കുവൈറ്റ്: തൃശൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ദേശമംഗലം തലശ്ശേരി ചരുവിൽ പീടികയിൽ ഹസൻകുട്ടി (45) ആണ് മരിച്ചത്. ജഹ്റയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. നെഞ്ചുവേദന അനുഭവപെട്ടതിനെ തുടർന്ന് ജഹ്റ ഹോസ്പിറ്റലിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

ഷാഹിദയാണ് ഭാര്യ. 17 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 11 മാസം മുൻപാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. എന്നാൽ അവധി കിട്ടാത്തതിനെ തുടർന്ന് ആദ്യ കുഞ്ഞിനെ കാണാൻ പോലും ഹസൻകുട്ടിക്ക് സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണാൻ നാട്ടിൽ പോകാനിരിക്കെയാണ് ഹസൻകുട്ടിയെമരണം കവർന്നത്. മുഹമ്മദ് അമീൻ എന്നാണ് മകന്റെ പേര്.

ഒൻപത് വർഷം മുൻപ് കുവൈറ്റിലെത്തിയ ഹസൻകുട്ടി മൂന്ന് വർഷം ജോലി ചെയ്ത ശേഷം സൗദിയിലേക്ക് പോകുകയും അഞ്ച് വർഷം അവിടെ ജോലി നോക്കുകയുമായിരുന്നു. ഒരു വർഷം മുൻപാണ് വീണ്ടും കുവൈറ്റിലെത്തിയത്. ഖദീജയാണ് മാതാവ്. ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷാനവാസ് ആണ് സഹോദരൻ.