ പുതുക്കുന്നത് അവരുടെ സവിശേഷ യോഗ്യതയും ആവശ്യകതയും പരിഗണിച്ചു കൊണ്ട് മാത്രമായിരിക്കുമെന്നതാണ് പ്രധാന ഉപാധി. പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ പ്രവാസികളായ ആരോഗ്യ പ്രവർത്തകരിൽ വളരെ വിരളമായ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലുള്ളവരുടെ സേവനം രാജ്യത്തിന് അനിവാര്യമാണെങ്കിൽ മാത്രമേ അവരുടെ തൊഴിൽ കരാർ പുതുക്കാവൂ. അപൂർവ സ്‌പെഷ്യലിസ്റ്റ് തസ്തിക സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. അപൂർവ സാഹചര്യത്തിൽ സർക്കാർ സ്ഥാപനത്തിലെ പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ പുതുക്കുന്നതിനുള്ള മറ്റു മാനദണ്ഡങ്ങളും സ്വകാര്യ മേഖലയിലും ബാധകമായിരിക്കും.

സേവനം അനിവാര്യമായ ജീവനക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ മാനവ വിഭവ വിഭാഗത്തിന് സ്വന്തമായി അനുമതി നൽകാനുമാവില്ല. അതിനുള്ള അനുമതി നൽകാനുള്ള അധികാരം ആരോഗ്യ വകുപ്പിന്റെ പ്രവിശ്യാ മേധാവിക്കോ ആരോഗ്യ സമുച്ഛയങ്ങളുടെ മേധാവിക്കോ തത്തുല്യ പദവിയിലുള്ളവർക്കോ മാത്രമായിരിക്കുമെന്നും സർക്കുലർ വിശദീകരിച്ചു.

പ്രവാസികളുടെ തൊഴിൽ കരാറിന്റെ കാലപരിധി പത്ത് വർഷത്തിൽ കവിയരുതെന്ന തീരുമാനം സർക്കാർ മേഖലയിൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സൗദി മന്ത്രിസഭ കൈക്കൊണ്ടിരുന്നു. ഇപ്പോൾ സ്വകാര്യ മേഖലയിലും ഇക്കാര്യം കർശനമായി നടപ്പാക്കുകയാണ്. തൊഴിലന്വേഷകരായ സൗദി യുവതീ യുവാക്കൾക്ക് കൂടുതൽ അനുയോജ്യമായ തൊഴിലവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇതിലൂടെ ഡോക്ടർമാർ ഉൾപ്പെടെ സൗദിയിലെ ആരോഗ്യ മേഖലയിൽ നിരവധി വർഷങ്ങളായി ജാലി ചെയ്തു വരുന്ന ഒട്ടേറെ ഇന്ത്യക്കാർക്കും തൊഴിൽ പ്രതിസന്ധി രൂപപ്പെടും.