കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് സർവ്വീസ് നടത്തുന്ന കമ്പനികളുടെ അമിത ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്ന് പ്രവാസി ഫോറം കേരള സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കേറ്റ് നിരക്കിനേക്കാൾ മൂന്ന് ഇരട്ടിയോളമാണ് കോഴിക്കോട് നിന്നും വിമാനകമ്പനികൾ ഈടാക്കുന്നത്. മലബാർ മേഖലയിലെ പ്രവാസികളെ കൊള്ളയിടിക്കുന്ന വിമാനകമ്പനികളുടെ ചൂഷണത്തിനെതിരെ സർക്കാർ മൗനം പാലിക്കുകയാണ്.

കോഴിക്കോട് വിമാനത്താവളത്തിന്റെ നവീകരണത്തോട് അനുബന്ധിച്ച് ആറുമാസമായി പല സ്വകാര്യ കാമ്പനികളും സർവ്വീസ് നടത്തുന്നില്ല. എയർ ഇന്ത്യ എക്സ്‌പ്രസാണ് കോഴിക്കോട് നിന്നുള്ള ഭൂരിഭാഗം വിദേശത്തേക്ക്  സർവ്വീസ് നടത്തുന്നത്. യാത്രക്കാരുടെ വർദ്ധനവും വിദേശ സർവ്വീസുകളുടെ കുറവും മുതലെടുത്ത് ഇക്കൂട്ടർ നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. പ്രവാസികളിൽ നിന്ന് അമിത ചാർജ്ജ് ഈടാക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാനും ചാർജ്ജ് നിരക്ക് കുറക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാൻ സർക്കാർ മുന്നോട്ടുവരണമെന്നും സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ടി.കെ കുഞ്ഞമ്മത് ഫൈസി, സുലൈമാൻ മൗലവി, അബ്ദുൽ സലാം പറക്കാടൻ, യൂസഫ് അലനല്ലൂർ, അഷ്‌റഫ് പ്രാവചമ്പലം, അബൂബക്കർ, സലീം കരാടി, ജലീൽ കെ.കെ.പി തുടങ്ങിയവർ സംസാരിച്ചു.