ഡാലസ്: 'ജനനം കേരളത്തിലാണെങ്കിൽ ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും പ്രവാസി മലയാളി'യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബർഷിപ്പ് പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകിയതായി സംഘടനയുടെ ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ ഒരു പ്രസ്താവനയിൽ അറിയിച്ചു.

ദിവസവും നൂറുകണക്കിന് ഓൺലൈൻ അംഗത്വ അപേക്ഷകളാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകൾ സൂഷ്മപരിശോധന നടത്തുന്നതിനും സ്വീകാര്യമായവർക്ക് അംഗീകാരം നൽകുന്നതിനും ഗ്ലോബൽ കോഓർഡിനേറ്റർ  ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ചുലക്ഷം അംഗങ്ങളെയെങ്കിലും രണ്ടാമത് ആഗോള സമ്മേളനത്തിനു മുമ്പായി ചേർക്കുന്നതിനാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ അംഗത്വഫീസ് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തുനടക്കുന്ന സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു തീരുമാനിക്കും.

മറുനാട്ടിലും വിദേശങ്ങളിലും താമസിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ജനിച്ചു വളർന്ന നാടിന്റെയും രാജ്യത്തിന്റെയും സാമൂഹികസാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ നടത്തുന്ന നിസ്വാർഥ സേവനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നേടിയെടുക്കുന്നതിന് പ്രവാസി മലയാളി ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണ്. ഓഗസ്റ്റ് 7,8,9 തീയതികളിൽ തിരുവനന്തപുരം പോത്തൻകോട്ടുള്ള ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം' വിജയിപ്പിക്കുന്നതിനുള്ള അമേരിക്കൻ ഐക്യനാടുകളിലെ പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ഡയറക്ടർ ബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൺ ഷീല ചെറു, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ, ന്യൂയോർക്ക് റീജിയൻ പ്രസിഡന്റ് അലെക്‌സ് മുറിക്കനാനി എന്നിവർ നേതൃത്വം നൽകും.