പ്രവാസികൾ സൗജന്യ നിയമസഹായത്തിന് അർഹരെന്ന് കേരള ഹൈക്കോടതി. പ്രവാസികൾക്ക് നിയമസഹായത്തിനായി വ്യവസ്ഥാപിതമായ സംവിധാനമാണ് നിലവിലുള്ളതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവർക്കായി വിദേശരാജ്യങ്ങളിൽ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു പ്രവാസി ലീഗൽ സെൽ ഉൾപ്പടെ നൽകിയ ഹർജി തീർപ്പാക്കികൊണ്ട് കേരള ഹൈക്കോടതി പാസാക്കിയ വിധിന്യായത്തിലാണ് പ്രസ്തുത പരാമർശം.

പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി വേണ്ട സംവിധാനങ്ങൾ ഉണ്ടാകുന്നതിനായി കേന്ദ്ര സംസ്ഥാന സർകാരുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ മറുപടി ഫയൽ ചെയ്യുവാൻ കേരള ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർകാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. തങ്ങൾ ഫയൽ ചെയ്ത മറുപടിയിൽ സൗജന്യ നിയമ സഹായം നൽകുന്നതിനായി നിലവിലുള്ള സംവിധാങ്ങളെക്കുറിച്ചു വളരെ വിശദമായി കേന്ദ്ര കേരള സർക്കാരുകൾ പ്രതിപാദിച്ചിരുന്നു.

പ്രവാസികൾക്ക് സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ സംബന്ധവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കേസുകൾ അതത് രാജ്യങ്ങളിൽ ഫയൽ ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടേയും ഇന്ത്യൻ മിഷനുകളുടേയും സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ കമ്യൂണിറ്റി വെൽഫെയർ വിംങ്ങുകൾ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ 'മദദ് പോർട്ടൽ ' ഇ- മൈഗ്രേറ്റ് സംവിധാനം തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ നിയമ സഹായം ആവശ്യപെടാമെന്നും, നിയമ സഹായത്തിനായി എംബസികളിൽ അഭിഭാഷകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും, തൊഴിൽ പരാതികൾ ഉൾപ്പടെയുള്ള വിവിധ പരാതികൾ ശരിയാം വിധം രേഖപ്പെടുത്താൻ സാധിക്കാതെ തിരിച്ചു വരേണ്ടി വന്നവർക്ക് ഇന്ത്യയിൽ നിന്ന് 'പവർ ഓഫ് അറ്റോർണി ' നൽകി നിയമ നടപടികൾ തുടരാനാകുമെന്നും കേന്ദ്രം സത്യവാങ്ങ് മൂലത്തിലൂടെ വ്യക്തമാക്കുന്നു.തൊഴിലാളികൾ മടങ്ങിയാലും നഷ്പരിഹാരമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്കായുള്ള കേസുകൾ തുടർന്നും ഇന്ത്യൻ എംബസികൾ മുഖാന്തിരം നടത്താവുന്നതാണ്.

ലോക് ഡൗൺ കാലത്ത് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ ഇൻഷൂറൻ ഉൾപ്പടെയുള്ള എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ ബന്ധുക്കൾക്ക് ലഭിക്കുന്നതിനും മേൽപ്പറഞ്ഞ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമ സഹായം ആവശ്യമുള്ളവർക്ക് സർക്കാരിന്റെ മേൽപറഞ്ഞ സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്; മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇങ്ങനെ സമീപിക്കുന്നവർക്ക് അവശ്യമായ പിന്തുണയും സഹായവും സർക്കാറുകൾ നൽകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും വിധിന്യായത്തിൽ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

സൗജന്യ നിയമസഹായം ലഭിക്കുന്നതിനയി പ്രവാസികൾക്കു അർഹതയുണ്ട് എന്ന കോടതിയുടെ വിധിന്യായം പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കുമെന്നും ആർക്കെങ്കിലും വേണ്ട നിയമസഹായം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ വേണ്ട തുടർ നടപടികൾ സ്വീകരിക്കാൻ ഈ വിധിന്യായം സഹായിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമും, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും പറഞ്ഞു. ചീഫ് ജസ്റ്റിസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.