ഷിക്കാഗോ: പതിനാലാമത് പ്രവാസി ഭാരതീയ ദിനാഘോഷം ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ സമുചിതമായി ആഘോഷിച്ചു.

2003-ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയദിനമായി ആഘോഷിക്കാൻ തിരുമാനിച്ചത്. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ പ്രവാസി ഭാരതീയദിനമായി ആഘോഷിച്ചുവരുന്നത്.

മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയ ദിവസം എന്ന നിലയിലാണ് ജനുവരി ഒമ്പത് പ്രവാസി ദിനമായി ആഘോഷിച്ചുവരുന്നത്.

ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ആസിഫ് സയ്ദ് വിളിച്ചുചേർത്ത യോഗത്തിൽ, ഇന്ത്യൻസമൂഹത്തെ പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു.

മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് മുൻ പ്രവാസി ഭാരതീയ അവാർഡ് ജേതാവ് ഡോ. എം. അനിരുദ്ധൻ, സണ്ണി വള്ളിക്കളം (ഫോമ റീജണൽ പ്രസിഡന്റ്), ഫിലിപ്പ് ലൂക്കോസ് പുത്തൻപുരയിൽ (ഷിക്കാഗോ മലയാളി അസോസിയേഷൻ ജോ. ട്രഷറർ), സോളി ലൂക്കോസ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.

ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെ വൈസ് കോൺസുലേറ്റിനെ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിൽ കാണുന്നതിനു സൗകര്യമുണ്ടായിരിക്കും. കൂടാതെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ എല്ലാ ഫോൺകോളുകൾക്കും മറുപടി ലഭിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡോ. ആസിഫ് സയ്ദ് വിശദീകരിച്ചു.