ഖത്തറിലേക്കുള്ള പ്രവാസികളുടെ വരവും പോക്കും നിയന്ത്രിക്കുവാനുള്ള പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബറിൽ നടപ്പിലാക്കും. ഇലക്ട്രോണിക് രൂപത്തിൽ നിയമം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം വിവിധ ഭരണനിർവഹണ, വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പൂർത്തിയാക്കി കഴിഞ്ഞു. നിയമം പ്രാബല്യത്തിലാവുന്നതോടെ തൊഴിൽ കരാറിൽ ഒപ്പിട്ട ശേഷം മാത്രമെ പ്രവാസികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കുവാൻ കഴിയൂ.

പ്രവാസികൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് പുതിയ സ്പോൺസർഷിപ്പ് നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിലവിൽ, ജോലി നിർത്തി പോകുന്ന പ്രവാസിക്ക് പിന്നീട് രണ്ടു വർഷം കഴിഞ്ഞു മാത്രമെ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. എന്നാൽ പുതിയ നിയമം അനുസരിച്ച്, വിസ പോലുള്ള മറ്റു വ്യവസ്ഥകൾ പൂർത്തിയാക്കിയതാണെങ്കിൽ നാട്ടിലേക്ക് മടങ്ങിയതിന്റെ അടുത്ത ദിവസം തന്നെ രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയൂ. രണ്ടു വർഷത്തെ വിലക്കിന് കാരണമായ സ്പോൺസർഷിപ്പ് (കഫാല) സംവിധാനത്തെ ഇല്ലാതാക്കി കൊണ്ടുള്ള നിയമമാണ് പുതിയത്. അതുകൊണ്ടുതന്നെ, പുതിയ തൊഴിൽ കരാർ ലഭിച്ചാൽ രാജ്യത്തേക്ക് തിരികെ വരണമെങ്കിൽ മുൻ സ്പോൺസറുടെ അനുമതിയുടെ ആവശ്യവും ഇല്ലാതാകും.

രാജ്യത്തുനിന്നും പുറത്ത് പോകുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് സംവിധാനവും പുതിയനിയമം വരുന്നതോടെ ഇല്ലാതാകും. നിലവിൽ, തൊഴിലുടമയുടെ അറിവോടെ മാത്രമെ തൊഴിലാളിക്ക് രാജ്യം വിടാനാകൂ. തൊഴിലാളിയെ തടയാനുള്ള അവകാശവും തൊഴിലുടമയ്ക്കില്ല. അതേസമയം, പുതിയ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയുടെ അപേക്ഷ കോടതി നിരസിട്ടുണ്ടെങ്കിൽ നാലുവർഷം കഴിയാതെ തിരികെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല.

കോടതിയുത്തരവ് അനുസരിച്ച് സ്വദേശത്തേക്ക് മടക്കി അയയ്ക്കപ്പെട്ട വ്യക്തിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രാജ്യത്തേക്ക് മടങ്ങിവരാനും സാധിക്കില്ല. പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിർണയിക്കുന്ന പ്രധാന രേഖയാണ് തൊഴിൽ കരാർ. തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളം, മറ്റ് ആനൂകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് പൂർണവിവരങ്ങൾ കരാറിൽ ഉണ്ടായിരിക്കണം. ഇരുകൂട്ടരും ഒപ്പുവച്ച കരാറിലെ കാലാവധി തൊഴിലാളി പൂർത്തിയാക്കിയിരിക്കണം. തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച കരാർ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരവും നേടിയിരിക്കണം.

പുതിയനിയമം പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ കഫാല സംവിധാനവും എക്സിറ്റ് പെർമിറ്റ് സംവിധാനവും ഇല്ലാതാകുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ. മാത്രമല്ല നിലവിലെ ജോലിയിൽ നിന്ന് കൂടുതൽ സാധ്യതകളും സാമ്പത്തികമെച്ചവുമുള്ള പുതിയ ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരവും പുതിയ നിയമം നൽകുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതിനു മുൻപ് നിയമം സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടികൾ പ്രാദേശിക, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തും.