തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പുവരുത്താനും കെ എൻ ബാലഗോപാലിന്റെ ബജറ്റ് പദ്ധതികൾ. പ്രവാസികൾക്കായി കൂടുതൽ തുക നീക്കിവച്ചാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ബാലഗോപാൽ അവതരിപ്പിച്ചത്.

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ വിശദീകരിച്ചു.

കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തി. ഇതിൽ മിക്കവർക്കും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീം. പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി പറയുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പുതിയ ജീവനോപാധികൾ കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തിൽ 100 കോടിയാക്കി വർധിപ്പിച്ചിട്ടുണ്ട്.

വനിതാ സംഘകൃഷി ഗ്രൂപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് കാർഷിക മൂല്യവർധിത ഉത്പന്ന യൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഈ വർഷം 10,000 ഓക്സിലറി അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും.

വിഷരഹിത നാടൻ പച്ചക്കറി, പഴവർഗങ്ങൾ എന്നിവ കൃഷിചെയ്യുന്ന കർഷകരിൽനിന്ന് ഉത്പന്നങ്ങൾ സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പ നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുമ്പോൾ രണ്ട് മുതൽ മൂന്ന് ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.