ന്യൂഡൽഹി: മലയാളിത്തിളക്കത്തിൽ പ്രവാസി ഭാരതീയ പുരസ്‌കാര വിതരണച്ചടങ്ങ്.ഇത്തവണ വിതരണം ചെയ്ത 26 വ്യക്തിഗത പുരസ്‌കാരങ്ങളിൽ 4 എണ്ണം ഏറ്റുവാങ്ങിയത് മലയാളികളാണ്. ന്യൂസീലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ, ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൗദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്‌റൈനിലെ വ്യവ സായി കെ.ജി. ബാബുരാജൻ എന്നിവരാണ് രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാ ങ്ങിയത്.26 വ്യക്തികൾക്കും 4 സംഘടനകൾക്കുമാണ് ഇത്തവണ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ചത്.

ന്യൂസീലൻഡിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണൻ എറണാകുളം വടക്കൻ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണന്റെയും പരേതയായ ഉഷയുടെയും മകളാണ്. മദിരാശി കേരള സമാജം സ്ഥാപക പ്രസിഡന്റായിരുന്ന, പാലക്കാട് ചിറ്റൂർ സ്വദേശി ഡോ.സി. ആർ. കൃഷ്ണപിള്ളയുടെ മകൾ ദേവകിയുടെയും ഡോ. സി.ആർ.ആർ. പിള്ളയുടെയും മകളാണ് പ്രിയങ്കയുടെ അമ്മ ഉഷ.

കൊച്ചി സ്വദേശിയായ ഡോ. മോഹൻ തോമസ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസസിൽ (എയിംസ്) നിന്നു സ്വർണമെഡലോടെയാണ് എംഎസ് ഇഎൻടി നേടിയത്. മികച്ച വിദ്യാർത്ഥിക്കുള്ള കമാനി ട്രസ്റ്റ് പുരസ്‌കാരവും നേടിയിരുന്നു. ഖത്തർ ബിർല പബ്ലിക് സ്‌കൂൾ ചെയർമാനാണ്.

പാലക്കാട് മങ്കട പനന്തറ കുടുംബാംഗമായ ഡോ. സിദ്ദീഖ് അഹമ്മദ്, സൗദിയിലെ ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഗ്രൂപ്പിനു കീഴിൽ 16 രാജ്യങ്ങളിലായി 40 കമ്പനികളുണ്ട്. പവർ ഇലക്ട്രോണിക്‌സ് രംഗത്ത് മധ്യപൂർവദേശത്തെ ആദ്യ ഫാക്ടറി സ്ഥാപിച്ച സിദ്ദീഖ് അഹ മ്മദ്, സൗദിയിൽ വിദേശ ഉടമസ്ഥതയിൽ ഏറ്റവുമധികം കമ്പനികളുള്ള വ്യക്തിയാണ്.

ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജൻ തിരുവല്ലയ്ക്കടുത്ത് കുറ്റൂർ സ്വദേശിയാണ്. സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ചുള്ള കിങ് ഹമദ് കോസ്വേ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളിൽ പ്രവർത്തിച്ചു. വാവ ഡ്രഗ്‌സ് ആൻഡ് ഫാർസ്യൂട്ടിക്കൽസിന്റെ മാനേജിങ് ഡയറക്ടറാണ്.

ഇവർക്കുപുറമെ ഡച്ച് കരീബിയൻ മേഖലയിലെ ദ്വീപു രാജ്യമായ കുറസോയുടെ പ്രധാനമന്ത്രി യൂജിൻ റുഗെനാത്, സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സന്തോഖി എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.